ലയെ നെഞ്ചേറ്റിയ കോഴിക്കോടൻ മണ്ണിലേക്ക് വീണ്ടുമെത്തിയ സംസ്ഥാന സ്‌കൂൾ കലോത്സവം പണക്കൊഴുപ്പിന്റെ 'ചാനലോത്സവമായി' മാറി. പ്രളയംപോലെ കുതിച്ചൊഴുകി വേദികളിൽ നിറയുന്ന അപ്പീലുകളും വിധികർത്താക്കളെ ചൊല്ലിയുള്ള തർക്കങ്ങളും ഇത്തവണയും വർദ്ധിക്കുമ്പോഴും ചാനലുകൾ ഇതൊന്നും കാണാതെ ആഘോഷത്തിമിർപ്പാണ്. അച്ചടിമാദ്ധ്യമങ്ങളിൽ നിന്ന് കലോത്സവത്തെ കവർന്ന് ചാനലുകൾ ഏറ്റെടുത്തതോടെ കൗമാരചാപല്യമായി സ്‌കൂൾ കലാത്സവം മാറി. വേദിയിൽ ആടിക്കഴിഞ്ഞതിന്റെ ക്ഷീണം മാറുംമുമ്പേ ചാനൽ കല്യാണിമാരുടെ കൈകൾ നീണ്ടെത്തി മത്സരാർത്ഥികളെ പിടിച്ചുവലിച്ച് വലിച്ചിഴച്ച് അവരവരുടെ സ്റ്റുഡിയോകളിലേക്ക് കൊണ്ടുപോകും. പിന്നെ അവിടേയും സ്‌റ്റേജിൽ നടത്തിയതൊക്കെ വീണ്ടും ആവർത്തിക്കണം. അപ്പോഴേക്കും മറുചാനലുകാർ കാത്തിരിപ്പുണ്ടാകും....

ഒരർത്ഥത്തിൽ കലോത്സവത്തിന് വരുന്നതു് തന്നെ ചാനലുകൾക്ക് മുമ്പിൽ ആടിത്തിമർക്കാനാണെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. വേദിയിൽ ഒന്നാമതെത്തുന്നത് പ്രവേശന പരീക്ഷ മാത്രമാണ്. കലയെ സ്‌നേഹിക്കുന്നതുകൊണ്ടോ ജീവിതം കാലം മുഴുവൻ കൊണ്ടുനടക്കാനുള്ള ആഗ്രഹം കൊണ്ടോ അല്ല, ഗ്രേസ് മാർക്കായിരുന്നു പ്രധാന ലക്ഷ്യം. എന്നാലിപ്പോൾ ചാനലുകളിൽ വരുമെന്നതാണ് പ്രധാന ആകർഷണം. ഇനിയും കൗമാരം വിട്ടിട്ടില്ലാത്ത, പക്വത എന്താണെന്നു പോലുമറിയാത്ത മലയാള ചാനലുകൾ അങ്ങനെ കലോത്സവ പ്രതിഭകളെ വഴിതെറ്റിക്കുന്നതിന് മുഖ്യകാരണക്കാരാകുന്നു.

കോഴിക്കോട്ട് നടക്കുന്ന കലോത്സവത്തിന്റെ പ്രധാനവേദികളൊക്കെയും ജനങ്ങൾ കൈയൊഴിഞ്ഞ മട്ടാണ്. സ്വീകരണമുറിയിൽ ചാനലുകൾ കലോത്സവ സദ്യ തത്സമയംവിളമ്പുമ്പോൾ എന്തിന് വേദിക്ക് മുമ്പിലെത്തണമെന്നാകും ഇവരുടെ ചിന്ത. നമ്മുടെ ഗ്രാമീണ കൂട്ടായ്മകളും ഉത്സവാഘോഷങ്ങളും നമുക്ക് നഷ്ടമായതുപോലെ തന്നെ ഈ ആഘോഷത്തിന്റെ കൂട്ടായ്മയും നഷ്ടമാകുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചാനലുകൾ വന്നതോടെയാണ് എല്ലാവിധ ഉത്സവങ്ങൾക്കും ജനകീയ പങ്കാളിത്തമില്ലാതായത്. എല്ലാം തത്സമയം വീട്ടിലെത്തുമ്പോൾ ആരും പുറത്തിറങ്ങാതെയായി. ഇതറിയാവുന്ന കലാകാരന്മാരാകാട്ടെ ചാനലിൽ നിറഞ്ഞാൽ മാത്രമേ ലോകം തങ്ങളെ അറിയുകയുള്ളുവെന്ന് ധരിച്ചുവശായിരിക്കുന്നു...

