- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളമോ? അതോ മീഞ്ചന്തയോ? കബൂൾ എയർപോർട്ടിൽ നാടകീയ കാഴ്ച്ചകൾ; വിദേശികൾക്കൊപ്പം നാടുവിടാൻ ഒഴുകിയെത്തി പരിഷ്കാര പ്രേമികൾ; എങ്ങനെയും വിമാനത്തിൽ കയറിപ്പറ്റാൻ ഇടിയോടിടി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രാകൃതഭരണം ഏതാണ്ട് ഉറപ്പായതോടെ നാടുവിടാൻ തത്രപ്പെടുകയാണ് പുരോഗമനവാദികളായ തദ്ദേശീയരും. പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ വരെ ഭീകരരുടെ ആധിപത്യം ഉറച്ചതോടെ എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമത്തിൽ കാബൂൾ വിമാനത്താവളത്തിലെ റൺവേയിൽ പോലും അവർ കൂട്ടംകൂടുന്നു. പ്രസിഡണ്ട് നാടുവിട്ട വാർത്ത പുറത്തായതോടെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളങ്ങളിലേക്ക് ആയിരക്കണക്കിന് വിദേശികളും ഒഴുകിയെത്തി. അമേരിക്കൻ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കൻ അമേരിക്കൻ സൈന്യവും രംഗത്തെത്തിയതോടെ വിമാനത്താവള പരിസരങ്ങളിൽ നിന്നും വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു.
വാണിജ്യ വിമാന സർവ്വീസുകൾ റദ്ദ് ചെയ്തതായും സൈനിക വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നതെന്നും നാറ്റോ വക്താവ് അറിയിച്ചു. എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ നടന്നുപോകാൻ ആവശ്യമായ സഹായങ്ങൾ ഇപ്പോൾ നൽകുന്നത് നാറ്റോയാണ്. അതേസമയം, ആയുധങ്ങളുമേന്തി തലസ്ഥാന നഗരിയിൽ പ്രവേശിച്ച താലിബാൻ ഭീകരർ നഗരത്തിൽ ചുറ്റുകയാണ്. ഉപേക്ഷിക്കപ്പെട്ടുപോയ പ്രസിഡണ്ടിന്റെ കൊട്ടാരത്തിലും അവർ എത്തിച്ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ പലരുമായും കൂടിയാലോചനകൾ നടത്തുമെന്നും തുറന്ന സമീപനമുള്ള,എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന ഇസ്ലാമിക നിയമത്തിൽ അടിസ്ഥാനമായ ഒരു സർക്കാർ രൂപീകരിക്കുമെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു.
പൗരന്മാരെ ഒഴിപ്പിക്കുന്ന നാറ്റൊ സഖ്യത്തിന്റെ നടപടിയെ എതിർക്കുകയില്ലെന്ന് പറഞ്ഞ താലിബാൻ പക്ഷെ സന്നദ്ധ സംഘടനകളും എംബസികളും അഫ്ഗാനിൽ തുടരണമെന്ന് ആവശ്യപ്പെട്ടു. അവർക്ക് നേരെ യാതൊരു വിധത്തിലുള്ള ആക്രമങ്ങളും ഉണ്ടാകില്ലെന്നും അവർ ഉറപ്പു പറയുന്നു. എന്നാൽ, അഫ്ഗാൻ പൗരന്മാരെ നാടുവിടാൻ അനുവദിക്കില്ലെന്നും താലിബാൻ വ്യക്തമാക്കി. അതേസമയം, ബ്രിട്ടനുമായി സഹകരിച്ചു പ്രവർത്തിച്ച പരമാവധി അഫ്ഗാൻകാരെ രാജ്യത്തിന് വെളിയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന നിലപാടാണ് ബോറിസ് ജോൺസന്റേത്.
തീവ്രവാദികൾ നഗരം വളഞ്ഞതോടെ പ്രസിഡണ്ട് അഷറഫ് ഘാനി രാജ്യം വിട്ടതായ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് എന്ന് പ്രധാനമന്ത്രിയും സമ്മതിച്ചു. രാജ്യം വീണ്ടും സഖ്യകക്ഷികളുടെ പിടിയിൽ ആകാതിരിക്കാൻ ബ്രിട്ടനും സഖ്യകക്ഷികളും സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം തുടർന്നു. നിലവിൽ 600 ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി രാജ്യം വിടുന്നതിൽ സഹായിക്കുക എന്നതാണ് അവരുടെ ദൗത്യം.
