ജിദ്ദ: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ നിത്വാഖാത് പദ്ധതിയിൽ സൗദി ഇളവുകൾ പ്രഖ്യാപിച്ചു. സ്വദേശി ജോലിക്കാരുടെ എണ്ണം കുറവുള്ള ചുവപ്പ് വിഭാഗത്തിൽ പെടുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിൽ മന്ത്രാലയത്തിനു പണം നൽകി പച്ചയിലേക്കു മാറാനും മന്ത്രാലയത്തിന്റെ സേവനങ്ങൾ റദ്ദാക്കിയത് പുനഃസ്ഥാപിക്കാനുമാണ് പുതിയതയായി അവസരം തുറന്നിരിക്കുന്നത്.

വിവിധ സേവനങ്ങൾക്കു തുക നൽകുന്നതനുസരിച്ചു നിത്വാഖാത്തിൽ പോയിന്റ് കണക്കാക്കിയായിരിക്കും സേവനങ്ങൾ ലഭിക്കുക. ഇതുപ്രകാരം ചുവപ്പ് വിഭാഗത്തിൽ പെടുന്ന കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കു തൊഴിൽ പെർമിറ്റും തിരിച്ചറിയൽ രേഖയും പുതുക്കാനും നിയമപരമായി രാജ്യത്ത് തുടരാനും സാധിക്കും.

സൗദി വിഷൻ-2030, സൗദി പരിവർത്തന പദ്ധതി-2020 എന്നിവ നടപ്പാക്കുന്നതിനുള്ള സാമ്പത്തിക മാർഗങ്ങൾ കണ്ടെത്തുന്നതിനു പുറമേ പുതുതായി സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുക കൂടിയാണ് ഈ പരിഷ്‌കാരം വഴി ലക്ഷ്യമാക്കുന്നത്.

സ്ഥാപനങ്ങളുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ സേവനം കൂടിയാണി തെന്നും നേരത്തെ പുറപ്പെടുവിച്ച ചില ഉത്തരവുകൾ ഇതോടെ റദ്ദു ചെയ്തതായും ഉത്തരവിൽ പറയുന്നു. അടുത്ത ഹിജ്റ വർഷാരംഭമായ ഒക്ടോബർ രണ്ടു മുതലാണു പുതിയ നിയമം പ്രാബല്യത്തിൽ വരുക.ഓരോ സേവനങ്ങൾക്കും എത്ര തുക നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.പുതിയ നിയമം നൂറുകണക്കിന് സ്ഥാപനങ്ങൾക്കു ഗുണകരമാവും. സ്വദേശികളുടെ അനുപാതം അനുസരിച്ച് സ്ഥാപനങ്ങളേയും കമ്പനികളേയും ചുവപ്പ്, മഞ്ഞ, പച്ച, എക്സലന്റ് എന്നിങ്ങനെ തരംതിരിക്കുന്ന നിത്വാഖാത് 2011ലാണ് നടപ്പിലാക്കിയത്.

ചുവപ്പിൽ പെടുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും റദ്ദാക്കുന്നതോടെ പ്രവർത്തിക്കാൻ കഴിയാതെ വരും. മഞ്ഞ വിഭാഗങ്ങൾക്ക് മന്ത്രാലയത്തിന്റെ ഏതാനും സേവനങ്ങൾ ലഭിക്കില്ല. പച്ച ഗണത്തിലുള്ള സ്ഥാപനങ്ങൾ സുരക്ഷിത വിഭാഗത്തി ലായിരിക്കും. എക്സലന്റിൽ പെടുന്ന സ്ഥാപനങ്ങൾക്കു മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും വേഗത്തിൽ ലഭിക്കുന്നു