തൃശൂർ: കാശിന്റെ കരുത്തിൽ നിയമസംവിധാനങ്ങളെ അട്ടിമറിച്ച് പുറത്തിറങ്ങി കറങ്ങാമെന്ന വിവാദ വ്യവസായി നിസാമിന്റെ മോഹം ഇനി നടക്കില്ല. മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങളുടെ ഇടപെടലിനെതുടർന്ന് ചന്ദ്രബോസ് കൊല്ലകേസിൽ നിസാമിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊതുസമൂഹത്തിന്റെ നിരന്തര ഇടപെടലുകളെ തുടർന്നാണ് സംഭവം നടന്ന് 65-ാം ദിവസം കുറ്റ പത്രമായത്. വിചാരണ ഉടൻ തുടങ്ങുമെന്നതിനാൽ നിസാമിന് ഇനി ജാമ്യം നൽകേണ്ടതില്ല. കാപ്പയുൾപ്പെയുള്ള നിയമങ്ങളുടെ കരുതൽ തടങ്കൽ കാലാവധി തീർന്നാലും ജയിൽ മോചനം ഇനി സാധ്യമാകില്ല. വിചാരണ കഴിഞ്ഞ് വിധി അറിയും വരെ നിസാമിന് ജയിലിൽ കഴിയേണ്ടി വരും.

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ കുന്നംകുളം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയ പരിശോധനകളുടെ ഫലങ്ങൾക്കൊപ്പം നൂറോളം സാക്ഷികളുടെ മൊഴിയും കുറ്റപത്രത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. 12 സാക്ഷികളുടെ മൊഴി 164 പ്രകാരമാണു രേഖപ്പെടുത്തിയിരിക്കുന്നത്. കേസിലെ പ്രതിയായ വിവാദ വ്യവസായി നിസാമിന്റെ ഭാര്യ അമലിനേയും പ്രോസിക്യൂഷൻ സാക്ഷിയായി ഉൾപെടുത്തിയിട്ടുണ്ട്. ശോഭാ സിറ്റിയുടെ ഗേറ്റ് തുറക്കാൻ വൈകിയതിനെ തുടർന്നാണ് ചന്ദ്രബോസിനെ നിസാം ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ നിസാമിന്റെ പേരിൽ കാപ്പ നിയമം ചുമത്തിയിരുന്നു. ഏപ്രിൽ 10 മുതൽ കോടതികൾ അവധിയായതിനാൽ അതിനു മുൻപ് കുറ്റപത്രത്തിന് നമ്പറിട്ട് നടപടികൾ പൂറത്തിയാക്കാനുള്ള അപേക്ഷയും ഇന്നു തന്നെ നൽകി.

മുൻവൈരാഗ്യമാണ് ചന്ദ്രബോസിന്റെ കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്. ചന്ദ്രബോസിനെ കൊല്ലുമെന്ന് നിസാം നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ട്. ശോഭാ സിറ്റിയിലേക്ക് അസമയത്ത് വരുന്ന വാഹനങ്ങൾ സെക്യൂരിറ്റിക്കാരനായ ചന്ദ്രബോസ് തടയുന്നതായിരുന്നു വൈരാഗ്യത്തിന് കാരണമെന്നാണ് വിശയദീകരണം. 15 സാക്ഷികൾ മൊഴി നൽകിയെന്നും കുറ്റപത്രം വിശദീകരിക്കുന്നു.

ചന്ദ്രബോസിനെ ആക്രമിക്കുന്നത് കണ്ട സാക്ഷികളും നിസാമിന്റെ ഭാര്യയും അടക്കം മുപ്പതിലേറെ ശാസ്ത്രീയ തെളിവുകളും 43 തൊണ്ടികളും 113 സാക്ഷിമൊഴികളും ഉൾപ്പെടുന്നതാണ് കുറ്റപത്രം. 1500 പേജുള്ള കുറ്റപത്രം മൂന്ന് ഭാഗങ്ങളായാണ് സമർപ്പിച്ചിരിക്കുന്നത്. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകളാണ് നിസാമിനെതിരെ ചുമത്തയിരിക്കുന്നത്. ആയിരത്തോളം പേജുകൾ വരുന്ന കുറ്റപത്രത്തിൽ മൂന്ന് സീനുകളായി തിരിച്ചാണ് ആക്രമണം വിവരിക്കുന്നത്. ഒന്നാം സീനിൽ തൃശൂർ നഗരം മുതൽ ശോഭാ സിറ്റിവരെയുള്ള നിസാമിന്റെ യാത്രയാണ്. അമിത വേഗതയിലാണ് ഈ സമയമത്രയും നിസാം വാഹനമോടിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നു.

