ചങ്ങനാശേരി: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മൂന്നുദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തിൽ ശ്രീലതയാ(50)ണു മരിച്ചത്. തലയ്ക്കു പിന്നിൽ ആഴത്തിലേറ്റ മുറിവിൽനിന്ന് രക്തമൊഴുകി സമീപത്തെ കസേരയിലും മറ്റും പടർന്നിട്ടുണ്ട്. കൊലപാതകത്തിനുള്ള സാധ്യത പരിശോധിക്കുന്ന പൊലീസ് അതിലേക്കുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. വീട്ടുകാരും അയൽവാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ശ്രീലത കഴിഞ്ഞിരുന്നത്. വർഷങ്ങൾക്ക് മുൻപ് ഇവരുടെ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ആന്ധ്രയിൽ അദ്ധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ.

നാട്ടിലെത്തിയ ശേഷവും ഏകാന്തവാസം നയിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ ഇവർ വാഴപ്പള്ളിയിൽ താമസിക്കുന്ന മാതാവിനെ ഫോണിൽ വിളിച്ചു സംസാരിക്കുമായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി വിളി ഒന്നും വരാതിരുന്നപ്പോൾ മാതാവ് നേരിട്ട് ശ്രീലതയുടെ താമസസ്ഥലത്ത് എത്തി. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് ഇവർ പൊലീസിൽ പരാതി നൽകി. പൊലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് ജീർണിച്ചു തുടങ്ങിയിരുന്ന മൃതദേഹം കണ്ടെത്തിയത്.

രണ്ടു സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ഒന്നുകിൽ കൊലപാതകം. അല്ലെങ്കിൽ കുഴഞ്ഞു വീഴുകയോ മറ്റോ ചെയ്തപ്പോൾ തല എവിടെയെങ്കിലും ഇടിച്ച് മുറിയുകയും അതിലൂടെ രക്തം വാർന്നു മരിക്കുകയും ചെയ്തിട്ടുണ്ടാകണം. ഈ രണ്ടു സാധ്യതകൾക്കും പൊലീസ് 50 ശതമാനം വീതമാണ് സാധ്യത നൽകിയിരിക്കുന്നത്. വീട് അകത്തു നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നതിനാൽ കൊലപാതകം നടന്നിരിക്കാനുള്ള സാധ്യത കുറവാണെന്ന് പറയാം.

കൊലയാളി അകത്തേക്ക് കടക്കുകയും പുറത്തേക്കിറങ്ങുകയും ചെയ്യണമെങ്കിൽ തീർച്ചയായും വാതിൽ തുറന്നിരിക്കണം. ഇവിടെ അതുണ്ടായിട്ടില്ലെന്നാണ് വിവരം. ആരുമായും സംസാരിക്കുക പോലും ചെയ്യാത്ത ഇവർക്ക് ശത്രുക്കളുണ്ടാകുമെന്ന് പൊലീസ് കരുതുന്നില്ല. ആഭരണമോ പണമോ നഷ്ടപ്പെട്ടിട്ടില്ല. അപ്പോൾ മോഷ്ടാക്കളാണെന്നും കരുതുക വയ്യ. പിന്നെ പൊലീസിന്റെ മുന്നിലുള്ള സാധ്യത തലയിടിച്ച് വീണുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നുള്ള മരണമാണ്.

എന്തായാലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരാതെ ഒന്നും പറയാൻ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. ഇത്തരമൊരു മരണം നടന്നാൽ സ്വാഭാവികമായും മുൻ ഭർത്താവിനെ പൊലീസ് നിരീക്ഷിക്കും. അതാണിപ്പോൾ ഇവിടെയും സംഭവിച്ചിരിക്കുന്നത്. ശ്രീലതയുടെ സ്വഭാവവിശേഷങ്ങൾ, ബന്ധം പിരിയാനുണ്ടായ കാരണം എന്നിവയൊക്കെയാകും മുൻ ഭർത്താവിനോട് അന്വേഷിക്കുക.