- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹണിട്രാപ്പിൽ ഗുണ്ടാ തലവനെ പിടിച്ചപ്പോൾ മൊബൈലിൽ തെളിഞ്ഞത് പൊലീസ് ബന്ധം; കസ്റ്റഡിയിലുള്ള പ്രതിയെ പുറത്താരോടും ബന്ധത്തെ കുറിച്ച് പറഞ്ഞ് നേട്ടമുണ്ടാക്കരുതെന്ന് ഭീഷണിപ്പെടുത്തി; അധികാര പരിധി വിട്ടെത്തിയത് വിനായായി; ചങ്ങനാശേരി ഡി വൈ എസ് പി അടക്കം 4 പൊലീസുകാർക്കെതിരെ നടപടി ഉടൻ
തിരുവനന്തപുരം: ചങ്ങനാശേരി ഡിവൈഎസ്‌പി അടക്കം 4 പൊലീസുകാർക്കെതിരെ നടപടി വരും. ഗുണ്ടാ ബന്ധമുണ്ടെന്നു ദക്ഷിണമേഖല ഐജിയുടെ അന്വേഷണ റിപ്പോർട്ട് ഈ ഉദ്യോഗസ്ഥർക്ക് വനിയാണ്. കോട്ടയത്തെ ഗുണ്ട അരുൺ ഗോപനുമായി ഇവർക്കു ബന്ധമുണ്ടെന്നാണ് ഐജിയുടെ നിർദ്ദേശപ്രകാരം നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്.
നിരവധി കേസുകളിൽ പ്രതിയായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണു രഹസ്യാന്വേഷണത്തിൽ വ്യക്തമായത്. ചങ്ങനാശേരി ഡിവൈ.എസ്‌പി. ശ്രീകുമാർ, സൈബർ സെൽ സിഐ: എം.ജെ. അരുൺ, ഡി.സി.ബി.ആർ.ബി. ഓഫീസിലെ എഎസ്ഐ. അരുൺകുമാർ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ. പി.എൻ. മാനോജ് എന്നിവർക്കെതിരേയാണു റിപ്പോർട്ട്. പൊലീസ് രഹസ്യങ്ങൾ ചോർത്തി നൽകി ഗുണ്ടാസംഘത്തിൽനിന്ന് പണം വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോപണം ഉയർന്നതിനെ തുടർന്ന് ഡിവൈഎസ്‌പി ഒഴികെയുള്ളവർക്കെതിരെ അന്വേഷണത്തിനു പാലാ എഎസ്‌പിയെ നിയോഗിച്ചു ഡിജിപി ഉത്തരവിട്ടു. ഡിവൈഎസ്‌പിയുടെ ഗുണ്ടാ ബന്ധം സംബന്ധിച്ചു സർക്കാർ വകുപ്പുതല അന്വേഷണം നടത്തും. ഇദ്ദേഹത്തിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തര വകുപ്പിനു കൈമാറി. കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഹണി ട്രാപ് കേസിൽ അരുൺ ഗോപനെ ഈയിടെ കസ്റ്റഡിയിൽ എടുത്തതോടെയാണു പൊലീസുമായുള്ള ബന്ധം വ്യക്തമായത്. ആരോപണ വിധേയനായ എസ്‌പി ഈ ഗുണ്ടയെ കാണാനായി രാത്രി ഈ സ്റ്റേഷനിലെത്തി. തന്റെ അധികാര പരിധിയിൽ അല്ലാത്ത സ്റ്റേഷനിൽ ഡിവൈഎസ്‌പി വന്നതു സംശയത്തിനിടയാക്കി.
സെല്ലിൽ കിടന്ന അരുൺ ഗോപനും ഡിവൈഎസ്‌പിയുമായി വാക്കേറ്റമുണ്ടായി. ഇക്കാര്യം സ്റ്റേഷനിലെ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കോട്ടയം എസ്‌പി ഡി.ശിൽപയ്ക്ക് റിപ്പോർട്ട് ചെയ്തു. എസ്‌പി അതു ദക്ഷിണ മേഖല ഐജി: പി.പ്രകാശിനു കൈമാറി. ഐജിയുടെ നിർദ്ദേശപ്രകാരം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണു ഗുണ്ടാ ബന്ധം വ്യക്തമായത്. പൊലീസ് ഗുണ്ടാ ബന്ധം അരുൺ ഗോപൻ പുറത്തു പറയുമെന്നു ഭയന്നാണോ ഡിവൈഎസ്‌പി സ്റ്റേഷനിലെത്തിയതെന്നും പരിശോധിക്കുന്നു.
