ളിമ്പിക്‌സിലെ ഇന്ത്യയുടെ ദയനീയപ്രകടനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും ഇന്ത്യയിലെ ടിവി ചാനലുകളിൽ അവസാനിച്ചിട്ടില്ല. 24 മണിക്കൂറും ചർച്ച ചെയ്താലും ഇതിനൊരു പരിഹാരം കിട്ടിയെന്നും വരില്ല. എന്നാൽ മെഡൽ നേടണമെങ്കിൽ മൈതാനത്തിറങ്ങി കഠിനമായ പരിശ്രമം വേണമെന്ന യാഥാർഥ്യം ഈ ചർച്ചകളിലൊട്ട് ഉയർന്നുവരികയുമില്ല.

നമ്മുടെ ചാനലുകൾ ബ്രിട്ടീഷ് ചാനലുകളെ കണ്ടുപഠിക്കണം. ഒളിമ്പിക്‌സിൽ രണ്ടാം സ്ഥാനത്തെത്തിയ ബ്രിട്ടീഷ് ടീമിന്റെ പ്രകടനം ചാനലുകളെയും പ്രചോദിപ്പിച്ചിരിക്കുന്നു. കൂടുതൽ ഒളിമ്പിക് മെഡലുകൾ രാജ്യത്തേയ്ക്ക് വരുന്നതിന് ആളുകൾ ടിവിയുടെ മുന്നിൽ കുത്തിയിരുന്നാൽപ്പോര, പരിശീലനവും വ്യായാമവും ചെയ്യണമെന്ന് ഈ ചാനലുകൾ ഓർമ്മിപ്പിക്കുന്നു.

ജനങ്ങളെ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്നതിനായി ബ്രിട്ടനിലെ ഏഴ് ചാനലുകൾ ഇന്നു രാവിലെ ഒരുമണിക്കൂർ പ്രവർത്തനം അവസാനിപ്പിക്കും. രാവിലെ 9.30 മുതൽ 10.30 വരെയാണ് സംപ്രേഷണം നിർത്തിവെക്കുക. ഐടിവിയിലുള്ള ചാനലുകളാണ് രാവിലെ സംപ്രേഷണം നിർത്തിവെക്കുന്നത്.

അയാം ടീം ജിബി എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ചാനൽ സംപ്രേഷണം മുടക്കുന്നത്. തിങ്കളാഴ്ച വാർത്താ അവതാരകരായ ഹോളി വില്ലോൺബിയും ഫിലിപ്പ് സ്‌കോഫീൽഡും ഈ ആശയം പുറത്തുവിട്ടതുമുതൽ രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 67 മെഡലുകൾ ഇക്കുറി നേടിയ ബ്രിട്ടൻ അടുത്തവർഷം അതിലേറെ മെഡലുൾ നേടുമെന്നാണ് ഉറപ്പിച്ചിരിക്കുന്നത്.

ഒരുമണിക്കൂർ സംപ്രേഷണം നിർത്തിവെക്കുക മാത്രമല്ല ഐടിവി ചെയ്യുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ജനങ്ങൾക്കുവേണ്ടി ഒട്ടേറെ പരിപാടികളും ആസൂത്രണം ചെയ്തിടിട്ടുണ്ട്. ഈ ചടങ്ങുകളിൽ ഒളിമ്പിക് മെഡൽ ജേതാക്കളാകും മുഖ്യാതിഥികളായി എത്തുക.