- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉജ്ജ്വല പ്രഭാഷണം: വീഡിയോ കാണാം
തിരുവനന്തപുരം: നമ്മൾ, ഓരോരുത്തരും രാഷ്ട്രശില്പികൾ ആണെന്ന് തിരിച്ചറിയണമെന്നും മൗലിക കർത്തവ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റി അതിന്റെ ഭാഗഭാക്കാകണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദൻ. ജഡ്ജിയെന്ന നിലയിൽ തനിക്ക് മുമ്പാകെ വരുന്ന കേസുകൾ മിക്കതും അവകാശ ലംഘനങ്ങളെ കുറിച്ചുള്ളതാണ്. എന്നാൽ, മൗലികമായ കടമകൾ നിറവേറ്റാൻ സാധിക്കുന്നില്ല എന്നുപറഞ്ഞ് ആരും സമീപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരവും ഭരണഘടനയും വിഭാവനം ചെയ്യുന്നത് ഏവരും സമന്മാരാണെന്ന ആശയമാണ്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ പോലെയുള്ള വിശിഷ്ട വ്യക്തി നമ്മെ പഠിപ്പിച്ചതും ആ പാഠമാണ്. കഴിഞ്ഞ ദിവസം ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ പുരസ്‌കാരദാനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവേയാണ് വെറുപ്പും വിദ്വേഷവും വെടിഞ്ഞ് നമ്മൾ ഓരോരുത്തരും രാഷ്ട്ര ശിൽപികളാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം. വീഡിയോ കാണാം.
'എന്തുകൊണ്ടാണ് നമ്മൾ വിശിഷ്ട വ്യക്തികളുടെ പേരിൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുന്നതും, അവ വിതരണം ചെയ്യുന്നതും എന്ന് ഞാനും നിങ്ങളുമൊക്കെ പലപ്പോഴും ആലോചിക്കാറുണ്ട്. ഒരുവിശിഷ്ട വ്യക്തിയുടെ പേരിൽ അല്ലാതെയും, നമുക്ക് പുരസ്‌കാരങ്ങൾ നൽകാമല്ലോ. കാരണം നമുക്ക് മുമ്പേ കടന്നുപോയ വിശിഷ്ട വ്യക്തിത്വത്തിന്റെ ദർശനത്തിനും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കും മുമ്പാകെ നമ്മൾ ആദരവ് അർപ്പിക്കുകയും, പ്രതിജ്ഞാബദ്ധരാവുകയും ചെയ്യുന്നതുകൊണ്ടാണ്.
ഞാൻ അമേരിക്കൻ കവിയായ ഹെന്റി വാട്‌സ്വേർത്ത് ലോങ്‌ഫെല്ലോയുടെ വരികൾ ഓർക്കുകയാണ്.
Lives of great men all remind us
We can make our lives sublime,
And, departing, leave behind us
Footprints on the sands of time;
ഈ പശ്ചാത്തലത്തിലാണ് ഈ പുരസ്‌കാരത്തിന് സാംഗത്യമേറുന്നത്. ശ്രീചിത്തിര തിരുന്നാളിനെ കുറിച്ച് ഇത്തരമൊരു കേൾവിക്കാരുടെ മുന്നിൽ, വിശേഷിച്ചും തിരുവനന്തപുരത്ത് ഞാൻ ഏറെ പറയേണ്ടതില്ല. എന്നിരുന്നാലും, മഹാരാജാവിനെ കുറിച്ച് ഓർക്കുമ്പോൾ, എന്റെ മനസ്സിനെ ശക്തമായി പിടിച്ചിരുത്തുന്ന ഒരു കാര്യമുണ്ട്. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷം മഹാത്മാ ഗാന്ധി മഹാരാജാവിന് അയച്ച തുറന്ന കത്തിലെ വാക്കുകൾ. ' ജനങ്ങൾ എന്നെ മഹാത്മാവ് എന്ന് വിളിക്കുന്നു. ഞാൻ ആ വിശേഷണം അർഹിക്കുന്നുണ്ടെന്ന് കരുതുന്നില്ല. എന്നാൽ, മഹാരാജാവേ, അങ്ങ് ഇപ്പോൾ ഒരു മഹാത്മാവാണ്.' വെറും 24 ാം വയസിൽ, മഹാരാജാവിന്റെ പിറന്നാൾ തലേന്നാണ്
ഹിന്ദു മതത്തിലെ താഴ്ന്ന ജാതിക്കാർക്കു തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച് ചിത്തിര തിരുനാൾ ബാലരാമ വർമ്മ വിളംബരം പുറപ്പെടുവിച്ചത്. അന്നും ഇന്നും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആ തീരുമാനം രാജ്യത്തിന് വളരെ പ്രസക്തമാണ്.
