ന്യൂജേഴ്‌സി: നോർത്ത്  അമേരിക്കയിലെ  മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ (ഐ എ എം സി സി) 2015-2017 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. ന്യൂജേഴ്‌സിയിലെ ലിൻഡനിലുള്ള പ്ലാനെറ്റ് ഓഫ്  വൈൻ സെന്റെറിൽ നടന്ന ' ചേഞ്ചിങ്ങ് ഓഫ് ദി  ഗാർഡ്' ചടങ്ങിൽ വച്ചാണ്  പുതിയ ഭാരവാഹികൾ  സ്ഥാനമേറ്റെടുത്തത്.  

ഐ എ എം സി സി എക്‌സിക്യൂട്ടീവ് ബോർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റോയ് എണ്ണശേരിൽ പുതിയ പ്രസിഡന്റ് മാധവ ൻ ബി നായർക്ക്  ഔദ്യോഗിക രേഖകൾ കൈമാറി. കഴിഞ്ഞ കാലയളവിൽ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡണ്ടായി  പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെയധികം  സന്തോഷവും അഭിമാനവും ഉണ്ടെന്ന് റോയ് എണ്ണശേരിൽ പറഞ്ഞു.  പുതിയ പ്രസിഡന്റ് മാധവൻ ബി നായർക്ക്  എല്ലാ ഭാവുകങ്ങളും അദ്ധേഹം നേർന്നു.

 ഐ എ എം സി സിയുടെ പ്രസിഡണ്ടായി തന്നെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്ത ഏവർക്കും മാധവൻ ബി നായർ നന്ദി രേഖപ്പെടുത്തി. അമേരിക്കയിലെ മലയാളി ബിസിനസ്സ് സമൂഹത്തിന്റെ മുഴങ്ങുന്ന ശബ്ദമായി  ഐ എ എം സി സി പ്രവർത്തിക്കുമെന്നും അമേരിക്കയിലും ഇന്ത്യയിലുമുള്ള  പുതിയ  ബിസിനസ്സ് നിക്ഷേപ സാധ്യതകളെന്തെന്ന്  മനസ്സിലാക്കി  പുതിയ പദ്ധതികൾ  നടപ്പിലാക്കാനുതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും  അദ്ദേഹം പറഞ്ഞു.  വൈസ്  പ്രസിഡന്റ് ജോർജ് കുട്ടി, സെക്രട്ടറി വിൻസന്റ് സിറിയക്ക് , ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറർ കോശി ഉമ്മൻ,  ജോയിന്റ് ട്രഷറർ  സുധാകർ മേനോൻ  എന്നിവരും ഔദ്യോഗികമായി ചുമതലയേറ്റു.



ന്യൂജേഴ്‌സി ആസ്ഥാനമാക്കിയുള്ള  എം.ബി.എൻ ഇൻഷുറൻസ് ആൻഡ് ഫിനാൻഷ്യൽ സർവ്വീസസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ  മേധാവിയാണ് മാധവൻ ബി നായർ.  പേഴ്‌സണൽ ഫിനാൻഷിയൽ എൻജീനീറിങ്  തത്വങ്ങൾ പ്രയോഗിച്ചു കൊണ്ട് ധനവും ആസ്തിയും വർദ്ധിപ്പിക്കാൻ നിക്ഷേപകരേയും സാധാരണക്കാരേയും പ്രാപ്തരാക്കുന്നതിലുള്ള മാധവൻ നായരുടെ  പ്രാഗത്ഭ്യമാണ്  എം.ബി.എൻ ഫിനാൻഷ്യൽ കമ്പനിയുടെ വിജയരഹസ്യം.  ബിസിനസ് രംഗത്തു മാത്രമല്ല,  സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്  മാധവൻ ബി നായർ.  പ്രമുഖ സാംസ്‌കാരിക  സംഘടനയായ നാമത്തിന്റെ  സ്ഥാപക നേതാവാണ് അദ്ധേഹം. ന്യൂജേഴ്‌സിയിലെ വുഡ്ബ്രിഡ്ജ് പേർത്ത് അംബോയ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റോട്ടറി ക്ലബ്ബിന്റെ പ്രഥമ ഇന്ത്യൻ  പ്രസിഡന്റ് ആയിരുന്നു മാധവൻ ബി നായർ.

