സ്മാർട്ട്‌ഫോൺ രംഗത്ത് അനുനിമിഷം നൂതനമായ കുതിച്ച് ചാട്ടങ്ങളാണുണ്ടായിരിക്കൊണ്ടിരിക്കുന്നത്. എന്നാൽ എന്തൊക്കെ പുരോഗതികളുണ്ടായാലും മൊബൈൽഫോണുകളിലെ ബാറ്ററികളുടെ ചാർജിങ് എന്നുമൊരു വില്ലനായാണ് നിലകൊള്ളുന്നത്. നിശ്ചിത മണിക്കൂറുകൾ മാത്രമെ ഫോണുകളിലെ ബാറ്ററികളുടെ ചാർജ് നിനിൽക്കുകയുള്ളുവെന്നത് എപ്പോഴുമൊരു കീറാമുട്ടിയായി നിലകൊള്ളുകയാണ്. ബാറ്ററി തീർന്നാൽ അത് ചാർജ് ചെയ്യാൻ ചിലഫോണുകളിൽ സമയമേറെയെടുക്കാറുമുണ്ട്. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലരും ഫോണുകളുടെ ബാറ്ററികൾ യഥാസമയം മറന്ന് പോകാറുണ്ട്. ചാർജിംഗിനായി സോക്കറ്റിലിട്ടാൽ അത് ഫുൾ ചാർജാകുന്നത് വരെ കാത്തു നിൽക്കാൻ മിക്കവർക്കും ക്ഷമയും സമയവുമില്ലതാനും. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു ഒറ്റമൂലിയുമായാണ് ഇപ്പോൾ ഗവേഷകർ രംഗത്തെത്തയിരിക്കുന്നത്. രണ്ട് മിനുറ്റ് കൊണ്ട് ചാർജ് ചെയ്യാകുന്ന ബാറ്ററികളാണ് ഗവേഷകർ ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്മാർട്ട്‌ഫോണുകളുടെയും ഇലക്ട്രിക് കാറുകളുടെയും രംഗത്ത് ഇത് ഒരു വിപ്ലവത്തിന് തിരികൊളുത്തുമെന്നുറപ്പാണ്.

തങ്ങൾ വികസിപ്പിച്ചെടുത്ത് പുതിയ ബാറ്ററികൾ 70 ശതമാനം ചാർജ് ചെയ്യാൻ വെറും രണ്ട് മിനുറ്റ് മാത്രം മതിയെന്നാണ് സിംഗപ്പൂരിലെ ഗവേഷകർ അവകാശപ്പെടുന്നത്. ഇപ്പോഴുള്ള ബാറ്ററികളേക്കാൾ പത്തിരട്ടി സമയം നിലനിൽക്കാനുള്ള ശേഷിയും പുതിയബാറ്ററികൾക്കുണ്ടത്രെ. പുതിയ കണ്ടുപിടിത്തം മിക്ക വ്യവസായമേഖലകളിലും പ്രത്യേകിച്ച് ഇലക്ട്രിക് കാർ സ്മാർട്ട്‌ഫോൺ രംഗത്ത് ചടുലമായ മാറ്റങ്ങൾക്ക് വഴിമരുന്നിടുമെന്നാണ് നൻയാൻഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ സയന്റിസ്റ്റുകൾ അവകാശപ്പെടുന്നത്. കുറേ സമയം റീചാർജ് ചെയ്യേണ്ടി വരുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികൾക്ക് ഇന്ന് കുറച്ച് കാലം മാത്രമെ ആയുസ്സുള്ളൂ. ഈ പ്രശ്‌നത്തിനും പുതിയ തരം ബാറ്ററികളിലൂടെ പരിഹാരമുണ്ടാകുമെന്നാണവർ പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോക്താക്കൾക്ക് ബാറ്ററി മാറ്റാനുള്ള ചെലവ് ഇതിലൂടെ ലാഭിക്കാം. അതിന് പുറമെ ഇവ മിനുറ്റുകൾക്കുള്ളിൽ റീചാർജ് ചെയ്യാനുമാകും.

സാധാരണകാറുകളിൽ പെട്രോൾ നിറയ്ക്കുന്ന സമയത്തിനുള്ളിൽ ഇലക്ട്രിക് കാറുകളുടെ ബാറ്ററികൾ ഇതിലൂടെ ചാർജ് ചെയ്യാമെന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയ അസോസിയേറ്റ് പ്രഫസർ ചെൻ ക്‌സിയാഡോംഗ്‌പ്രൊഫ് ചെൻ പറയുന്നത്. ഇന്ന് നിലവിലുള്ള ലിഥിയം അയേൺ ബാറ്ററികളേക്കാൾ പത്തിരട്ടി സമയം അധികം നിലനിൽക്കുന്നതിനാൽ ബാറ്ററി മാലിന്യത്തെ കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ന് മൊബൈൽ ഫോണുകൾ, ടാബ്ലറ്റ്, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ലിഥിയം അയേൺ ബാറ്ററികൾ 500 റീചാർജ് സൈക്കിളുകൾ മാത്രമെ നിലനിൽക്കുകയുള്ളൂ. അതായത് രണ്ടോ മൂന്നോ കൊല്ലത്തെ ഉപയോഗത്തിന് മാത്രമെ ഇവയ്ക്ക് കപ്പാസിറ്റിയുള്ളൂ. ഇന്നത്തെ ബാറ്ററികളിൽ നെഗറ്റീവ് പോളിന് അഥവാ ആനോഡിനായി പരമ്പരാഗത ഗ്രാഫൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ നൻയാൻഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ബാറ്ററികളിൽ ഇതിന് പകരമായി ടൈറ്റാനിയം ഓക്‌സൈഡിൽ നിന്ന് നിർമ്മിച്ച് ഒരു പുതിയ ജെൽ മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. മണ്ണിൽ ധാരാളമായി കാണപ്പെടുന്ന ഒരു മെറ്റീരിയലാണ് ടൈറ്റാനിയം ഓക്‌സൈഡ്.

അപകടകാരിയായ അൾടാരവയലറ്റ് രശ്മികളെ അബ്‌സോർബ് ചെയ്യാനായി സൺസ്‌ക്രീൻ ലോഷനുകളിൽ ഇവ സാധാരണയായി ഉപയോഗിക്കാറുണ്ട്. പ്രകൃതിയിൽ ഗോളാകൃതിയിലാണ് ടൈറ്റാനിയം ഡയോക്‌സൈഡ് കാണപ്പെടുന്നത്.എന്നാൽ നൻയാൻഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ഇതിനെ ചെറിയ നാനോ ട്യൂബുകളാക്കി മാറ്റുകയായിരുന്നു. മനുഷ്യന്റെ രോമത്തിന്റെ വ്യാസത്തേക്കാൾ ആയിരം ഇരട്ടി വ്യാസമുള്ള നാനോട്യൂബുകളാണിവ. ഇവയാണ് പുതിയ ബാറ്ററിയിലെ കെമിക്കൽ റിയാക്ഷനുകളെ ത്വരിതപ്പെടുത്തി ചാർജിംഗിന്റെ വേഗം വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.