ഇത് സ്ഥിരീകരിക്കുന്നതിന് നാലു സാക്ഷികളുടെ മൊഴികളും നൽകിയിട്ടുണ്ട്. രണ്ടാം സീൻ ആക്രമണ രംഗമാണ്. ശോഭാ സിറ്റിയിൽ ചന്ദ്രബോസിനു നേർക്കു നടന്ന ആക്രമണമാണ് ഈ സീനിലുള്ളത്. ഇതിന്റെ സാക്ഷികളായ, പന്ത്രണ്ട് പേരുടെ രഹസ്യമൊഴി, കാറിന്റെ അമിത വേഗത, വാഹനത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം എന്നിവയും ഉൾപ്പെടുന്നു. മൂന്നാം സീനും ചന്ദ്രബോസിനു നേരെ നടന്ന അതിക്രൂരമായ മർദ്ദനമാണ് വിവരിക്കുന്നത്. വാഹനം ഇടിപ്പിച്ച് അവശനിലയിലാക്കിയ ചന്ദ്രബോസിനെ വാഹനത്തിൽ വലിച്ചുകയറ്റി പാർക്കിങ് ഗ്രൗണ്ടിൽ കൊണ്ടുപോയുന്ന മർദ്ദനമാണ് ഇതിടെ വിവരിക്കുന്നത്.

സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി.പി ഉദയഭാനുവിന്റെ സഹകരണത്തോടെ കമ്മിഷണർ ആർ. നിശാന്തിനിയുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയാറാക്കിയത്. പരമാവധി ശിക്ഷ നിസാമിന് ഉറപ്പാക്കുമെന്നാണ് പ്രോസിക്യൂഷൻ വാദം. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്, ചന്ദ്രബോസിന്റെ മെഡിക്കൽ റിപ്പോർട്ട്, ശോഭാ സിറ്റിയിൽ ഫോറൻസിക് വിദഗ്ദ്ധർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട്, ചന്ദ്രബോസിനെ ഇടിക്കാൻ ഉപയോഗിച്ച വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. നിസാമിന്റെ ഭാര്യ അമലിനെ പതിനൊന്നാം സാക്ഷിയായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊഴി കേസിൽ നിർണായകമാകും.

സംഭവസമയത്ത് ഇവരും നിസാമിന്റെ കൂടെയുണ്ടായിരുന്നെന്നാണ് സാക്ഷിമൊഴി. അമലിന്റെ രഹസ്യമൊഴി സെക്ഷൻ 164 പ്രകാരം മജിസ്‌ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ, മറ്റ് തൊഴിലാളികൾ, ഫ് ളാറ്റിലുണ്ടായിരുന്നവർ, പരിശോധിച്ച ഡോക്ടർ എന്നിവരുൾപ്പെടെ 12 പ്രധാന സാക്ഷികളുടെ രഹസ്യമൊഴികളും പൊലീസ് മജിസ്‌ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. കൂറുമാറ്റം തടയാനാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയാണ് കേസിൽ പന്ത്രണ്ടാം സാക്ഷി.

ജനവരി 29 ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ കാറിലെത്തിയ നിസാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാർകൊണ്ടിടിപ്പിക്കുകയും പിന്നീട് വടികൊണ്ട് മർദ്ദിക്കുകയുമായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലാക്കിയത്. അന്വേഷണത്തിന്റെ തുടക്കത്തിൽ ചന്ദ്രബോസിന്റെ മരണമൊഴിയും വസ്ത്രവും ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിന് നഷ്ടമായിരുന്നു. എന്നാൽ ശക്തമായ കുറ്റപത്രമാണ് സമർപ്പിക്കുന്നതെന്നും ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ചന്ദ്രബോസ് ആശുപത്രിയിൽ വച്ച് ഫെബ്രുവരി 16നാണ് മരിക്കുന്നത്.