കൊച്ചി: സാറ്റലൈറ്റ് ന്യൂസ് ചാനലായ എം ഫൈവ് ലൈവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ആര്‍. അജിത്ത് കുമാറിനെ ചീഫ് എഡിറ്ററായും ജി. കെ. സുരേഷ് ബാബുവിനെ ന്യൂസ് ഡയറക്ടറായും നിയമിച്ചു.

കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയ കമ്പനിയായ പ്രജ്‌ന ന്യൂസ് എല്‍.എല്‍.പി.യാണ് ഇരുവരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറിയത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ആര്‍. സോംദേവില്‍ നിന്ന് മഹാത്മാഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന പുസ്തകത്തോടൊപ്പം ഇരുവരും നിയമന കത്തുകള്‍ ഔപചാരികമായി ഏറ്റുവാങ്ങി.

അനുഭവസമ്പത്തുള്ള കൈകളിലൂടെ വാര്‍ത്തകള്‍ എന്ന കാമ്പയിനിലൂടെയാകും ചാനല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയെന്ന് സി.ഇ.ഒ. സോംദേവ് അറിയിച്ചു. നിലവില്‍ ദൃശ്യമാധ്യമരംഗത്ത് നടക്കുന്ന അധാര്‍മ്മികമായ മത്സരബുദ്ധിയും ലാഭത്തിനുവേണ്ടി വാര്‍ത്തകളെ വിനോദ ഘടകങ്ങളാക്കി മാറ്റുന്ന രീതിയും സാക്ഷര കേരളത്തിന് ചേര്‍ന്നതല്ലെന്നും, ഇനി അനുഭവസമ്പത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ പത്രപ്രവര്‍ത്തനത്തെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായ പ്രമുഖന്‍ ആര്‍. പ്രേകുമാറിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ചാനല്‍ സജ്ജീകരിച്ചിരിക്കുന്നത്.

വാര്‍ത്താ മാധ്യമരംഗത്ത് മുപ്പത്തിയഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ് ആര്‍. അജിത്ത് കുമാറും ജി. കെ. സുരേഷ് ബാബുവും. മംഗളം ദിനപത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മംഗളം ന്യൂസ് ചാനല്‍ മാനേജിങ്ങ് ഡയറക്ടര്‍, ന്യൂസ് മലയാളം ചാനല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ സ്ഥാനങ്ങള്‍ അജിത്ത് കുമാര്‍ വഹിച്ചിട്ടുണ്ട്. ജനം ടി.വി. ചീഫ് എഡിറ്റര്‍, അമൃത ടി.വി. വാര്‍ത്താ വിഭാഗം മേധാവി എന്നീ ചുമതലകളും മാതൃഭൂമിയില്‍ വിവിധ തസ്തികകളിലും സുരേഷ് ബാബു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചടങ്ങില്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം എന്‍. അളകപ്പന്‍, പബ്ലിക് റിലേഷന്‍സ് കണ്‍സല്‍ട്ടന്റ് രഞ്ജിനി ഹരിദാസ്, പ്രോഗ്രാം ഹെഡ് ഷിബു ചക്രവര്‍ത്തി, ചീഫ് വിഷ്വല്‍ എഡിറ്റര്‍ ടി.ആര്‍. ജിതേഷ്, ഡിജിറ്റല്‍ മീഡിയ എഡിറ്റര്‍ എം. മനോജ്, എച്ച്.ആര്‍. ഹെഡ് വി.ജെ. ടിംസണ്‍, എക്‌സിക്യൂട്ടീവ് ഓഫീസ് മാനേജര്‍ വര്‍ഷ വാസുദേവന്‍, ലൈസണ്‍ ഓഫീസര്‍ റിനോയ് ജോസ്, ബ്രോഡ്കാസ്റ്റ് കണ്‍സല്‍ട്ടന്റ് രാജീവ് മേനോന്‍, ചീഫ് ലൈബ്രറേറിയന്‍ സന്തോഷ് കുമാര്‍, വിനോദ്, സി.ടി.ഒ. ജയപാല്‍, ഇവന്റ്‌സ് മാനേജര്‍ പിങ്കി അരുണ്‍, മോഹന്‍ പുതുശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.