ചെന്നൈ: ആർകെ നഗർ റിട്ടേണിങ് ഓഫീസർ കെ.വേലുസ്വാമിയെ മാറ്റി. നടൻ വിശാലിന്റെ നാമനിർദേശ പത്രിക തള്ളിയ സംഭവവുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിങ് ഓഫീസറെ മാറ്റിയത്. വേലുസ്വാമിക്കു പകരക്കാരനായി തമിഴ്‌നാട് വനിത വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പ്രവീൺ പി. നായരെ നിയമിച്ചു. ഒപ്പിട്ടതിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് കാട്ടിയായിരുന്നു വിശാലിന്റെ പത്രിക തള്ളിയത്. തമിഴ് ഫിലിം നിർമ്മാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പ്രസിഡന്റും നടീനടന്മാരുടെ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമാണു വിശാൽ.

പത്രിക തള്ളിയ സംഭവം വിശാൽ ട്വിറ്ററിലൂടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയിൽപെടുത്തുകയും റിട്ടേണിങ് ഓഫീസർ വേലുസ്വാമിയുടെ നടപടിക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. വിശാലിനു പുറമേ ജയലളിതയുടെ അനന്തിരവൾ ദീപയുടെയും പത്രിക തള്ളിയിരുന്നു.

വിശാലിന്റെയും ദീപയുടെയും പത്രികകൾ തള്ളിയതോടെ അണ്ണാഡിഎംകെ സ്ഥാനാർത്ഥി ഇ.മധുസൂദനനും ഡിഎംകെ സ്ഥാനാർത്ഥി മരുതു ഗണേശും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. അണ്ണാ ഡിഎംകെ വിമതനേതാവ് ടി.ടി.വി. ദിനകരൻ സ്വതന്ത്രനായി രംഗത്തുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തത്തുടർന്നാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 21 നാണ് ഉപതെരഞ്ഞെടുപ്പ്. 24 ന് ഫലം പ്രഖ്യാപിക്കും.