ന്യൂജേഴ്‌സി: കൊടുംതണുപ്പിലും പാവങ്ങളെ സഹായിക്കുവാനുള്ള ആകാംക്ഷയോടുകൂടി പാറ്റേഴ്‌സൺ സീറോ മലബാർ പള്ളിയിലെ 250-ഓളം അംഗങ്ങൾ ഫെബ്രുവരി ഏഴിന് ശനിയാഴ്ച ഒന്നിച്ചുകൂടി. ഗാർഫീൽഡിൽ നിന്ന് പാറ്റേഴ്‌സണിൽ സ്വന്തമായി വാങ്ങിയ ദേവാലയത്തിലേക്ക് മാറിയ സമൂഹം ആദ്യമായി നടത്തിയ പരിപാടി പാവങ്ങൾക്കുവേണ്ടിയായത് ശ്രദ്ധേയമായി. ഈ സമൂഹത്തിൽ ആറ് വർഷമായി പ്രവർത്തിച്ചുവരുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.

ഡിന്നറിന് തുടക്കംകുറിച്ചത് പൊതുസമ്മേളനത്തോടുകൂടിയായിരുന്നു. സൊസൈറ്റിയുടെ പ്രസിഡന്റ് ബിനുമോൻ ജോൺ സ്വാഗതം പറഞ്ഞു.   ഇടവകയിലെ എല്ലാ കുടുംബങ്ങളും, നാട്ടിലെ അവശത അനുഭവിക്കുന്ന ഒരു കുടുംബത്തെയെങ്കിലും കണ്ടുപിടിച്ച് സഹായം ചെയ്യുവാൻ സ്വാഗത പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. തുടർന്ന് ഇടവക വികാരി ക്രിസ്റ്റിയച്ചൻ, 182 വർഷങ്ങളായി ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ വിവരിച്ചു സംസാരിച്ചു. ദിവസേന 21,000 -ൽ പരം സഹജീവികളാണ്  ദാരിദ്ര്യം മൂലം ഈ ലോകത്തോട് വിടപറയുന്നത്. ദൈവാനുഗ്രഹം ധാരാളമായി ലഭിച്ചിട്ടുള്ള സമൂഹം കഴിയുന്നവിധത്തിൽ പാവങ്ങളെ സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്വം ക്രിസ്റ്റിയച്ചൻ എല്ലാവരേയും ഓർമ്മിപ്പിച്ചു. 'ഈ ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്യാതിരുന്നപ്പോൾ എനിക്കു തന്നെയാണ് ചെയ്യാതിരുന്നത്' എന്ന മത്തായി 25:45 സുവിശേഷഭാഗം അച്ചൻ എടുത്തുപറഞ്ഞു.

തുടർന്ന് സംസാരിച്ച റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ അവശത അനുഭവിക്കുന്നവരെ സഹായിക്കുവാനുള്ള മനസ്സ് കിട്ടുന്നത് ഒരു ദൈവാനുഗ്രഹമാണെന്നും, ആ മനസ്സുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന വിൻസെന്റ് ഡി പോൾ അംഗങ്ങൾ സമൂഹത്തിന്റെ സമ്പത്താണെന്നും എടുത്തുപറഞ്ഞു. തുടർന്ന് അലക്‌സ് പോൾ സൊസൈറ്റിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ടുള്ള പവർപോയിന്റ് പ്രസന്റേഷൻ നടത്തി. കേരളം മുതൽ ഹെയ്റ്റി വരേയും സഹായ സഹസ്തങ്ങൾ നീട്ടുന്ന സൊസൈറ്റി നിവാർക്കിലെ സൂപ്പ് കിച്ചണിൽ തുടർച്ചയായി സേവനം ചെയ്തുവരുന്നു.

പൊതുസമ്മേളനം നടക്കുന്നതിനിടയിൽ സൊസൈറ്റി അംഗങ്ങൾ സദസിലിരിക്കുന്നവർക്ക് മൂന്നുകോഴ്‌സ് ഡിന്നർ നാടൻ സ്റ്റൈലിൽ വിളമ്പിക്കൊണ്ടിരുന്നു. സമ്മേളനത്തിനുശേഷം കലാപരിപാടികൾ അരങ്ങേറി. പിഞ്ചു കുഞ്ഞുങ്ങൾ തുടങ്ങി മുതിർന്നവർ വരെ നടത്തിയ പാട്ടുകളും, ഡാൻസുകളും കാണികളുടെ മനംകവർന്നു. ശില്പ ഫ്രാൻസീസും, ആൽവിൻ ജോർജും പ്രോഗ്രാമിന് നേതൃത്വം നൽകി. ഫിലിപ്പ് സ്റ്റീഫന്റെ നന്ദി പ്രസംഗത്തോടുകൂടി പരിപാടികൾ സമാപിച്ചു.