തിരുവനന്തപുരം: മലയാള ന്യൂസ് ചാനല്‍ റേറ്റിംഗിലെ പോര് അതിശക്തം. ഈ വര്‍ഷത്തെ നാല്‍പ്പതാം ആഴ്ചയിലെ റേറ്റിംഗ് പുറത്തു വരുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് അതിശക്തമായ എതിരാളിയായി മാറുകയാണ് റിപ്പോര്‍ട്ടര്‍ ടിവി. വെറും രണ്ടു പോയിന്റ് വ്യത്യാസത്തിലാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഏതാനും ആഴ്ചകളിലായി ഇവര്‍ തമ്മില്‍ വ്യത്യാസം നാലു പോയിന്റോളമുണ്ടായിരുന്നു. ഓണക്കാലത്തിന് ശേഷം വാര്‍ത്താ ചാനലുകളിലേക്ക് പ്രേക്ഷകര്‍ മടങ്ങിയെത്തുകയാണ്. മിക്ക ചാനലുകള്‍ക്കും റേറ്റിംഗ് കൂടി. ജനം ടിവിയും കൈരളി ന്യൂസും 20ന് മുകളില്‍ റേറ്റിംഗില്‍ എത്തി. 39-ാം ആഴ്ചയിലേതിന് സമാനമാണ് റേറ്റിംഗ് എങ്കിലും അതിശക്തമായ മത്സര സൂചനകളാണ് ബാര്‍ക്ക് റേറ്റംഗില്‍ ഇപ്പോള്‍ പുറത്തു വരുന്നത്.

ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 97 പോയിന്റുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് 95ഉം. മൂന്നാം സ്ഥാനത്തുള്ള ട്വന്റി ഫോര്‍ ന്യൂസും പോയിന്റെ ഉയര്‍ത്തി. അവര്‍ക്ക് 78 പോയിന്റാണുള്ളത്. എന്നാല്‍ രണ്ടാമതുള്ള റിപ്പോര്‍ട്ടര്‍ ടിവിയുടെ പോയിന്റില്‍ നിന്നും ബഹുദൂരം പിന്നിലാണ് അവര്‍. മനോരമ ന്യൂസ് 44 പോയിന്റുമായി നാലാമതാണ്. മാതൃഭൂമി ന്യൂസിന് 37 പോയിന്റുണ്ട്. ജനം ടിവിയ്ക്ക് 21 പോയിന്റാണുള്ളത്. കൈരളിയ്ക്ക് 20ഉം. ന്യൂസ് 18 കേരളയ്ക്ക് 17ഉം മീഡിയാ വണ്ണിന് 10 പോയിന്റുണ്ട്. പൊളിട്ടിക്കല്‍ ചാനലുകളായ ജനം ടിവിയും കൈരളി ന്യൂസും പോയിന്റുയര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. പിവി അന്‍വറുയര്‍ത്തിയ ചര്‍ച്ചകളില്‍ സിപിഎമ്മിന്റേയും ബിജെപിയുടേയും രാഷ്ട്രീയ നിലപാടുകള്‍ മനസ്സിലാക്കാനുള്ള താല്‍പ്പര്യം ഇതില്‍ തെളിയുന്നുണ്ട്. കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ സെറ്റ് ടോപ്പ് ബോക്‌സ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വരിക റിപ്പോര്‍ട്ടര്‍ ടിവിയാണ്. ഈ മാര്‍ക്കറ്റിംഗ് തന്ത്രവും റിപ്പോര്‍ട്ടറിന് റേറ്റിംഗില്‍ ഗുണം ചെയ്തിട്ടുണ്ട്.

