- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബറിൽ ഭർത്താവ് രാമവർമത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയി; തിരികെ വന്നപ്പോൾ രണ്ടുദിവസം ബാങ്ക് അവധി; വില്ലനായി കോവിഡ് എത്തിയപ്പോൾ എല്ലാം മറന്നു; കള്ളന്മാരെ പേടിച്ച് സ്വർണവും പണവും കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നപ്പോൾ പണി കിട്ടിയത് പൊലീസിനും; ചങ്ങൻകുളങ്ങരയിൽ നിന്നൊരു വ്യത്യസ്ത കഥ
കൊല്ലം: കള്ളന്മാരെ പേടിച്ച് സ്വർണവും പണവും വീടിനു സമീപം കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നുപോയപ്പോൾ പണി കിട്ടിയത് പൊലീസിനും. ചങ്ങൻകുളങ്ങര സ്വദേശിയായ വീട്ടമ്മയാണ് ഭർത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിന് മുൻപ് ഇരുപത് പവൻ സ്വർണ്ണവും പതിനയ്യായിരം രൂപയും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തിൽ കുഴിച്ചിട്ടത്.
ബന്ധുവീട്ടിൽ നിന്ന് തിരികെയെത്തിയ വീട്ടമ്മ സ്വർണം കുഴിച്ചിട്ട സ്ഥലം മറന്നു. പിന്നീട് പഞ്ചായത്ത് അംഗം സന്തോഷ് ആനേത്തിന്റെ നേതൃത്വത്തിൽ സ്വർണം മോഷണം പോയതായി പൊലീസിൽ പരാതി നൽകി. ഓച്ചിറ ചങ്ങൻകുളങ്ങര കൊയ്പള്ളിമഠത്തിൽ (ചന്ദ്രജ്യോതി) അജിതകുമാരി(65)യാണ് സ്വർണവും പണവും കുഴിച്ചിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഭർത്താവ് രാമവർമത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് കുഴിച്ചിട്ടത്. ഏകമകൻ വിദേശത്താണ്.
ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പുരയിടത്തിൽ കുഴിച്ചിട്ടതാണോയെന്നു സംശയം തോന്നിയത്. തുടർന്ന് പൊലീസ് പുരയിടം മുഴുവൻ ഉഴുതു മറിച്ചാണ് കുഴിച്ചിട്ട സ്വർണ്ണവും പണവും കണ്ടെത്തിയത്. ഓച്ചിറ പൊലീസ് സ്റ്റേഷൻ പിആർഒ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പുരയിടത്തിൽ നിന്നു സ്വർണവും പണവും കണ്ടെത്തിയത്.
അജിതകുമാരി ബന്ധുവീട്ടിൽനിന്ന് തിരികെ വന്നപ്പോൾ രണ്ടുദിവസം ബാങ്ക് അവധിയായിരുന്നു. തുടർന്ന് ഇവർക്ക് കോവിഡ് ബാധിച്ചു. ദിവസങ്ങൾ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നു. ബുദ്ധിമുട്ടാകുമോയെന്ന് ഭയന്ന് പൊലീസിൽ അറിയിച്ചില്ലെന്ന് അജിതകുമാരി പറയുന്നു.
ഇതിനിടെ പറമ്പുകുഴിച്ച് സ്വർണവും പണവും രേഖകളും കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കഴിഞ്ഞദിവസം വാർഡ് അംഗം ആനേത്ത് സന്തോഷിനെ അറിയിച്ചു. വാർഡ് അംഗം ഇവരുമൊത്ത് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