1936 നവംബർ 12ന് വിളംബരം പുറപ്പെടുവിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും അതിന്റെ അന്തസത്ത പ്രസക്തമാണ്. 'എല്ലാ മനുഷ്യരും സമന്മാരാണെന്ന' സന്ദേശം. ഇന്ത്യ പരമാധികാര രാഷ്ട്രമായാണ് ഭരണഘടനയിൽ വിഭാവനം ചെയ്യുന്നത്. നമ്മൾ ഓരോരുത്തരും രാജാക്കന്മാരും രാജ്ഞിമാരുമാണ്, നമ്മൾ എല്ലാവരും സമന്മാരാണ്. ഒരാളും ഒരാളേക്കാൾ പിന്നോക്കമല്ല. ക്ഷേത്ര പ്രവേശന വിളംബരം കഴിഞ്ഞ് 90 വർഷം പിന്നിടുമ്പോൾ ആ ദർശനം നമ്മൾ ഫലപ്രാപ്തിയിൽ എത്തിച്ചോ എന്നാലോചിക്കണം. കാലത്തിൽ നമുക്ക് മുമ്പേ കടന്നുപോയ വിശിഷ്ട വ്യക്തികൾ അവശേഷിപ്പിച്ചത് എന്തെന്ന് നമ്മൾ തിരിച്ചറിയണം.
ഈ സന്ദർഭത്തിലാണ്, ഈ വർഷം അശ്വതി തിരുനാൾ ലക്ഷ്മിഭായിയെ ശീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത് എന്നെ ആവേശഭരിതനാക്കുന്നത്. ഒരു എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല, ചിത്തിര തിരുനാൾ എന്ന വിശിഷ്ട വ്യക്തിത്വത്തിന്റെ പിന്തുടർച്ചക്കാരിയെന്ന നിലയിലും. ദൈനംദിന ജീവിതത്തിൽ നമുക്ക് പലപ്പോഴും നഷ്ടപ്പെടുന്നതും ചിത്തിര തിരുന്നാളിനെ പോലുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ പകർന്നുതന്ന ആ ദർശനമാണ്.
നമ്മൾ, ഓരോ വ്യക്തികളും രാഷ്ട്രശില്പികളാണ്. അത് നാം തിരിച്ചറിയുന്നില്ലെന്ന് മാത്രം. നമ്മൾ നമുക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും ജീവിക്കുന്നുവെന്നാണ് സ്വയം ധരിക്കുക. പക്ഷേ നിങ്ങൾ ചെയ്യുന്ന ഓരോ കാര്യവും, രാഷ്ട്രത്തിന് വേണ്ടിയാണ്. നമ്മുടെ ജീവിതം എന്നാൽ പൂർണമായ രാഷ്ട്ര നിർമ്മാണമാണ്. ഈ വസ്തുതയാണ് ശ്രീചിത്തിര തിരുനാൾ നമ്മെ പഠിപ്പിച്ചത്. അദ്ദേഹം രാഷ്ട്രത്തിന് വേണ്ടി സ്വയം സമർപ്പിച്ചു.
നമുക്ക് ചുറ്റും ഇപ്പോൾ കാണുന്ന സംഘർഷവും വിദ്വേഷവുമെല്ലാമാണോ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്്? ഇതിലൂടെയാണോ നമ്മുടെ സംസ്ഥാനവും രാജ്യവും കടന്നുപോകേണ്ടത്? അതിനെ കുറിച്ചാണ് നമ്മൾ മനസ്സിരുത്തി ആലോചിക്കേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്നത് അനുസരിച്ച് നമ്മുടെ മൗലികമായ അവകാശങ്ങളെ കുറിച്ച് മാത്രമല്ല, നമ്മുടെ കടമകളെ കുറിച്ചും ബോധവാന്മാരാകേണ്ടതും അതിന് അനുസരിച്ച് പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ-(മൗലിക കർത്തവ്യങ്ങൾ) പ്രകാരം ദേശസ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ ഐക്യം സംരക്ഷിക്കുന്നതിനും സംഭാവന നൽകാനുള്ള എല്ലാ പൗരന്മാരുടെയും ധാർമ്മിക ബാധ്യതയായിട്ടാണ് അടിസ്ഥാന കടമകളെ വിവരിക്കുന്നത്. ജഡ്ജിയെന്ന നിലയിൽ എനിക്ക് മുമ്പാകെ എത്തുന്ന കേസുകൾ മിക്കതും സ്വന്തം അവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നതിന്റെ പേരിലാണ്. എന്നാൽ, ഒരാൾ പോലും മൗലികമായ കടമ നിറവേറ്റാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ് സമീപിക്കാറില്ല. മൗലിക കടമകളിൽ ഏറ്റവും പ്രധാനം എന്റെ അഭിപ്രായത്തിൽ രാഷ്്ട്ര നിർമ്മാണമാണ്....'
ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ 2022-ലെ പുരസ്‌കാരം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്കും 2023ലെ പുരസ്‌കാരം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും സമ്മാനിച്ചു.