- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സർക്കാരിന് സൗജന്യം ലഭിക്കില്ലെന്ന പെഗസ്സസിലെ നിലപാടിൽ പ്രതീക്ഷ; സംപ്രേഷണ വിലക്കിൽ സൂപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ; നീക്കം ചാനലിന്റെ ഹർജ്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെ
ന്യൂഡൽഹി: ചാനൽ വിലക്കിനെതിരെ മീഡിയവൺ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു. വിലക്കിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് ചാനൽ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.പെഗസ്സസ് വിഷയത്തിലെ നിലപാടാണ് മീഡിയവണ്ണിന് ഇപ്പോൾ പ്രതീക്ഷയുള്ളത്.
പെഗസ്സസ് വിധിയിലെ കേന്ദ്ര സർക്കാരിനെതിരായ സുപ്രീം കോടതിയുടെ പരാമർശം മുൻ നിർത്തിയായിരിക്കും സുപ്രീം കോടതിൽ മീഡിയ വണിന്റെ വാദം.ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സർക്കാരിന് സൗജന്യം ലഭിക്കില്ലെന്നായിരുന്നു പെഗസ്സസ് വിഷയത്തിൽ സുപ്രീം കോടതിയുടെ വിമർശനം. ദേശസുരക്ഷ എപ്പോഴും ഒരു ഫ്രീപാസാണെന്ന് കരുതരുതെന്നാണ് കോടതി കേന്ദ്രസർക്കാരിനോട് പറഞ്ഞത്.
സുപ്രീം കോടതി വരെയുള്ള നിയമ പോരാട്ടം ഒരു ഭരണഘടനാ ബഞ്ചിൽ അവസാനിക്കും എന്നും വിലയിരുത്തുന്നുണ്ട്. ടെലിവിഷൻ ചാനലുകൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പോലുള്ള ഒരു സംവിധാനം നിലവിലില്ല. ടെലിവിഷൻ ചാനലുകൾക്കെതിരെ ഭരണകൂടം ഒരു നടപടിയെടുത്താൽ അത് കോടതി വഴി മാത്രമേ ചോദിക്കാനാകൂ. ഇതുസംബന്ധിച്ച ചോദ്യങ്ങളും സുപ്രീം കോടതിയിൽ ഉണ്ടാകുമെന്നാണ് പ്രതിക്ഷിക്കുന്നത്.
രാജ്യസുരക്ഷയുടെ കാരണം പറഞ്ഞാണ് മീഡിയ വണിന് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. അതിന്റെ വിശദാംശങ്ങൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. സീൽവെച്ച കവറിലാണ് ഇതുസംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്രം ഹൈക്കോടതിയിൽ സമർപ്പിച്ചത്.സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂിയനുമടക്കമുള്ളവർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്.
കേന്ദ്രസർക്കാർ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിന് വേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായാണ് വാദം നടത്തിയത്.
ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയത്.