കലോത്സവം എന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്കോടിയെത്തുന്നത് വർണ്ണപ്പൊലിമയാർന്ന വേദിയാകും. പിന്നെ...കൈകൊട്ടിക്കളിയോ മോഹിനിയാട്ടമോ നാടോടിനൃത്തമോ...! പാട്ടും താളവും ഇഴചേർന്ന് കണ്ണിമയിൽ മുദ്രകൾ തത്തിക്കളിച്ച് കണ്ണിനുകുളിരേകുന്ന ഗ്ലാമർ വേദി... കണ്ണിൽ ആനന്ദം നിറച്ച് ഇമചിമ്മാതെ ഒറ്റുനോക്കുന്ന നിറഞ്ഞ സദസ്സ്.. വേദിക്കപ്പുറത്ത് ഒളിഞ്ഞുനോക്കുന്ന മറ്റ് മത്സരാർത്ഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കളുടെ കണ്ണുകളിൽ പകയും അസൂയയും കുശുമ്പും കുന്നായ്മയും... ഫലപ്രഖ്യാപനത്തോടെ ശകാരവർഷവുമായി ഓടിയടുക്കുന്ന രക്ഷിതാക്കളും അദ്ധ്യാപകരും...

ശുദ്ധകലയുടെ കാൽച്ചിലമ്പൊലികളാകണം കലോത്സവ വേദികളിൽനിന്ന് കേൾക്കേണ്ടതെന്ന് കലയെ സ്‌നേഹിക്കുന്നവർ പ്രാർത്ഥിക്കുന്നുവെങ്കിലും പലപ്പോഴും കാണാൻ വിധിക്കപ്പെടുന്നത് പണക്കൊഴുപ്പിന്റേയും ഗർവിന്റേയും സ്വാധീനത്തിന്റേയും കെട്ടിയാടലുകളാണ്. കലാപ്രതിഭാ- തിലകം പട്ടങ്ങൾ ഉപേക്ഷിക്കപ്പെട്ടിട്ടും ഇതിനൊരു മാറ്റവും വന്നിട്ടില്ലെന്നതാണ് സമീപകാല യുവജനോത്സവങ്ങളൊക്കെ വരച്ചിടുന്നതും. കലയുടെ വാണിജ്യവത്ക്കരണത്തിന് ഇത്തവണയും മാറ്റമുണ്ടായില്ലെന്ന് വ്യക്തമാകുന്നതായി കോഴിക്കോട് നടക്കുന്ന കലോത്സവവും.

ജില്ലാതലങ്ങളിലെ മത്സരങ്ങളിൽ മുമ്പിലെത്തുന്നവരാണ് സാധാരണഗതിയിൽ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനെത്തേണ്ടത്. സ്വഭാവികമായും ഇങ്ങനെയാണ് സംഭവിക്കേണ്ടത്. വിദഗ്ധരെ വേദിക്ക് മുമ്പിലിരുത്തി മത്സരത്തിന് മാർക്കിട്ടാണ് യോഗ്യരായവരെ കണ്ടെത്തുന്നത്. എന്നാൽ ഇവരുടെ കണ്ടെത്തലിൽ ഒന്നാമതെത്താൻ യോഗ്യതയില്ലെന്നു വ്യക്തമാക്കപ്പെടുന്നവർക്ക് വിദ്യാഭ്യാസ ഓഫീസർ അടക്കമുള്ള എന്താണ് കലയെന്നു തിരിച്ചറിയാത്ത ഏതാനും ഉദ്യോഗസ്ഥർ പണം വാങ്ങി അപ്പീൽ അനുവദിച്ച് സംസ്ഥാന തലത്തിലേക്ക് അയയ്ക്കുന്നതാണ് ഏറെ ദയനീയം. എന്നാൽ പിന്നെ യോഗ്യരായവരെ കണ്ടെത്താൻ എന്തിനാണ് വിദഗ്ധ പാനലിനെ വിധികർത്താക്കളായി നിയോഗിക്കുന്നതെന്നാണ് അറിയാത്തത്. ഈ ഉദ്യോഗസ്ഥർക്ക് തന്നെ വേദിക്ക് മുമ്പിലിരുന്ന് മാർക്കിട്ടാൽ പോരെ..?!

