ദിവസങ്ങളായി നിലനിന്നിരുന്ന ചലപ ചുഴലിക്കാറ്റിൽ നിന്ന് മോചനം ലഭിച്ച ആശ്വാസത്തിലാണ് ഒമാൻ ജനത. ദിവസങ്ങളായി കേൾക്കുന്ന ചപാല കൊടുക്കാറ്റ് ഭീതി വിതിച്ചിരുന്നെങ്കിൽ ഒമാനിൽ നാശനഷ്ടങ്ങൾ വരുത്താതെ കടന്ന് പോയി.

എന്നാൽ യെമനിൽ എത്തിയ കൊടുങ്കാറ്റ് അവിടെ താണ്ഡവമാടുകയാണ്. ഇത് വരെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു കഴിഞ്ഞി. കനത്ത മഴയും വെള്ളപ്പൊക്കവും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. മണിക്കൂറിൽ നൂറ് കിലോ മീറ്റർ വേഗതയിലാണ് ചപല യെമനിൽ വീശിയടിച്ചത്. ഹദ്രാമാവത്, ഷബ് വ പ്രവിശ്യകളിൽ ചപല കനത്ത നാശം വിതച്ചു.

യെമനിലെ സൊക്കോട്ര ഐലന്റിലും കാറ്റ് കനത്ത നാശം വിതച്ചിരുന്നു. 200ലേറെ പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ചില കുടിലുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഹദർമൗത് പ്രവിശ്യയുടെ തലസ്ഥാനമായ മുകല്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ട്. ഏതാനും മലയാളികൾ താമസിക്കുന്ന ഇവിടെ കാറ്റിനെയും മഴയെയും തുടർന്ന് ടെലിഫോൺ ബന്ധം തകരാറിലാണ്. അതിനാൽ, ഒമാനിലും മറ്റുമുള്ള പരിചയക്കാർ വിവരങ്ങളറിയാതെ ആശങ്കയിലാണ്.

ഒമാനിൽ ചുഴലിക്കാറ്റു ഭീതി ഒഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്ത മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു. കാറ്റിന്റെ പരോക്ഷ പ്രതിഫലനമായി ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട ഇടിയോടെയുള്ള മഴക്ക് സാധ്യതയുണ്ട്. കടൽത്തീരങ്ങൾ പ്രക്ഷുബ്ധമാവാനും മൂന്നു മുതൽ അഞ്ചു മീറ്റർ വരെ ഉയരത്തിൽ തിരമാലകളുയരാനും ഇടയുണ്ട്. സലാല, ഹാസിക്, സാദാ, മിർബാത്ത്, ഷലീം അൽ വുസ്തയിലെ അൽ ജാസിർ എന്നിവിടങ്ങളിലാണ് ഇന്നലെ മഴയുണ്ടായത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു തന്നെയാണ് ഇപ്പോൾ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. കനത്ത മഴയിൽ അപകട സാധ്യതയുള്ളതിനാലാണിത്.