ലണ്ടന്‍: ധനക്കമ്മി നികത്താനുള്ള നെട്ടോട്ടത്തിലാണ് ബി ബി സി ഇപ്പോള്‍. ഏതാണ് 8,47,50,000 പൗണ്ടിന്റെ കുറവാണ് ഇപ്പോള്‍ കോര്‍പ്പറേഷനുള്ളത്. പ്രതിവര്‍ഷം 5 ലക്ഷത്തോളം പേര്‍ ടി വി ലൈസന്‍സുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ ബി ബി സിക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. ഈ കുറവ് നികത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍. അടുത്തിടെയാണ് ലൈസന്‍സ് തുക പ്രതിവര്‍ഷം 169.50 പൗണ്ടാക്കി വര്‍ദ്ധിപിച്ചത്.

ബി ബി സിക്ക് സുസ്ഥിരമായ ഒരു സാമ്പത്തിക സ്ഥിതി കൈവരുത്തുക എന്നത് ഇപ്പോള്‍ അതിന്റെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവിക്ക് മുന്‍പിലുള്ള കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ലൈസന്‍സ് ഫീസിന്റെ ഭാവിയെ കുറിച്ചും ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് ഇപ്പോഴുള്ള രൂപത്തില്‍ തന്നെ നിലനിര്‍ത്തണോ അതോ അതിന് പകരമായി സബ്‌സ്‌ക്രിപ്ഷന്‍ മാതൃക കൊണ്ടു വരണമോ എന്നതാണ് പ്രധാന ആലോചന. ജനുവരി മുതല്‍ ആരംഭിച്ച് രണ്ടു വര്‍ഷക്കാലത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടാകുന്ന ഒരു പുതിയ നികുതി വഴി ധനസമാഹരണം നടത്താമെന്ന ആലോചനയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവിലുള്ള റോയല്‍ ചാര്‍ട്ടര്‍ അവസാനിക്കുന്ന 2027 ന് മുന്‍പായി ഏതെങ്കിലും ഒരു മാര്‍ഗ്ഗം കണ്ടെത്തിയെ പറ്റു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നേരത്തെ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയതോടെ ബിബി സിക്ക് അനുകൂലമായ നിലപാടുകള്‍ ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, വിശ്വസനീയമായ കേന്ദങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന അതല്ല യാഥാര്‍ത്ഥ്യം എന്നതാണ്.

എന്നാല്‍, ഭാവിയിലേക്ക് ഒരു തീരുമാനമെടുക്കാന്‍ ഇനിയും സമയമായിട്ടില്ലെന്ന് കോര്‍പ്പറേഷന്റെ അകത്തുള്ള ചിലര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. കേവലം രാഷ്ട്രീയ ഭീഷണി മാത്രമല്ല ബിബി സി നേരിടുന്നതെന്ന് അവര്‍ പറയുന്നു. വലിയൊരു വിഭാഗം കുടുംബങ്ങള്‍ ബി ബി സിയുടെ ഉള്ളടക്കങ്ങളെ നിരാകരിക്കുമ്പോള്‍, അത് കോര്‍പ്പറേഷന്റെ അസ്തിത്വം വരെ അപ്രസക്തമാക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിലനില്പിന്ന്‌റ്റെ പ്രശ്‌നം കൂടി ഇവിടെ ഉയരുകയാണ്.

ബി ബി സിയുടെ ഭാവി സുരക്ഷിതമാക്കുന്ന ആലോചനകളില്‍ ചാനല്‍ 4 മായി ഉള്ള ലയനവും പരിഗണനയില്‍ ഉണ്ടെന്ന് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതു ഉടമസ്ഥതയിലുള്ള രണ്ട് ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളെ ഒന്നിപ്പിച്ച് ബി ബി സിയുടെ ബാലന്‍സ് ഷീറ്റില്‍ 1 ബില്യന്‍ പൗണ്ടിന്റെ വരുമാനം എത്തിക്കാന്‍ ആകുമെന്നാണ് കരുതുന്നത്.

ഒരു സഹകരണ സ്ഥാപനം അല്ലെങ്കില്‍ ഒരു ബില്‍ഡിംഗ് സൊസൈറ്റി പോലെ ലൈസന്‍സ് ഫീസ് നല്‍കുന്നവര്‍ക്കെല്ലാം ഓഹരികള്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. 2020 ല്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന അവസരത്തില്‍ ലിസ് നാന്ദിയായിരുന്നു ഇത്തരമൊരു നിര്‍ദ്ദേശം ആദ്യമായി മുന്നോട്ട് വച്ചത്.