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം മറ്റ് കലോത്സവങ്ങളെ പിന്തള്ളി അപ്പീലിന്റെ കാര്യത്തിൽ മുന്നോട്ടുകുതിക്കുകയാണ്. ആദ്യത്തെ രണ്ടുദിവസംകൊണ്ട് തന്നെ അപ്പീൽ ആയിരം കവിഞ്ഞുവെന്നു പറയുമ്പോൾ തന്നെ വേദിക്ക് പിറകിലെ കളി എത്രത്തോളം വലുതാണെന്ന് ബോധ്യമാകും. ജില്ലാതലത്തിൽ നിന്ന് ഒരാൾ അപ്പീലുമായി സംസ്ഥാനതലത്തിലെത്തണമെങ്കിൽ 5,000 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. പണക്കൊഴുപ്പിന്റെ മേളയിൽ പണമെറിഞ്ഞുകളിക്കുന്ന രക്ഷിതാക്കൾക്ക് ഇത് നിസാരമായിരിക്കാം. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെയാണ് ഒരു നൃത്ത ഇനം വേദിയിലെത്തുമ്പോഴേക്കും ഒരാൾക്ക് ചെലവാകുന്നത്. ഇത്തരത്തിൽ പണമൊഴുക്കുന്ന കലോത്സവ വേദികൾ യഥാർത്ഥത്തിൽ സാധാരണക്കാരായ വിദ്യാർത്ഥികളെയാണ് അന്യവത്ക്കരിക്കുന്നത്. പണമെറിഞ്ഞ് കുട്ടിയേയുമായെത്തുന്ന രക്ഷിതാക്കൾക്ക് പലിശ സഹിതം തിരിച്ചുകിട്ടാൻ ആഗ്രഹിക്കുന്നത് ദുരമൂത്ത സമൂഹത്തിൽ സ്വഭാവികം. അതിന്റെ ആക്രാന്തമാണ് ഓരോ വേദിയിലും അണിയറയിലും ചാനൽ ഓഫീസുകളിലും കാണുന്നതും. ചാനലുകൾ ഇതിന് വളംവച്ചുകൊടുക്കുന്നതാണ് വരുംകാലത്തേക്കും ഈ ആശങ്കയെ നീട്ടിവയ്ക്കുന്നതും.

കല സരസ്വതിയാണ്... ഈശ്വനാണ്... സരസ്വതിയുടെ ഇരിപ്പിടം ചളിപുളരാത്ത വിശുദ്ധിയുടെ തിളക്കമുള്ള വെള്ളത്താമരയാണ്. എന്നാലിന്നത്തെ യുവജനോത്സവവേദികളിൽ പണത്തിനുവേണ്ടി മാർക്കിടുമ്പോഴും, ചിലങ്കയിൽ നാണയത്തുട്ടുകൾ നിറച്ച് ഇളകിയാടുമ്പോഴും ഈ സരസ്വതി വേദിയിലുണ്ടാകുമോ..? ആർത്തിയാണ് അച്ഛനമ്മമാർക്കും ഗുരുക്കന്മാർക്കും. കുട്ടികളിൽനിന്ന് കലോത്സവം ഇത്തരക്കാർ തട്ടിയെടുത്തുകഴിഞ്ഞു. ലക്ഷങ്ങൾ മുടക്കി വർണ്ണപ്പൊലിമയാർന്ന് മോടികൂട്ടി യുവജനോത്സവങ്ങൾ നടത്തുമ്പോൾ ഇതിനുപിന്നിൽ മഹത്തായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അന്നൊക്കെ വിജയിച്ചെത്തിയവർ കലയെ വാനോളം വളർത്തി. അതിനൊപ്പം അവരും വളർന്നു.

