ലുധിയാന : പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജിത്ത് സിങ് ഛന്നിയെ പ്രഖ്യാപിച്ചു. ലുധിയാനയിൽ നടന്ന വിർച്വൽ റാലിയിൽ വച്ച് രാഹുൽ ഗാന്ധിയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഛന്നിയും നവ്ജ്യോത് സിങ് സിദ്ദുവും പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു പ്രഖ്യാപനം.

ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നാണ് രാഹുൽ പ്രഖ്യാപന വേളയിൽ പറഞ്ഞത്. നരേന്ദ്ര മോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല.

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര് വേണമെന്ന് എല്ലാവരിൽ നിന്നും അഭിപ്രായം തേടിയിരുന്നു. പഞ്ചാബിലെ ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും രാഹുൽ ചടങ്ങിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിന് താൻ പൂർണ്ണ പിന്തുണ നൽകുമെന്ന് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു ചടങ്ങിൽ പറഞ്ഞു. ചരൺജിത്ത് സിങ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനീയമായ ഭരണം കാഴ്ചവച്ചിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു. മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ, പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസ് തന്ന അവസരങ്ങളിലെല്ലാം സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും നവ്‌ജോത് സിങ് സിദ്ദുവിനെയും ജാക്കറിനെയും പോലുള്ള നേതാക്കൾ പഞ്ചാബ് കോൺഗ്രസിന്റെ അനുഗ്രഹമാണെന്നും ഛന്നി പ്രതികരിച്ചു. കാർഷിക നിയമത്തിനെതിരായ സമരത്തിൽ 700 കർഷകർ മരിക്കാൻ കാരണം ബിജെപിയും അകാലിദളും ആം ആദ്മി പാർട്ടിയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി ജനവിധി തേടുന്നത്. ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി മത്സരിക്കുക. 2007ൽ ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നുമാണ് ഛന്നി നിയമസഭയിലെത്തിയത്. ക്യാപ്റ്റൻ അമരീന്ദർ സിങ് മന്ത്രിസഭയിൽ മന്ത്രിയായും 2015 - 16 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും ചരൺജിത്ത് സിങ് ഛന്നി പ്രവർത്തിച്ചിട്ടുണ്ട്.

അമരീന്ദർ സിങ് രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി കൂടിയാണ് ഛന്നിയെന്നതും ശ്രദ്ധേയമാണ്. 117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുക.

നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സിദ്ദുവും ചരടുവലികൾ നടത്തിയിരുന്നുവെങ്കിലും ഹൈക്കമാൻഡ് പിന്തുണയോടെ ഛന്നി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സാധാരണയായി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ല. എന്നാൽ പഞ്ചാബിൽ നേതൃതർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതി അവലംബിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കിയാണ് ചന്നിയെ തിരഞ്ഞെടുത്തതെന്നാണ് വിശദീകരണം.

നേരത്തെ നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി പിസിസി പ്രസിഡന്റ് കൂടിയായ സിദ്ദു രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് അവരുടെ താളത്തിനൊത്ത് തുള്ളുന്ന ദുർബല മുഖ്യമന്ത്രിയെയാണ് വേണ്ടതെന്നായിരുന്നു പ്രതികരണം. ഈ എതിർപ്പുകളെയെല്ലാം മാറ്റി നിർത്തിയാണ് സിദ്ദു രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പ്രഖ്യാപനത്തിന് ഒരു മുഴം മുന്നേയെറിഞ്ഞ് പഞ്ചാബിലെ കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു നേരത്തെ രംഗത്ത് എത്തിയിരുന്നു. . രാവിലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സന്ദേശമയച്ചാണ് സിദ്ദു സ്ഥാനാർത്ഥിത്വത്തിനോടുള്ള മോഹം പരോക്ഷമായി പ്രകടിപ്പിച്ചത്. രാഹുൽ ഗാന്ധി സ്വീകരിക്കുന്ന ഏത് തീരുമാനവും ഏവരും അനുസരിക്കുമെന്നാണ് സിദ്ദു ട്വിറ്ററിൽ കുറിച്ചത്. ലുധിയാനയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് ചൗധരി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിന്റെ സന്ദേശം

പഞ്ചാബ് മുഖ്യമന്ത്രി പദവി ഏറെ നാളായി നോട്ടമിട്ടിരിക്കുകയാണ് സിദ്ദു. ആത്മാർത്ഥതയുള്ള, ക്‌ളീൻ ട്രാക്ക് റെക്കോർഡുള്ള ആളിനെയായിരിക്കണം പാർട്ടി തിരഞ്ഞെടുക്കേണ്ടതെന്ന് സിദ്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെപ്റ്റംബറിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റിയപ്പോഴും മുഖ്യമന്ത്രിയായി തന്നെ അവരോധിക്കുമെന്ന് സിദ്ദു ആഗ്രഹിച്ചിരുന്നു. എന്നാൽ ചന്നിയെയായിരുന്നു മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തത്. പിന്നാലെ പാർട്ടിയുടെ അദ്ധ്യക്ഷനായി സിദ്ദുവിന് ചുമതല നൽകുകയും ചെയ്തിരുന്നു.