പരമ്പരാഗത പ്രേക്ഷകരെ കൂടെ നിര്‍ത്തിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം സ്ഥാനത്ത് പിടിച്ചു നില്‍ക്കുന്നത്. പുതുതലമുറകളെ സ്വാധീനിക്കുന്ന അവതരണമാണ് റിപ്പോര്‍ട്ടറിന്റെ കരുത്ത്. ഏറെ മാറ്റങ്ങളുമായി അടുത്ത കാലത്ത് പ്രക്ഷേപണം തുടങ്ങിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ കുതിപ്പ് 24 ന്യൂസിനെ തളര്‍ത്തുകയും ചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസ് - 95, റിപ്പോര്‍ട്ടര്‍ ടിവി - 90, ട്വന്റി ഫോര്‍ - 76, മനോരമ ന്യൂസ് - 43, മാതൃഭൂമി ന്യൂസ് - 37, ജനം ടിവി - 19, കെരളി ന്യൂസ് - 18, ന്യൂസ് 18 കേരള - 15, മീഡിയാ വണ്‍ -10 എന്നിങ്ങനെയാണ് 39-ാം ആഴ്ചയിലെ റേറ്റിംഗുകള്‍. ഈ ആഴ്ച ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉയര്‍ച്ച ഉണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. അഞ്ചു പോയിന്റ് നേട്ടം അവര്‍ക്കുണ്ട്. ഏഷ്യാനെറ്റ് ന്യീസിന് രണ്ടും. ട്വന്റി ഫോറിനും രണ്ടു പോയിന്റെ കൂടിയിട്ടുണ്ട്. മനോരമ ന്യൂസിന് ഒരു പോയിന്റ് ഉയര്‍ച്ചയുണ്ട്. ജനവും കൈരളിയും ഏഷ്യാനെറ്റിന് പോലെ 40-ാം ആഴ്ചയില്‍ രണ്ട് പോയിന്റ് കൂട്ടിയെന്നതാണ് വസ്തുത.

പി വി അന്‍വറുയര്‍ത്തിയ ആരോപണങ്ങളും തൃശൂര്‍ പൂര വിവാദവുമാണ് കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ കാമ്പ്. ഓണക്കാലത്ത് ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രേക്ഷക പ്രതികരണം കുറവായിരുന്നു. പരസ്യങ്ങളുടെ തള്ളിക്കയറ്റവും വാര്‍ത്തകളുടെ സമയത്തെ കുറിച്ചു. അതെല്ലാം മാറി വീണ്ടും വാര്‍ത്തകള്‍ 39-ാം ആഴ്ചയില്‍ സജീവമായി. അന്‍വര്‍ ഉയര്‍ത്തിയ വിവാദവും അതിനോടുള്ള സര്‍ക്കാര്‍ പ്രതികരണവുമെല്ലാം കൂടുതല്‍ ശക്തമായി 40-ാം ആഴ്ചയില്‍ നിറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്‍വറിന്റെ ആരോപണങ്ങള്‍ അതിശക്തമായി ചര്‍ച്ചയാക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. അന്‍വറിനെ കേന്ദ്രീകരിച്ചായിരുന്നു വാര്‍ത്താ അവതരണം. അതെല്ലാം ബാര്‍ക്ക് റേറ്റിംഗില്‍ റിപ്പോര്‍ട്ടറിന് പ്രേക്ഷകരെ കൂട്ടി. അതിനിടെ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ഡിവൈഎസ് പി ബെന്നി നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പ്രതി സ്ഥാനത്ത്.

ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളിയായി റിപ്പോര്‍ട്ടര്‍ ടിവി മാറുമോ എന്ന് അറിയണമെങ്കില്‍ ഇനിയുള്ള ആഴ്ചകളിലെ പോയിന്റ് വിലയിരുത്തല്‍ അനിവാര്യതായണ്. കുറച്ചു കാലം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന് 150 പോയിന്റിന് മുകളില്‍ റേറ്റിംഗുണ്ടായിരുന്നു. ഷിരൂര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ നാളുകളിലും വയനാട് ദുരന്തവുമെല്ലാം നടക്കുമ്പോള്‍ മലയാളികള്‍ ഏറെ കണ്ടത് ന്യൂസ് ചാനലുകളായിരുന്നു. ഇതിനിടെയാണ് റേറ്റിംഗില്‍ 24 ന്യൂസ് ഒന്നാമത് എത്തിയത്. എന്നാല്‍ വിനു വി ജോണിനെ കൂടുതല്‍ സജീവമാക്കി ഏഷ്യാനെറ്റ് ന്യൂസ് മുന്നില്‍ വീണ്ടുമെത്തി. സിന്ധു സൂര്യകുമാറിന്റെ ഹേമാ കമ്മറ്റി കാലത്തെ അഭിമുഖവും പോലീസില്‍ നിന്നുള്ള അരുണ്‍ കുമാറിന്റെ റിപ്പോര്‍ട്ടിങ്ങുമെല്ലാം അതിനിര്‍ണ്ണായകമായി.

അങ്ങനെ റേറ്റിംഗില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പിലേക്ക് എത്തി. ഇതിനിടെ അരുണ്‍കുമാറിന്റെ സജീവതയില്‍ 24ന്യൂസിനെ റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു.