തിരുവനന്തപുരം: മലയാള ന്യൂസ് ചാനല്‍ റേറ്റിംഗില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് മുന്നില്‍ തന്നെ. 2024ലെ 37-ാം ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന് പിന്നിലുള്ളത് റിപ്പോര്‍ട്ടര്‍ ടിവി തന്നെയാണ്. അതായത് തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ട്വന്റി ഫോര്‍ ന്യൂസ് മൂന്നാമതാണ്. റിപ്പോര്‍ട്ടറിനേക്കാള്‍ റേറ്റിംഗില്‍ ഏട്ടു പോയിന്റ് പിന്നിലാണ് ട്വന്റി ഫോര്‍. ഏറെ പിന്നിലേക്ക് ട്വന്റി ഫോര്‍ പോകുന്നതിന്റെ സൂചനകളും ബാര്‍ക്കില്‍ തെളിയുന്നുണ്ട്.

അതിനിടെ ഞങ്ങള്‍ ഒന്നാം സ്ഥാനത്തിന് തൊട്ടരികെയെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ടിവിയിലെ ടി വി പ്രസാദ് ഒരു പോസ്റ്റിട്ടിട്ടുണ്ട്. അതിന് അടിയില്‍ വന്ന കമന്റ് നിര്‍ണ്ണായകമാണ്. അത് നിങ്ങളുടെ വാര്‍ത്തയുടെ കൊണം കൊണ്ട് ഒന്നുമല്ല കേരളാ വിഷന്റെ ബോക്‌സ് ഇപ്പോള്‍ ഓണ്‍ ആക്കിയാല്‍ ആദ്യം വരുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍ . അങ്ങനെ റേറ്റിംഗ് കൂടുന്നതാ-ഇതാണ് ആ കമന്റ്. ഇതിലും ഒരു വസ്തുതയുണ്ട്. കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന കേബിള്‍ നെറ്റ് വര്‍ക്ക് കേരളാ വിഷനാണ്. അവരുമായി കരാറുണ്ടാക്കിയതിലൂടെ സെന്റ് ടോപ് ബോക്‌സ് ഓണ്‍ ചെയ്യുമ്പോള്‍ റിപ്പോര്‍ട്ടര്‍ വരുന്ന അവസ്ഥയുണ്ട്. ഇതും ബാര്‍ക്ക് റേറ്റിംഗിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് 93.74, റിപ്പോര്‍ട്ടര്‍ ടിവി 88.79, ട്വന്റി ഫോര്‍ ന്യൂസ് 80.92, മനോരമ ന്യൂസ് 44.37, മാതൃഭൂമി ന്യൂസ് 35.76, കൈരളി ന്യൂസ് 19.72, ജനം ടിവി 16.71, ന്യൂസ് 18 കേരള 15.65, മീഡിയാ വണ്‍ 10.94 എന്നിങ്ങനെയാണ് 2024ലെ 37-ാം ആഴ്ചയിലെ റേറ്റിംഗ്. ഇതില്‍ കൈരളി ന്യൂസിനും നേട്ടമുണ്ട്. ജനം ടിവിയെ പിന്തള്ളി സിപിഎം ചാനലായ കൈരളി ആറാം സ്ഥാനത്ത് എത്തുന്നു. മീഡിയാ വണ്‍ ഏറ്റവും പിന്നില്‍ തുടരുകയും ചെയ്യുന്നു. പുതുതായി തുടങ്ങിയ ന്യൂസ് മലയാളം 24x7 എന്ന ചാനലിന് ഇനിയും ബാര്‍ക്കില്‍ പോയിന്റ് തുറക്കാനായിട്ടില്ല. അംബാനിയുടെ ചനലായിട്ടും ന്യൂസ് 18 കേരളയ്ക്കും ചലനമൊന്നും ഉണ്ടാക്കാന്‍ കഴിയുന്നില്ല.


