ചാൾസ് രാജകുമാരന് ജീവിതത്തിലൊരിക്കലും സമാധാനം നൽകാൻ ഡയാന രാജകുമാരി തയ്യാറായിട്ടില്ലെന്ന് വെളിപ്പെടുതത്തൽ.. മധുവിധു കാലത്തുതുടങ്ങിയ വഴക്കും കുറ്റപ്പെടുത്തലും എല്ലായ്‌പ്പോഴും തുടർന്നു. കാമില പാർക്കർ ബൗൾസുമായുള്ള ബന്ധത്തെച്ചൊല്ലി ഡയാന പലപ്പോഴും മണിക്കൂറുകളോളം വഴക്കുപിടിച്ചിരുന്നതായും കൊട്ടാരം ജീവചരിത്രകാരൻ തയ്യാറാക്കിയ പുതിയ പുസ്തകത്തിൽ പറയുന്നു.

ബാൽമൊറാലിലെ മധുവിധു ദിനങ്ങളിലൊന്നിൽ, ഡയാന ചാൾസുമൊത്ത് വഴക്കടിക്കുകയും മണിക്കൂറുകളോളം കരയുകയും ചെയ്തു. ഡയാനയെ സമാധാനിപ്പിക്കാൻ പല രീതിയിൽ ശ്രമിച്ചുവെങ്കിലും ചാൾസ് പരാജയപ്പെട്ടു. ഒടുവിൽ, ചാൾസ് ഗുരുവിനെപ്പോലെ കരുതുന്ന 74-കാരനായ തത്വചിന്തകൻ ലാറൻസ് വാൻഡെർ പോസ്റ്റിനെ വിളിച്ചുവരുത്തി. വാൻഡെർ പോസ്റ്റിനും ഡയാനയെ സമാധാനിപ്പിക്കാനായില്ല. ഒടുവിൽ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ സഹായം തേടാൻ അദ്ദേഹം ഉപദേശം നൽകി.

ചികിത്സ തേടാനുള്ള ഉപദേശം പലതവണ നിരാകരിച്ചെങ്കിലും പിന്നീട് ഡോ. അലൻ മക്ഗ്ലഷാനെ കാണാൻ ഡയാന തയ്യാറായി. വാൻഡെർ പോസ്റ്റിന്റെ സുഹൃത്തുകൂടിയായിരുന്നു ഈ ഡോക്ടർ.. എട്ടുതവണ ഡോക്ടറെ കണ്ടെങ്കിലും ചികിത്സ തുടരാൻ ഡയാന വിസമ്മതിച്ചു. ഡയാനയുടെ വഴക്കാളി സ്വഭാവം ചാൾസിനെ വിഷാദരോഗിയാക്കുന്ന അവസ്ഥയിലെത്തി. ഒടുവിൽ, അദ്ദേഹത്തിന് മക്ഗ്ലഷാനെ സന്ദർശിച്ച് ചിതിത്സ തേടേണ്ടിവന്നു. പിന്നീടുള്ള 14 വർഷവും ചാൾസ് ഈ ഡോക്ടറെ സന്ദർശിച്ചിരുന്നു.

ഡയാന രാജകുമാരി മരിച്ചിട്ട് 20 വർഷമായി. വഞ്ചിക്കപ്പെട്ട സ്ത്രീയെന്നാകും ഡയാനയെപ്പറ്റി ഏറെപ്പേരും കരുതുന്നത്. എന്നാൽ, യാഥാർഥ്യം അതല്ലെന്ന് ജീവചരിത്രകാരനായ ആൻഡ്രൂ മോർട്ടൺ അഭിപ്രായപ്പെടുന്നു. ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് തന്നോട് തുറന്നുപറയാൻ തയയ്യാറായിട്ടുണ്ട്. അതിൽ ചില കാര്യങ്ങൾ വളരെയേറെ നടുക്കമുണ്ടാക്കുന്നതാണ്. പ്രാർത്ഥിക്കാൻ പോലും ഡയാന സമ്മതിച്ചിരുന്നില്ലെന്ന് ചാൾസ് തന്റെ അർധസഹോദരിയായ പമേല ഹിക്‌സിനോട് വെളിപ്പെടുത്തിയിരുന്നു. പ്രാർത്ഥനാ വേളയിൽപ്പോലും വഴക്കുണ്ടാക്കാനായിരുന്നു ഡയാനയുടെ ശ്രമം.

പലപ്പോഴും കടുത്ത മനോവൈകല്യം പ്രകടിപ്പിച്ചിരുന്ന ഡയാന യഥാസമയം ചികിത്സ തേടിയിരുന്നെങ്കിൽ അവരുടെ ജീവിതം ഇങ്ങനെ ദുരന്തമാവുകയില്ലായിരുന്നുവെന്നാണ് ഗ്രന്ഥകർത്താവ് സാലി ബെഡൽ സ്മിത്തിന്റെ അഭിപ്രായം. ഇക്കാര്യം ഡയാനയെ പറഞ്ഞ് ബോധ്യപ്പെുത്തുന്നതിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുപോലെ പരാജയപ്പെട്ടു. കടുത്ത ആശങ്കയും വിഷാദവും അവരെ ബാധിച്ചിരുന്നുവെന്ന് പത്രപ്രവർത്തകനായ ആൻഡ്രു മോർട്ടണിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.

താൻ വഞ്ചിക്കപ്പെടുമെന്ന ആശങ്ക ഡയാനയെ എല്ലായ്‌പ്പോഴും അലട്ടിയിരുന്നു. ബന്ധങ്ങൾ നിലനിർത്തുന്നതിൽ അവർ പരാജയപ്പെട്ടു. തന്റെ മൂഡിനനുസരിച്ച് പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമായിരുന്നു ഡയാനയുടേത്. പൊതുസ്ഥലത്ത് വളരെ മാന്യയായി പ്രത്യക്ഷപ്പെട്ടിരുന്ന ഡയാനയുടെ സ്വകാര്യ ജീവിതം നേരെ മറിച്ചായിരുന്നു. സ്വതേ ശാന്തസ്വഭാവിയായ ചാൾസിന് പലപ്പോഴും ഡയാനയുടെ നില മനസ്സിലാക്കാനും അതിനൊപ്പം നിൽക്കാനും സാധിച്ചില്ല.

ചാൾസിന്റെയും ഡയാനയുടെയും ജീവചരിത്രവുമായി പുറത്തിറങ്ങിയ പ്രിൻസ് ചാൾസ്: ദ പാഷൻസ് ആൻഡ് പാരഡോക്‌സസ് ഓഫ് ആൻ ഇംപ്രോബബിൾ ലൈഫ് എന്ന പുസ്തകത്തിലാണ് ഈ വിവരണങ്ങൾ. ഡയാനയുമായി ചാൾസിന്റെ വിവാഹം മുതൽ, അവരുടെ സ്വകാര്യ ജീവിതത്തിലെ അറിയാക്കഥകളും പുസ്തകതത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.