ഹൈദരാബാദ്: സ്‌കൈപ്പ് ചാറ്റിങ്ങിനിടെ ചാനൽ അവതാരക ജീവനൊടുക്കി. തെലുങ്ക് ചാനലായ ജെമിനി മ്യൂസിക്കിലെ സംഗീത പരിപാടിയുടെ അവതാരക നിരോഷ ചൗധരിയാണ് ജീവനൊടുക്കിയത്.

സുഹൃത്തുമായി വഴക്കിട്ടതിനു പിന്നാലെയാണു നിരോഷ ജീവനൊടുക്കിയത്. നിരോഷയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.സുഹൃത്തുമായുള്ള സ്‌കൈപ് ചാറ്റിനിടെ ഉണ്ടായ വഴക്കിനിടെ തുടർന്നാണ് ആത്മഹത്യ എന്നാണ് റിപ്പോർട്ട്.

വിവിധ തെലുഗ് ചാനലുകളിലെ ലേഖികയായിരുന്ന ഈ 23കാരി ആറു മാസം മുമ്പാണ് ജെമിനി മ്യൂസിക്കിൽ അവതാരകയായി ചേർന്നത്. ഇന്നലെ രാത്രി 12 മണിക്ക് കാനഡയിൽനിന്ന് നിരോഷയുടെ സുഹൃത്ത് പൊലീസിൽ വിളിച്ച് നിരോഷ സ്‌കൈപ്പ് ചാറ്റിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അറിയിച്ചിരുന്നു. ചാറ്റിനിടെ ഉണ്ടായ വഴക്കിനിടെയാണ് സംഭവമെന്നും നിരോഷയെ രക്ഷപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ വിളിച്ചത്. തുടർന്ന് പൊലീസ് ഇവർ താമസിക്കുന്ന ഹോസ്റ്റലിൽ എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

ജെമിനിയിൽ നിരവധി ജനപ്രിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് നിരോഷയായിരുന്നു. കാമുകൻ റിത്വിക് കാനഡയിലാണുള്ളത്. ചിത്തൂർ സ്വദേശിയായ റിത്വിക്കിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും. പ്രണയബന്ധത്തിലെ താളപ്പിഴകളാണ് നിരോഷയുടെ ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.