- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തിവിരിച്ച് കരിമൂർഖൻ ; നിമിഷങ്ങൾക്കുള്ളിൽ കീഴടക്കി കീരി; ഉഗ്രവിഷമുള്ള പാമ്പിനെ ജീവനോട് ഭക്ഷിക്കുന്ന കീരിയുടെ വീഡിയോ വൈറലാകുന്നു
പാമ്പും കീരിയും തമ്മിലുള്ള വിദ്വേഷത്തിന്റെ കഥകൾ പറഞ്ഞു പഴകിയതാണ്. ഇതിനെ പിൻപറ്റി കീരിയും പാമ്പും എന്ന പ്രയോഗംപോലും നമുക്കിടയിലുണ്ട്.അത്തരത്തിൽ ഒരു കീരിയും കരിമൂർഖനും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിസ്സാരമായി തോൽപ്പിച്ചു കളയാം എന്ന ഭാവത്തിലെത്തിയ മൂർഖനെ നിഷ്പ്രയാസം നേരിട്ട് ഒടുവിൽ അകത്താക്കുന്നു കീരിയുടെ ദൃശ്യമാണിത്.
കീരിക്കു മുന്നിൽ പത്തി വിടർത്തി ആക്രമിക്കാൻ ഒരുങ്ങി നിൽക്കുന്ന മൂർഖനെ ദൃശ്യത്തിൽ കാണാം. എന്നാൽ കീരിയുടെ ശരീരത്തിൽ ആഞ്ഞു കൊത്താൻ ശ്രമിക്കുമ്പോഴൊക്കെ അത് അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. ഒന്ന് രണ്ട് തവണ പാമ്പിന് നേരെ കടിക്കാനായി കീരി ശ്രമിച്ചു. എന്നാൽ അപ്പോഴെല്ലാം പാമ്പും ഒഴിഞ്ഞുമാറി. അല്പസമയം ഈ പോരാട്ടം നീണ്ടു. ഒടുവിൽ മൂർഖന്റെ പത്തിയിൽ കടിച്ച് കീരി അതിനെ തോൽപ്പിക്കുകയും ചെയ്തു.
പാമ്പിന്റെ ജീവൻ നഷ്ടപ്പെടുന്നതിനു മുൻപ് തന്നെ അതിനെ കീരി അതിനെ ഭക്ഷിച്ചു. കീരിയും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഒരേസമയം ഭയം ജനിപ്പിക്കുകയും അതേപോലെ കൗതുകം തോന്നുകയും ചെയ്യുന്ന ദൃശ്യമാണിതെന്നാണ് ആളുകൾ അഭിപ്രായം. കീരിയുടെ പ്രത്യാക്രമണശേഷി കണ്ടിട്ട് അദ്ഭുതം തോന്നുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം. ആളറിയാതെ പെരുമാറിയാൽ അനുഭവം ഇതായിരിക്കും എന്ന വലിയൊരു പാഠമാണ് കീരി പറഞ്ഞു തരുന്നതെന്നും കുറിക്കുന്നവരുണ്ട്.
ഇന്ത്യൻ ഗ്രേ മങ്കൂസ് ഇനത്തിൽപ്പെട്ട കീരിയാണ് ദൃശ്യത്തിലുള്ളത്. ഉഗ്രവിഷമുള്ള പാമ്പുകളോട് ഏറ്റുമുട്ടുന്നതിലും അവയെ ഭക്ഷിക്കുന്നതിനും മുൻപന്തിയിലാണ് ഈ ഇനം കീരികൾ. മൂർഖന്റെ ഉഗ്രവിഷത്തെ ചെറുത്തുനിൽക്കാനുള്ള കഴിവ് കീരികൾക്കുണ്ട്. മനുഷ്യരും മറ്റു മൃഗങ്ങളും ഏറെ ഭയത്തോടെ കാണുന്ന മൂർഖനെ പോലും നിസാരമായി ഇവ നേരിടുന്നത് ഇതുകൊണ്ടാണ്. ഏറ്റുമുട്ടലുകൾക്കിടെ പാമ്പിന്റെ കടിയേറ്റാലും കീരികൾ തന്നെ ജയിക്കാനാണ് 80 ശതമാനവും സാധ്യത.