- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം; ന്യൂനപക്ഷേ ക്ഷേമ പദ്ധതികളുടെ നിർവ്വഹണത്തിൽ ക്രൈസ്തവ ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ല; മാറി മാറി വരുന്ന സർക്കാറുകൾ ക്രൈസ്തവരെ അന്യവത്ക്കരിക്കുന്നു; രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കത്ത്
കോട്ടയം: അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കത്ത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി മുസ്ലിം വിഭാഗം മാത്രം മാറുന്നു എന്ന് ഒരു വിഭാഗം മത മേധാവികൾ ആവർത്തിക്കുമ്പോഴാണ് ചങ്ങനാശ്ശേരി അതിരൂപത ഇത്തരമൊരു ആവശ്യവുമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.
ന്യൂനപക്ഷേ ക്ഷേമ പദ്ധതികളുടെ നിർവ്വഹണത്തിൽ ക്രൈസ്തവ ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ലെന്നാണ് കത്തിൽ രൂപത ചൂണ്ടിക്കാട്ടുന്നത്. ഇരുമുന്നണികളെയും രൂക്ഷമായി വിമർശിക്കുന്ന കത്തിൽ ക്രൈസ്തവരെ മാറി മാറി വരുന്ന സർക്കാരുകൾ അന്യവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് മന്ത്രിസഭകളിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ക്രൈസ്തവ സമൂഹം അസ്വസ്തരാണെന്ന ആമുഖത്തോടെയാണ് രാഷ്ട്രീയപാർട്ടി നേതാക്കൾക്കുള്ള കത്ത് ആരംഭിക്കുന്നത്. രണ്ട് തവണയും ഒരു പ്രത്യേക മതത്തിൽപ്പെട്ടവരാണ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളിലുള്ള വിവേചനം ഇല്ലാതാക്കാൻ അടുത്ത മന്ത്രിസഭയിൽ മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുക്കണം. സർക്കാരിന്റെ പദ്ധതികളിൽ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് കൃത്യമായ പദ്ധതികൾ വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇടതുവലതു സർക്കാരുകളെ രൂക്ഷമായി വിമർശിക്കുന്ന കത്തിൽ ക്രൈസ്തവ സമൂഹത്തെ അന്യവത്കരിക്കാനുള്ള നീക്കം നടക്കുന്നതായും കുറ്റപ്പെടുത്തുന്നു. ചങ്ങനാശ്ശേരി അതിരൂപത പബ്ലിക്ക് റിലേഷൻസ് ജാഗ്രത സമിതി യോഗം ചേർന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർക്ക് കത്തയച്ചത്.
ക്രൈസ്തവസമുദായത്തിന് അർഹതപ്പെട്ട ക്ഷേമപദ്ധതികൾ പലതും നിരന്തരം അട്ടിമറിക്കപ്പെടുന്നു എന്ന അഭിപ്രായം സഭകൾക്കിടയിൽ അടുത്തകാലത്തായി ശക്തമായത്. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ ജനസംഖ്യയുടെ 54.73 ശതമാനം ഹിന്ദുക്കളും 26.56 ശതമാനം മുസ്ലിംകളും18.38 ശതമാനം ക്രൈസ്തവരുമാണ്. ജനസംഖ്യയനുസരിച്ച് മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷപ്രാതിനിധ്യത്തിനും ക്ഷേമപദ്ധതി വിഹിതത്തിനും 59:41 അനുപാതമാണ് ലഭ്യമാകേണ്ടത്. എന്നാൽ ഈ അനുപാതം മാറിമാറി ഭരിച്ച യു.ഡി.എഫും എൽ.ഡി.എഫും നിരന്തരം അട്ടിമറിക്കുന്നു എന്നാണ് ക്രൈസ്തവ സഭകളുടെ പ്രധാന ആരോപണം.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 80:20 എന്ന അനുപാതം നീതികേടാണ്. ഈ അനുപാതം ഒരു പഠനവും നടത്താതെയാണെന്ന് 2019 ഒക്ടോബർ 14ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിരിക്കുമ്പോൾ നിലവിലെ നീതിരഹിത അനുപാതം നിർത്തലാക്കി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്ഷേമപദ്ധതികളിൽ തുല്യനീതി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും ഇവർ നേരത്തെ ആവശ്യപ്പെടുകയുണ്ടായി. വി.മദർ തെരേസ സ്കോളർഷിപ്, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് എന്നിവ കേൾക്കുമ്പോൾ ക്രൈസ്തവർക്കുള്ള പദ്ധതികളാണെന്ന് തോന്നുമെങ്കിലും ഇവയിൽപോലും 80:20 അനുപാതമാണുള്ളത്. പിന്നാക്കാവസ്ഥ മാത്രമല്ല, വളർച്ചനിരക്കിലെ കുറവുൾപ്പെടെ നിരവധി ഘടകങ്ങൾ ന്യൂനപക്ഷ ക്ഷേമപദ്ധതികൾക്ക് മാനദണ്ഡമാക്കണം. 80:20 എന്ന നീതിനിഷേധം ഉടൻ തിരുത്തണമെന്നാണ് സഭകളുടെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