യാന രാജകുമാരി മരിച്ചതോടെ ഇതിന് വഴിയൊരുക്കിയത് ചാൾസ് രാജകുമാരനാണെന്ന അഭ്യൂഹം ശക്തമായിരുന്നുവെന്നും അദ്ദേഹത്തെ ജനം ശത്രുതാ മനോഭാവത്തോടെ കണ്ടിരുന്നുവെന്നുമുള്ള റിപ്പോർട്ട് പുറത്ത് വന്നു. അക്കാരണത്താൽ ഡയാനയുടെ ശവസംസ്‌കാരത്തിൽ ചാൾസ് പങ്കെടുത്തിരുന്നത് തന്നെ ആരെങ്കിലും കൊല്ലുമെന്ന ഭയത്തോടെയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു കാലത്ത് ഏറ്റവും വെറുത്തയാൾ തന്നെ ബ്രിട്ടന്റെ രാജാവാകുമോ എന്ന ചോദ്യവും ഇപ്പോൾ ശക്തമാകുന്നുണ്ട്. 1997 സെപ്റ്റംബർ 6ന് നടന്ന ശവസംസ്‌കാരവേളയിൽ അത്യധികമായ ഭയത്തോടെയായിരുന്നു ചാൾസ് ജനക്കൂട്ടത്തിനിടയിലൂടെ നടന്നിരുന്നതത്രെ. ആ സമയത്ത് ഡയാനയുമായുള്ള വിവാഹ ബന്ധം താറുമാറായതിന് നിരവധി പേർ ചാൾസിനെ കുറ്റപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയായ ഡചസ് ഓഫ് കോൺവാളുമായി അന്നേ അടുപ്പം തുടങ്ങിയിരുന്നുവെന്നും നിരവധി പേർ ആരോപിച്ചിരുന്നു. അതിന്റെ പേരിലാണ് ഡയാനയും ചാൾസും അകന്നതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

സംസ്‌കാരവേളയിലെ ചിത്രങ്ങളിൽ ദുഃഖത്തിലാണ്ട ചാൾസ് തന്റെ പുത്രന്മാരായ വില്യമിനും ഹാരിക്കുമൊപ്പം നടന്ന് വരുന്നത് കാണാം. അന്ന് അവർക്ക് യഥാക്രമം 15ഉം 12ഉം വയസായിരുന്നു പ്രായം. അവർക്ക് പുറകിലായി ഗൺകാര്യേജിൽ ഡയാനയുടെ മൃതദേഹം വെസ്റ്റ്മിൻസ്റ്റർ അബേയിലേക്ക് കൊണ്ടുവരുന്നതും കാണാം. അന്ന് ജനങ്ങളുടെ ഏറ്റവും വലിയ ശത്രുവായതിനാൽ ഈ ചടങ്ങിൽ പങ്കെടുക്കുമ്പോൾ ചാൾസ് ഭയപ്പെട്ടിരുന്നുവെന്നാണ് ഹെൻലെ ലിറ്ററി ഫെസ്റ്റിവലിൽ സംസാരിക്കവെ റോയൽ ബയോഗ്രാഫറായ ഇൻഗ്രിഡ് സീവാർഡ് വെളിപ്പെടുത്തിയിരിക്കുന്നത്. ആ അവസരത്തിൽ ആരെങ്കിലും തോക്കെടുത്ത് തന്നെ വെടിവച്ച് കൊന്നേക്കാമെന്ന് വരെ ചാൾസ് ഭയപ്പെട്ടിരുന്നുവെന്നും സീവാർഡ് ചൂണ്ടിക്കാട്ടുന്നു.

ഡയാനയുടെ മൃതദേഹം കൊണ്ട്പോകുമ്പോൾ ലണ്ടനിലെ തെരുവുകൾ നിശബ്ദമായിരുന്നുവെന്നും ഒരു സൂചി വീണാൽ പോലും കേൾക്കുമായിരുന്നുവെന്നും സീവാർഡ് ഓർക്കുന്നു. അന്ന് നിരവധി പേർ ചാൾസിനെ നോക്കി വെറുപ്പോടെ പിറുപിറുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ശവസംസ്‌കാരയാത്ര കടന്ന് പോകുന്ന വഴികളിലുടനീളം ചാൾസ് നിരന്തരം കുറ്റപ്പെടുത്തലുകൾ കേട്ടിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. 1997ൽ പാരിസിലുണ്ടായ കാറപകടത്തിൽ മരിച്ച ഡയാനയുടെ മൃതദേഹം ബക്കിങ്ഹാം പാലസിന് വെളിയിലെത്തുമ്പോൾ അത് കാണാൻ പുറത്തേക്ക് വന്ന എലിസബത്ത് രാജ്ഞിക്കും ഉത്കണ്ഠകളുണ്ടായിരുന്നുവെന്നാണ് രാജ്ഞിയുടെ മുൻ പ്രസ് ഓഫീസറായ ഡിക്കി ആർബിറ്ററും വെളിപ്പെടുത്തിയിരിക്കുന്നത്.ഡയാനയുടെ മരണവാർത്തയറിഞ്ഞിട്ടും സ്‌കോട്ട്ലൻഡിലായിരുന്ന രാജ്ഞി ലണ്ടനിലേക്ക് പെട്ടെന്ന് തിരിച്ചെത്തിയില്ലെന്ന വിമർശനം ശക്തമായിരുന്നുവെന്നാണ് ആർബിറ്റർ ചൂണ്ടിക്കാട്ടുന്നത്.

ഡയാന മരിച്ചതറിഞ്ഞിട്ടും സ്‌കോട്ട്ലൻഡിലെ ബാൽമൊറാലിൽ തന്നെ രാജ്ഞി തങ്ങിയതിനെതിരെ മാദ്ധ്യമങ്ങൾ വരെ അന്ന് നിശിതമായ വിമർശനവുമായി മുന്നോട്ട് വന്നിരുന്നുവെന്നും ആർബിറ്റർ പറയുന്നു. ഇതിനെ തുടർന്ന് ഡയാനയുടെ മൃതദേഹം കാണാനെത്തിയപ്പോൾ രാജ്ഞിക്കം അൽപം ഉത്കണ്ഠയുണ്ടായിരുന്നു.ഡയാനയുടെ ദാരുണമായ അന്ത്യത്തെ തുടർന്ന് അവരുടെ സഹോദരനായ ഏൾ ഓഫ് സ്പെൻസർ പ്രകടിപ്പിച്ച കപടനാട്യവും വൻവിമർശനത്തിന് വിധേയമായിരുന്നുവെന്ന് ആർബിറ്റർ ഓർക്കുന്നു. സ്പെൻസറിന്റെ എസ്റ്റേറ്റിലെ ഒരു കോട്ടേജ് തനിക്ക് താമസിക്കാൻ നൽകാൻ ഡയാന അപേക്ഷിച്ചിട്ടും സ്പെൻസർ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് രാജകുമാരിയുടെ മരണ ശേഷം മാദ്ധ്യമങ്ങൾ സ്പെൻസറെ നിശിത ഭാഷയിൽ വിമർശിച്ചിരുന്നു.