കോഴിക്കോട്: ഡിവൈഎസ്‌പിയുടെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സിഐക്കെതിരെ കുറ്റപത്രം. എന്നാൽ ഡിവൈഎസ്‌പിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് എല്ലാത്തിനും കാരണമെന്നാണ് വാദം. പിടിക്കപ്പെട്ടപ്പോൾ അത് പീഡനവും മാനഭംഗവുമായി. ഭർത്താവിന്റെ താൽപ്പര്യത്തിന് അനുസരിച്ച് മൊഴിയും നൽകി. ഇതോടെയാണ് സിഐ കുടുങ്ങിയത് എന്നാണ് ആക്ഷേപം.

കസബ ചിന്താവളപ്പിലെ പൊലീസ് ഓഫിസ് ക്വാർട്ടേഴ്‌സിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. കേസിൽ വിജിലൻസ് സ്‌പെഷൽ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ടി.പി. ശ്രീജിത്തിനെതിരെയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എസ്. മുരളീധരനാണു കേസ് അന്വേഷിച്ചത്. 2011 ഡിസംബർ 11നായിരുന്നു സംഭവം. സാക്ഷിമൊഴികളുടെയും രേഖാപരമായ തെളിവിന്റെയും മറ്റു സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണു ശ്രീജിത്തിനെ പ്രതിയാക്കി കുറ്റപത്രം നൽകിയത്.

പരാതിക്കാരിയുടെ ഫോണിലേക്ക് സിഐ അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. ഇതാണ് പ്രധാന തെളിവായി മാറിയത്. തുടർന്ന് രാത്രി വിളിച്ചു ശല്യപ്പെടുത്തിയതായും ഡിവൈഎസ്‌പി ശബരിമലയിൽ ഡ്യൂട്ടിക്കു പോയ സമയത്തു പരാതിക്കാരി താമസിക്കുന്നിടത്തെത്തി അടച്ചിട്ട വാതിൽ തള്ളിത്തുറന്ന് അകത്തു കയറി കടന്നുപിടിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഡയറി നൽകാനെന്ന വ്യാജേന രാത്രി ക്വാർട്ടേഴ്‌സിലെത്തി ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. സിഐയുടെ മൊബൈൽ നമ്പറിൽനിന്ന് സ്ത്രീകളുടെ നമ്പറുകളിൽ നിരന്തരം കോളുകളും അശ്‌ളീല മെസേജുകളും പോയതായി പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതും വിനയായി. 2012ൽ ശ്രീജിത്തിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരുന്നു ഇത്.