എന്നാലിന്ന് കാലത്തിനൊത്ത് കലയും മാറി. ഗ്രേസ് മാർക്കിനുള്ള കുറുക്കുവഴിയായി കലോത്സവ വേദികൾ മാറിയപ്പോൾ അവിടെ സരസ്വതീദേവിക്ക് സ്ഥാനമില്ലാതായി. പ്രതിഭയുടെ മിന്നൽ പിണരുകളും പദചലനങ്ങളും വേദികളിൽ അപൂർവ്വമായി. കഥകളിയും കുച്ചിപ്പുടിയും മോഹിനിയാട്ടവും ഭരതനാട്യവും ഏതു വേണമെങ്കിലും അഭിനവ ഗുരുക്കന്മാരിൽ റെഡിയാണ്. യുവജനോത്സവ പാക്കേജുകളിൽ 'ഇൻസ്റ്റന്റ്' ആശാന്മാരും ആശാട്ടികളും ഇവയെല്ലാം റെഡിയാക്കി വച്ചിട്ടുണ്ട്. രക്ഷിതാക്കൾ കാശെറിഞ്ഞ് ഒന്നാം സ്ഥാനം പിടിക്കാനിറങ്ങിയതോടെ ഇവർക്ക് ഡിമാന്റായി. പിന്നാമ്പുറങ്ങളിൽ കളിക്കാനറിയാവുന്ന ഗുരുവിനെയാണ് ആവശ്യം. കാശെറിയാൻ രക്ഷിതാവും റെഡിയെങ്കിൽ യുവജനോത്‌സവ വേദിയിൽ തിളങ്ങാൻ കുട്ടിക്ക് മറ്റൊരു വഴിയും തേടേണ്ടതില്ലെന്ന അവസ്ഥ. അതുകൊണ്ടുതന്നെ ഇവിടെ കലയുടെ പൂക്കൾ പൊട്ടിവിടരുകയല്ല, ചിതറിത്തെറിച്ച് കൊഴിയുകയാണ് ചെയ്യുന്നതെന്ന് പറയാം..

നൃത്തവേദികളിലെ പണക്കിലുക്കത്തെകുറിച്ച് പറയുമ്പോൾ തന്നെ ഇതിനൊരു മറുവശവും യുവജനോത്സവ വേദികളിലുണ്ട്. ആരോരും തിരിഞ്ഞുനോക്കാതെ അന്യവത്ക്കരിക്കപ്പെടുന്ന വേദികൾ... ലളിതഗാനവും മിമിക്രിയും മോണോആക്ടും, കഥയും കവിതയും ഉപന്യാസവും തുടങ്ങി വിവിധ രചനാമത്സരങ്ങൾ... പ്രതിഭയുടെ തെളിച്ചംവിതറുന്ന വിദ്യാർത്ഥികൾ ഈ വേദികളിൽ ഒട്ടേറെ കാണാമെങ്കിലും പ്രോത്സാഹിപ്പിക്കുവാനും തോളിലേറ്റുവാനും സദസ്സും മാദ്ധ്യമപ്പടയും കുറവായിരിക്കും. കഥയും കവിതയും പെയിന്റിങുമൊക്കെ പൂരപ്പരമ്പിൽ ഏതോ ഒരു മൂലയിൽ നടന്നുപോകുന്നുവെന്ന മട്ടിലാണ് വിലയിരുത്തൽ. ആരും ഇവരെ വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഇവരുടെ ഇടയിൽ കുശുമ്പും കുന്നായ്മയും കാണാറുമില്ല. പിടിവലിയും ശാപവചനങ്ങളും കേൾക്കാറുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഈ ഇനങ്ങൾ യുവജനോത്സവ വേദികളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതെന്നതിന് ഉത്തരം കണ്ടത്തേണ്ടതും നമ്മൾ തന്നെ.