എല്ലാ ന്യൂസ് ചാനലുകള്‍ക്കും ഇത്തവണ റേറ്റിംഗില്‍ കുറവുണ്ട്. ഓണക്കാലത്ത് പ്രോഗ്രാം ചാനലുകളിലേക്ക് ആളുകള്‍ കൂടുതലായി പോയതാകണം ഇതിന് കാരണം. ഏഷ്യാനെറ്റ് ന്യൂസിന് 7.12 പോയിന്റാണ് കുറഞ്ഞത്. റിപ്പോര്‍ട്ടറിന് 4.04ഉം. ഈ കണക്കിലും ഏറ്റവും നഷ്ടം ട്വന്റി ഫോറിനാണ്. 7.67 പോയിന്റിന്റെ കുറവാണ് ട്വന്റി ട്വിന്റി ഫോറിനുള്ളത്. കൈരളി ന്യൂസിന് മാത്രമാണ് നേട്ടമുള്ളത്. കൈരളി ന്യൂസ് 0.45 പോയിന്റ് ഉയര്‍ച്ച രേഖപ്പെടുത്തി. ജനം ടിവിയുടെ റേറ്റിംഗില്‍ 3.17ന്റെ കുറവുണ്ടായി. ഇതുകൊണ്ടാണ് അവര്‍ക്ക് കൈരളിക്ക് പിന്നില്‍ പോകേണ്ടി വന്നത്.


ഓണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നത്. വാര്‍ത്തയിലെ വസ്തു നിഷ്ഠത ഏറെ ചര്‍ച്ചയായ ആഴ്ച. ഇവിടെയാണ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരാഗത ശൈലിയില്‍ ഒന്നാം സ്ഥാനത്ത് പിടിച്ചു നില്‍ക്കുന്നത്. ഇനിയുള്ള ആഴ്ചകളില്‍ എന്തു സംഭവിക്കുമെന്നത് നിര്‍ണ്ണായകമാണ്. ഏഷ്യാനെറ്റ് ന്യൂസിനെ രണ്ട് ആഴ്ചയോളം രണ്ടാം സ്ഥാനത്തേക്ക് തള്ളി മാറ്റിയ ട്വന്റി ഫോറിന് പിന്നീട് ചാനല്‍ മത്സരത്തില്‍ അമ്പരപ്പിക്കുന്നതൊന്നും ചെയ്യാനായില്ലെന്നതാണ് വസ്തുത. ഏഷ്യാനെറ്റ് ന്യൂസിനെ മലയാള ടിവി റേറ്റിംഗ് ചരിത്രത്തില്‍ ആദ്യമായി പിന്തള്ളിയ ചാനല്‍ എന്ന ചരിത്രത്തിലേക്ക് മാത്രം ട്വന്റി ഫോര്‍ ഒതുങ്ങുകയാണ്. ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചു പിടിച്ച ശേഷം ട്വന്റി ഫോറിന് കാര്യമായ നേട്ടം റേറ്റിംഗില്‍ ഉണ്ടാകുന്നതുമില്ല.

37-ാം ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലെ അന്തരം വെറും അഞ്ചു പോയിന്റ് മാത്രമാണ്. ഇതിനെ റിപ്പോര്‍ട്ടറിന് മറികടക്കാന്‍ കഴിയുമോ എന്നതും ഏവരും പ്രതീക്ഷയോടെ നോക്കി കാണുകയാണ്. ഒരിക്കല്‍ ഒന്നാം സ്ഥാനത്ത് എത്തിയ ശേഷമുള്ള ട്വന്റി ഫോറിന്റെ തിരിച്ചിറക്കം ഏഷ്യാനെറ്റ് ന്യൂസിന് പ്രേക്ഷക മനസ്സുകള്‍ നല്‍കുന്ന അംഗീകരാമായി കരുതുന്നവരുണ്ട്. എല്ലാ കാറ്റഗറിയും ചേര്‍ത്താണ് ഈ കണക്കുകള്‍. എന്നാല്‍ ന്യൂസ് വിഭാഗത്തില്‍ 18 വയസ്സിനുള്ളവരുടെ റേറ്റിംഗിനാണ് പ്രധാനമെന്നും കരുതുന്നവരുണ്ട്.




18 വയസ്സിന് മുകളിലുള്ളവരുടെ കണക്ക് നോക്കിയാല്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണെന്ന വാദവും പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നുണ്ട്. അതായത് ഒരു ഘട്ടത്തിലും ഏഷ്യാനെറ്റ് ന്യൂസിനെ 18 വയസ്സിന് മുകളിലുള്ളവരുടെ ബാര്‍ക്ക് റേറ്റിംഗില്‍ പിന്നിലാക്കാന്‍ ഒരു ചാനലിനും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.