കോട്ടയം ജില്ലയിലെ ഗുണ്ടാപ്പട്ടികയിലുള്ള അരുൺ ഗോപൻ അടുത്തിടെ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായിരുന്നു. കുഴൽപ്പണക്കടത്തും വധശ്രമവും ഉൾപ്പെടെ ഒട്ടേറെ കേസിലെ പ്രതിയായ ഇയാളുമായി പൊലീസ് വഴിവിട്ട അടുപ്പം പുലർത്തിയെന്നാണ് ആരോപണം. ഇയാളുടെ എതിരാളിയും കുപ്രസിദ്ധ ഗുണ്ടയുമായ അലോട്ടിയെ കഞ്ചാവു കേസിൽ രണ്ടു വർഷം മുമ്പു പിടികൂടിയിരുന്നു. അന്നു രഹസ്യവിവരം നൽകുകയും പൊലീസിന് ഒത്താശ ചെയ്തു നൽകുകകയും ചെയ്തത് അരുൺ ഗോപനാണെന്ന് ആക്ഷേപമുണ്ടായിരുന്നു. നടപടിക്കു നിർദ്ദേശിക്കപ്പെട്ട പൊലീസുകാർ പല തവണ അരുൺ ഗോപനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.
ഹണിട്രാപ്പ് കേസിൽ കോട്ടയത്തുനിന്നു മുങ്ങി ശ്രീലങ്ക ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കറങ്ങിയശേഷം കോഴിക്കോട്ട് താവളമടിച്ചിരുന്ന അരുൺ ഗോപനെ അടുത്തിടെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. അന്ന് രാത്രി ചങ്ങനാശേരി ഡിവൈ.എസ്‌പി, തന്റെ അധികാര പരിധിയിൽ അല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലിൽ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതാണ് വിനയായത്. ഡിവൈ.എസ്‌പിയുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് സർക്കാർ വകുപ്പുതല അന്വേഷണം നടത്തുമെന്നും പൊലീസുകാരുടെ ഗുണ്ടാ ബന്ധം പാലാ എ.എസ്‌പി വിശദമായി അന്വേഷിക്കുമെന്നുമാണു വിവരം.
കോട്ടയത്ത് ഗുണ്ടാ ആക്രണങ്ങൾ വർദ്ധിച്ചതോടെ എസ്‌പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പു കേസിൽ അരുൺ ഗോപനെ അറസ്റ്റ് ചെയ്യുന്നത്. എസ്‌പിയുടെ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ഫോൺ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഗുണ്ടയുടെ പൊലീസ് സൗഹൃദം പുറത്തായത്. ഇതേ തുടർന്നാണ് ഐജി പി.പ്രകാശ് പ്രത്യേക സംഘത്തെ നിയോഗിച്ച് രഹസ്യന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ബംഗ്ലളൂരു കേന്ദ്രമാക്കി വടക്കൻ കേന്ദ്രത്തിലെ കുഴൽപ്പണ ഇടപാട് നിയന്ത്രിക്കുകയാണ് അരുൺ ഗോപന്റെ ക്രിമിനൽ പ്രവർത്തനം. കോട്ടയത്തും കേസുകളുണ്ടെങ്കിലും അന്വേഷണ കാര്യമായി നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാറില്ല.
പൊലീസ് സൗഹൃദമായിരുന്നു ഗുണ്ടക്ക് തുണയായത്. ഇതിനിടെ ചീട്ടുകളി സംഘത്തെ ഗാന്ധി നഗർ പൊലീസ് പിടികൂടിപ്പോൾ അരുൺ ഗോപനും അതിൽ ഉൾപ്പെട്ടു. കൂടുതൽ അന്വേഷണം നടക്കുന്നതിന് മുമ്പ് ഡിവൈഎസ്‌പി ഇടപെട്ട് അരുൺ ഗോപന് സ്റ്റേഷൻ ജാമ്യം നൽകിയെന്നാണ് അന്വേഷണ റിപ്പോർട്ട്. രണ്ടുപൊലീസുകാർ നിരന്തരമായി ഗുണ്ടയുമായി ബന്ധം പുലർത്തിയിരുന്നു. ഇവർ ഗുണ്ടാബന്ധുമുള്ള പാർട്ടികളിലും പങ്കെടുത്തിട്ടുണ്ട്. പൊലീസ് നീക്കങ്ങളും ഇവർ ചോർത്തി കൊടുത്തുവെന്നായിരുന്നു റിപ്പോർട്ട്.
ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴും കോട്ടയത്ത് ക്രമസമാധാനചുമതലയിൽ തുടരുന്ന ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പതല നടപടി വേണെമന്ന് ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തു. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ പാല എഎസ്‌പി വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