വേദികളിൽ കയറുന്ന നൃത്തേതര ഇനങ്ങളും കാണികളുടെ മുഖം തിരിക്കലിൽ തളർന്നുപോകുന്ന അവസ്ഥയിൽ തന്നെ. ഉപകരണ സംഗീതവും ക്ഷേത്രകലകളും അരങ്ങേറുന്ന വേദികൾക്ക് മുന്നിൽ പലപ്പോഴും കാണാറുള്ളത് ഒഴിഞ്ഞ കസേരകളാകും. പ്രസംഗവും പദ്യംചൊല്ലലുമൊക്കെ ഇത്തരത്തിൽതന്നെ എങ്ങനെയെങ്കിലും ഒന്നു നടത്തി അവസാനിപ്പിക്കുകയെന്ന ചിന്തയിലാകും സംഘാടകരും. ഏതെങ്കിലും ഒഴിഞ്ഞ മൂലയിലെ ഇത്തിരി ഇടമാണ് ഇത്തരം വേദികൾക്കായി നൽകുക. സ്‌റ്റേജിൽ നേരിട്ടു കാണുന്നതുപോലൊരു ആനന്ദമോ ആവേശമോ രചനാ മത്സരങ്ങളിൽ കിട്ടുന്നില്ലെന്ന് പറയാമെങ്കിലും ഇവ അവഗണിക്കപ്പെടുന്നതിനെ അംഗീകരിക്കാനാവില്ല.

മാദ്ധ്യമങ്ങൾ ഏറേയും സ്ഥലമൊഴിച്ചിടുന്നതും ഗ്ലാമർ ഇനങ്ങളായ നൃത്ത മത്സരങ്ങൾക്ക് തന്നെ. പേജ് ലേ-ഔട്ടിലും ഐറ്റം ചെയ്യാനുള്ള സാധ്യതകളിലും വർണ്ണപ്പൊലിമയാർന്ന് അച്ചടിക്കാമെന്നതുമാകും ഇതിനു കാരണം. ഇപ്പോൾ ചാനലോത്സവമായി മാറിക്കഴിഞ്ഞതോടെ പാർശ്വവത്ക്കരിക്കപ്പെട്ട സ്‌റ്റേജിതര മത്സരങ്ങൾക്ക് സ്ഥാനം പൂർണ്ണമായും പുറമ്പോക്കിലായി. മാദ്ധ്യമങ്ങൾ നൽകുന്ന ഈ പ്രാധാന്യം തന്നെയാണ് കാണികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിലപാടിനും ഒരു പരിധി വരെ കാരണമാകുന്നത്. അതേസമയം രചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് അർഹമായ കവിതയും കഥയുമൊക്കെ പ്രസിദ്ധീകരിച്ച് മാദ്ധ്യമങ്ങൾ നേരത്തെ നീതികാട്ടാറുണ്ടായിരുന്നു. അതേപോലെ കുട്ടികളുടെ സൃഷ്ടികൾ തെരഞ്ഞുപിടിച്ച് വായിക്കുന്ന സഹൃദയരുമുണ്ട്. എന്നാൽ ചാനലോത്സവത്തിൽ ഇതിനും സ്ഥാനമില്ല. ഇത്തരം ഒരു കൂട്ടം എല്ലാ യുവജനോത്സവങ്ങളിലും കാണും. എല്ലാത്തിനും മാറ്റമോതുന്ന ഒരു യുവജനോത്സവമായി കോഴിക്കോട്ടെ ഇനിയുള്ള ആഘോഷരാപ്പകലുകൾ മാറിയാൽ ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം അനുഗ്രഹീതമാകും... ഇതിനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്.