മറ്റു പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ്. അമേരിക്കൻ എംബസിയിൽ നിന്നും വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്ററുകൾ തുടരെത്തുടരെ സർവ്വീസ് നടത്തുകയാണ്. എംബസിയിൽ നിന്നും കനത്ത പുക ഉയരുന്നുണ്ട്. അതീവ പ്രാധാന്യമുള്ള പല രേഖകളും കത്തിച്ചു നശിപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളിൽ പറയുന്നത്. അതേ സമയം എംബസി ജീവനക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്താവളത്തിനടുത്തുള്ള ഒരു സങ്കേതത്തിൽ എത്തിച്ചതായി അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. വരുന്ന ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ കാബൂൾ എംബസിയിലെ ഒട്ടുമിക്ക ജീവനക്കാരെയും തിരിച്ച് അമേരിക്കയിൽ എത്തിക്കും എന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
നാറ്റോ അംഗങ്ങളായ ജർമ്മനിയും ഫ്രാൻസും തങ്ങളുടെ എംബസി ജീവനക്കാരെ വിമാനത്താവളങ്ങളിൽ എത്തിച്ചതായി സ്ഥിരീകരിച്ചു. സൈനിക വിമാനങ്ങളിൽ ഇവരെസുരക്ഷിതമായി നാട്ടിലെത്തിക്കും. അതോടൊപ്പം അവർക്ക് സഹായങ്ങൾ നൽകിയിരുന്ന അഫ്ഗാൻ പൗരന്മാർക്കും രാജ്യം വിടാനുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുമെന്നും ഇവർ പറഞ്ഞു. വരുന്ന 30 ദിവസങ്ങൾക്കുള്ളിൽ കാബൂൾ പൂർണ്ണമായും താലിബാൻ വളയുമെന്നും അടുത്ത 90 ദിവസത്തിനുള്ളിൽ രാജ്യം താലിബാന്റെ പൂർണ്ണ ആധിപത്യത്തിൽ വരുമെന്നും ഇതിനിടെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുവാനും അവരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുവാനും ആയിരത്തോളം അമേരിക്കൻ സൈനികരാണ് ഇപ്പോൾ അഫ്ഗാനിലുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ സൈന്യത്തെ ഇറക്കുമെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 3000 ത്തോളം അമേരിക്കൻ സൈനികർ കുവൈറ്റിൽ ഇതിനായി തയ്യാറായിക്കഴിഞ്ഞു. അഫ്ഗാൻ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനും തീവ്രവാദത്തിനെതിരെ പോരാടാൻ സുസജ്ജമാക്കുന്നതിനും അമേരിക്ക ലക്ഷക്കണക്കിന് ഡോളർ ചെലവാക്കിയിട്ടും അഫ്ഗാൻ സൈന്യം പരാജയപ്പെടുകയാണെന്ന് അമേരി9ക്കൻ വക്താവ് കൂട്ടിച്ചേർത്തു.
2001 സെപ്റ്റംബർ 11 ലെ ആക്രമണത്തിനു ശേഷം ബിൻ ലാഡനെ പിടികൂടുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു അമേരിക്ക അഫ്ഗാൻ മണ്ണിലെത്തുന്നത്. അത് സാധിക്കുകയും ചെയ്തു. അതോടെയാണ് അമേരിക്ക ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്നും പിന്തിരിയുന്നത്. ഇതിനെതിരെ പ്രസിഡണ്ട് ജോ ബൈഡന് കടുത്ത വിമർശനം ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ, മറ്റൊരു രാജ്യത്ത് അമേരിക്കൻ സൈനികർ അവസാനമില്ലാതെ തുടരുന്നതിനോട് തനിക്ക് യോജിക്കാനാവില്ല എന്നാണ് ബൈഡന്റെ വാദം. എന്നാൽ, അഫ്ഗാനിൽ താലിബാൻ വീണ്ടും അധികാരത്തിലെത്തുന്നത് അമേരിക്കയ്ക്ക് ഭീഷണിയാകും എന്നാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
മറുനാടന് ഡെസ്ക്