കോട്ടയം: നന്മ വറ്റാത്ത സുമനസ്സുകളാണ് അശരണരുടെ എന്നേത്തുയും പ്രതീക്ഷ. വേറിട്ട വഴിയിലൂടെ സമൂഹത്തിന് താങ്ങും തണലുമാകുന്നവർ ഇന്നും ഇവിടെയുണ്ട്. ഇവരുടെ മഹാകാരുണ്യമാണ് ആരോരുമില്ലാത്തവരുടെ പ്രത്യാശകൾക്ക് ജീവൻ നൽകുന്നത്.

48 വർഷമായി അമേരിക്കയിൽ സർജനായ ഡോ. ജോർജ് പടനിലം ജീവകാരുണ്യത്തിൽ വ്യത്യസ്ത വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. കുമ്പഴ മൈലാടുംപാറ തടത്തിൽ കിഴക്കേതിൽ എൻ.പ്രിയദർശനയും അശരണർക്ക് സഹായമെത്തിക്കുന്നതിൽ സമൂഹത്തിന് മാതൃകയാണ്. ഈസ്റ്റർദിനത്തിൽ പ്രത്യാശയ്ക്കു പുതുജീവനേകിയാണ് ഡോക്ടർ ജോർജ് പടനിലത്തിന്റെ കാരുണ്യ പ്രവർത്തിയെങ്കിൽ അഗതികൾക്കും അശരണർക്കും പ്രിയദർശനയുടെ വിഷുക്കൈനീട്ടമാണ് തലചായ്ക്കാൻ ഒരിടം.

താൻ പുതുതായി നിർമ്മിച്ച 12 കോടിയുടെ മൂന്നുനില വീടും ഒന്നര ഏക്കർ പുരയിടവും തന്റെ ആതുരസേവനവും ചങ്ങനാശേരി പ്രത്യാശയ്ക്കു സമർപ്പിച്ച് ഡോ. ജോർജ് പടനിലം വ്യത്യസ്തമാകുന്നത്. പ്രിയദർശനയാകട്ടെ ലക്ഷങ്ങൾ വിലമതിക്കുന്ന മുപ്പതു സെന്റ് സ്ഥലമാണ് മഹാത്മായിലെ അശരണർക്ക് അഭയകേന്ദ്രം ഒരുക്കുന്നതിന് സൗജന്യമായി നൽകുന്നത്.

പണമില്ലാത്തതിന്റെ പേരിൽ രോഗിയായ ആരുടെയും ജീവൻ നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രത്യാശയ്ക്ക് ജോർജ് പടനിലത്തിന്റെ മഹാമനസ്‌കതയിലൂടെ വിശാലമായ ഓഫീസും കാമ്പസും സ്വന്തമായി. ചങ്ങനാശേരി ചീരഞ്ചിറയിലുള്ള വീട് നാളെ രാവിലെ ഒമ്പതിന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വെഞ്ചരിക്കും. ഔദ്യോഗിക കൈമാറ്റം ഡിസംബർ 12നു നടക്കും.

48 വർഷമായി അമേരിക്കയിൽ സർജനായ ഡോ. ജോർജ് പടനിലം ഭിന്നശേഷിയുള്ള ഇളയ മകൻ ജിമ്മിച്ചനുവേണ്ടിയാണു വീടും സ്ഥലവും ദാനംചെയ്യുന്നത്. 'ജിമ്മി പടനിലം സെന്റർ ഫോർ സ്‌പെഷൽ നീഡ്‌സ്, ചാരിറ്റി വേൾഡ് ഹെഡ്ക്വാർട്ടേഴ്‌സ്''എന്നു പേരു നൽകിയാണു 'പ്രത്യാശ' 7,000 ചതുരശ്രയടി വിസ്തീർണമുള്ള വീടും സ്ഥലവും ഏറ്റെടുക്കുന്നത്. ആ കാമ്പസിൽതന്നെ ചെറിയൊരു വീടുവച്ചു
താമസിക്കാനാണു ഡോ. ജോർജിന്റെയും ഭാര്യ പൊന്നമ്മയുടെയും ആഗ്രഹം.