റിയൽ എസ്‌റ്റേറ്റ് മേഖലയിൽ 23 വർഷത്തെ പ്രവർത്തന പരിചയത്തിലൂടെ വിജയം  നേടിയ വ്യക്തിയാണ്  വൈസ്പ്രസിഡന്റ് ജോർജ് കുട്ടി.  സെക്രട്ടറി വിൻസന്റ് സിറിയക്ക്  പ്രമുഖ മോട്ട്‌ഗേജ് കൺസൾട്ടന്റ് ആണ്. ജോയിന്റ് സെക്രട്ടറി  ജോസ് തെക്കേടം  പ്രമുഖ റിയൽറ്ററാണ്. ട്രഷറർ! കോശി ഉമ്മൻ മൊട്ട്‌ഗേജ്  ബിസിനസ് മേഖലയിൽ ശ്രദ്ധേയമായ വിജയം നേടിയ വ്യക്തിയാണ്. ജോയിന്റ് ട്രഷറർ  സുധാകർ മേനോൻ ന്യൂജേഴ്‌സിയിലെ പ്ലാനെറ്റ് ഓഫ് വൈൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.      



ഐ എ എം സി സിയുടെ പ്രവർത്തന പരിപാടികളെക്കുറിച്ച്  സെക്രട്ടറി വിൻസന്റ് സിറിയക്ക് വിശദീകരിച്ചു. എല്ലാ പ്രവർത്തനങ്ങളിലും അംഗങ്ങളുടെ സഹകരണം അദ്ധേഹം അഭ്യർത്ഥിച്ചു. ഐ എ എം സി സി  ഇവന്റ്റ്   കോർഡിനേഷൻ ചെയർമാൻ ആയി പോൾ കറുകപ്പിള്ളിൽ, നെറ്റ് വർക്കിങ് കമ്മിറ്റി ചെയർമാനായി  ജിൻസ്‌മോൻ പി. സക്കറിയ, മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാനായി ജോസ്  തെക്കേടം  എന്നിവരെ പ്രസിഡന്റ് മാധവൻ  ബി നായർ തിരെഞ്ഞെടുത്തു. 

ഏപ്രിൽ 26ന് ന്യൂയോർക്കിൽ  ചേംബർ കുടുംബ സംഗമവും വിഷു ഈസ്റ്റർ ആഘോഷവും സംഘടിപ്പിക്കുമെന്ന്  പോൾ കറുകപ്പിള്ളിൽ പറഞ്ഞു.  മെയ് മുതൽ എല്ലാ മാസവും ബിസിനസ്സ് നെറ്റ്‌വർക്കിങ് നൈറ്റ് ഉണ്ടാകുമെന്ന് ജിൻസ്‌മോൻ സക്കറിയ പറഞ്ഞു. ഐ എ എം സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്  17 അംഗങ്ങളെ തിരെഞ്ഞെടുത്തു. പോൾ കറുകപ്പിള്ളിൽ, ജിൻസ്‌മോൻ പി. സക്കറിയ, സഞ്ജീവ് കുമാർ, സുധ കർത്ത, റാം ചീരത്ത്, മാത്യുകുട്ടി ഈശോ, ഡോ ജോസ് കാനാട്ട്, സജി തോമസ്, കിരൺ മാത്യു, ജോസഫ്  കുരിയാപ്പുറം, ജോർജ് കൊട്ടാരം, വി. ഒലഹന്നാൻ, അജയ് ജേക്കബ്, മനോഹർ തോമസ്, ജോയ് ഇട്ടൻ, രാജു വി. സക്കറിയ, മത്തായി പി. ദാസ് എന്നിവരാണ്  എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.  ജോയിന്റ് ട്രഷറർ  സുധാകർ മേനോന്റെ നേതൃത്വത്തിൽ  നടന്ന  ' ചേഞ്ചിങ്ങ് ഓഫ് ദി ഗാർഡ്' ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ജോസ്  തെക്കേടം ഏവർക്കും  നന്ദി രേഖപ്പെടുത്തി.