തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് ദിവസം മുമ്പ് വിവാദ നായകനായിരുന്നത് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസാണ്. പിഎം ശ്രീ വിഷയത്തില്‍ ബ്രിട്ടാസ് പാലമായി പ്രവര്‍ത്തിച്ചു എന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദമായത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഇടപാടുകളെ കുറിച്ച് മാധ്യമങ്ങളിലും ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. വിനു വി ജോണ്‍ നയിച്ച ചര്‍ച്ചയില്‍ ബ്രിട്ടാന്റെ ഭാഗം കേള്‍ക്കാത്തതും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതും തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് മാധ്യമപ്രവര്‍ത്തകനായ എന്‍ പി ഉല്ലേഖ് രംഗത്തുവന്നത്.

വിനു വി ജോണിനെ വിമര്‍ശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:

ശ്രീ ജോണ്‍ ബ്രിട്ടാസിനെതിരായി ഇന്നലെ ഏഷ്യനെറ്റ് നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കാമായിരുന്നു. പത്രക്കാരനാണ്. മാധ്യമസ്ഥാപനം നടത്തുന്നയാളാണ്. എഷ്യാനെറ്റില്‍ ജോലിചെയ്തയാളാണ്. താങ്കള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോ. താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നെങ്കിലും ചോദിക്കാമായിരുന്നു. അങ്ങനെ ഒരു വിളിയും വന്നില്ല എന്നാണ് അറിഞ്ഞത്. ചര്‍ച്ച ഏകപക്ഷീയമായി നടത്തുക എന്ന ഉദ്ദേശം മാത്രമാണ് ഏഷ്യാനെറ്റിന് ഉണ്ടായിരുന്നത് എന്നര്‍ത്ഥം.

മറ്റൊരുതരത്തില്‍ നോക്കിയാല്‍ അത്തരമൊരു നീക്കം സ്വാഭാവികമാണ്. കേരളത്തില്‍ ആര്‍എസ്സ്സ്സിന്റെ അല്ലെങ്കില്‍ ബിജെപിയുടെ സ്ട്രാറ്റജിയെപ്പറ്റി യാതൊരു ധാരണയും ഇല്ലാത്തവരാണ് ഭൂരിപക്ഷം മലയാളി പത്രക്കാരും. അക്കാര്യത്തില്‍ അവരേക്കാളും മണ്ടരാണ് ചാനലുകളെചുറ്റിപ്പറ്റി മാത്രം ജീവിക്കുന്ന ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലുള്ള ബുജികള്‍. തങ്ങളെപ്പറ്റി സ്വയം വന്മതിപ്പുള്ള പക്ഷെ യഥാര്‍ത്ഥത്തില്‍ ഒരു ബീഡിക്കുറ്റിയുടെ വിലപോലുമില്ലെങ്കിലും നങ്കൂരങ്ങളുടെ തോഴരായി നടക്കുന്നവരാണ് ഇവര്‍.

സിപിഎംനെ വിമര്‍ശിക്കണം. ആര് പറഞ്ഞു പാടില്ലായെന്ന്. പക്ഷേ ഒരു തരം മതകുശുമ്പ് മാത്രം വെച്ച് നിര്‍ത്താതെ ചിലക്കുന്ന ജമാത്ഞാഞ്ഞൂലുകളുടെ നിലവാരത്തിലേക്കാണ് കേരളത്തിലെ പല ചാനല്‍ ചര്‍ച്ചകളും അധഃപതിക്കുന്നത്. ആരെപ്പറ്റി ചര്‍ച്ച ചെയ്യുന്നോ അദ്ദേഹത്തിന്റെ വേര്‍ഷന്‍ എടുക്കാനുളള ഒരു basic courtesy പോലും പാലിക്കുന്നില്ല.

ഈ വിമര്‍ശന പോസ്റ്റിന് വിനു വി ജോണ്‍ ഇന്നലെ മറുപടി നല്‍കി. ന്യൂസ് അവര്‍ ചര്‍ച്ചയില്‍ തന്നെയാണ് വിനു മറുപടി നല്‍കിയതും. വിനു വി ജോണ്‍ നയിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കരുത് എന്നത് സിപിഎമ്മിന്റെ തീരുമാനമുള്ള കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് വിനു മറുപടി പറഞ്ഞത്. ത്ാന്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ ഭാഗമാകേണ്ട എന്നത് സിപിഎമ്മിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതാണെന്ന് വിനു ചൂണ്ടിക്കാട്ടി.

അതില്‍ നിന്നും മാറ്റമില്ലെന്ന് മാത്രമല്ല, ജോസഫ് സി മാത്യു, ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയവരെയും ബഹിഷ്‌ക്കരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ ജോണ്‍ ബ്രിട്ടാസിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുമായിരിരുന്നില്ലെന്നാണ് വിനു ചൂണ്ടിക്കാട്ടിയത്.

ബ്രിട്ടാസ് പങ്കെടുക്കുമെന്നുള്ള മൗഢ്യം ഇല്ലാതതു കൊണ്ടാണ് വിളിക്കാതിരുന്നത്. എല്ലാ ദിവസവും എകെജി സെന്ററില്‍ വിളിച്ച് ആളെ തരുമോ എന്ന ചോദിക്കാന്‍ പറ്റില്ല. എല്ലാ ദിവസവും അവരുടെ വാതിലില്‍ മുട്ടേണ്ട ഗതികേട് എനിക്കില്ലെന്നും വിനു വ്യക്തമാക്കി. അതേസമയം ബ്രിട്ടാസ് തയ്യാറാണെങ്കില്‍ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ വിളിക്കാന്‍ തയ്യാറാണെന്നും വിനു വി ജോണ്‍ വ്യക്തമാക്കി.