പാലിയേറ്റീവ് കെയർ, ഡയാലിസിസ് യൂണിറ്റ്, മൊബൈൽ ലാബോറട്ടറി, വൃക്ക, കരൾ, പ്രമേഹ രോഗികൾക്കു പ്രത്യേക ശുശ്രൂഷാ സംവിധാനം, ഭിന്നശേഷിയുള്ള കുട്ടികൾക്കും, തെരുവുകുട്ടികൾക്കുമുള്ള പരിശീലന സെന്റർ തുടങ്ങിയവ കാമ്പസിൽ തുടങ്ങും. ഡോ. ജോർജ് പടനിലത്തിനു ജിമ്മിയെക്കൂടാതെ രണ്ട് ആൺമക്കൾകൂടിയുണ്ട്. അസ്ഥിരോഗ വിദഗ്ധനായ ഡോ. തോമസ് ജോർജും ചാർട്ടേഡ് അക്കൗണ്ടന്റായ ജോസഫ് ജോർജും. ഇരുവരും അമേരിക്കയിലാണ്. 2004 മുതൽ എട്ടു വർഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയകൾ നടത്തിയിരുന്ന ഡോ. ജോർജ് 2001ൽ സർവീസിൽനിന്നു സ്വയം വിരമിച്ചു. എല്ലാ മതവിശ്വാസികളെയും ഉൾക്കൊള്ളുന്ന ഏതെങ്കിലും ജീവകാരുണ്യ പ്രസ്ഥാനത്തിനു ജിമ്മിച്ചനുവേണ്ടി തന്റെ സ്വത്തുക്കൾ കൈമാറണമെന്നായിരുന്നു ഡോ. ജോർജിന്റെ ആഗ്രഹം. അങ്ങനെയാണു 'പ്രത്യാശ'യ്ക്കു വീടും സ്ഥലവും കൈമാറാൻ തീരുമാനിച്ചത്.

കുമ്പഴ മൈലാടുംപാറ തടത്തിൽ കിഴക്കേതിൽ പരേതനായ ഗംഗാധരപ്പണിക്കരുടെ മകളായ എൻ.പ്രിയദർശനയുടെ ലക്ഷങ്ങൾ
വിലമതിക്കുന്ന മുപ്പതു സെന്റ് സ്ഥലമാണ് മഹാത്മായിലെ അശരണർക്ക് അഭയകേന്ദ്രം ഒരുക്കുന്നതിന് സൗജന്യമായി നൽകുന്നത്. മഹാത്മായുടെ ജനസേവനങ്ങളെപ്പറ്റി കേട്ടറിഞ്ഞ് അടൂരിലെ കേന്ദ്രത്തിലെത്തി മനസ്സിലാക്കിയ ശേഷമാണ് ഇപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന പ്രിയദർശന ഈ തീരുമാനമെടുത്തത്. എൻജിനിയറിങ് കോളേജിനു സമീപം മുനിസിപ്പൽ റോഡിനോടു ചേർന്നാണ് പ്രിയദർശനയുടെ ഭൂമിദാനം നടത്തിയ വസ്തു. മുമ്പും പ്രിയദർശന ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഭൂമിദാനം നടത്തിയിട്ടുണ്ട്.

അങ്കൺവാടിക്കായി മൂന്നു സെന്റ് വസ്തു ഇവിടെതന്നെ നൽകിയിരുന്നു. 1969ൽ പത്തനംതിട്ട പഞ്ചായത്തിൽെേ െലബ്രറിയനായി ജോലിയിൽ പ്രവേശിച്ച പ്രിയദർശന മുനിസിപ്പൽ സെക്രട്ടറിയായി പത്തനംതിട്ട നഗരസഭയിൽ നിന്നാണ് വിരമിച്ചത്. ആലുവ, ചെങ്ങന്നൂർ, അടൂർ, പുനലൂർ, ചാലക്കുടി നഗരസഭകളിലും സേവനം ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഭൂദാനത്തിന് പൂർണ പിന്തുണ നൽകി. ഇവിടെ അശരണർക്കായി കേന്ദ്രം ഉയർന്നുകഴിഞ്ഞാൽ താനും അവർെക്കാപ്പം എപ്പോഴും ഉണ്ടാകുമെന്നും പ്രിയദർശന പറഞ്ഞു.