ങ്ങളുടെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായി ചാൾസ് രാജകുമാരനും കാമിലയും അബുദാബിയിലെ പ്രശസ്തമായ പള്ളിയായ ഷെയ്ഖ് സാവെദ് ഗ്രാൻഡ് മോസ്‌കിലെത്തി. ഈ അപൂർവ പള്ളിയിൽ ചെരുപ്പൂരിയിട്ട് ഇരുവരും വിശ്രമിക്കുകയും ചെയ്തു. ഒമാനിൽ നിന്നാണ് ഇരുവരും അബുദാബിയിലെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ബ്രിട്ടീഷ് രാജകുടുംബം യുഎഇ സന്ദർശനത്തിന്റെ ലഹരിയിലായിരിക്കുകയാണിപ്പോൾ.

മതങ്ങൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താൻ വേണ്ടിയാണ് ചാൾസും കാമിലയും ഈ മോസ്‌ക് സന്ദർശിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 2007ലായിരുന്നു ഇരുവരും ഈ മോസ്‌കിൽ ആദ്യമായെത്തിയിരുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന് വേണ്ടിയാണ് ഇരുവരും യുഎഇ സന്ദർശിക്കുന്നത്. ഞായറാഴ്ച അതിരാവിലെയായിരുന്നു ഇരുവരും ഒമാനിൽ നിന്നും അബുദാബിയിലേക്ക് തിരിച്ചിരുന്നത്.

ചാൾസ് ഒരു ലിനൻ സ്യൂട്ടായിരുന്നു ധരിച്ചിരുന്നത്. ടൈയും കെട്ടിയിരുന്നു. കാമിലയാകട്ടെ ബ്ലൂ ഹെഡ് സ്‌കാർഫും നീളമേറിയ ജാക്കറ്റും ട്രൗസേർസുമായിരുന്നു അണിഞ്ഞിരുന്നത്. ഈ പള്ളിയിലെത്തുന്ന സന്ദർശകർ പാദരക്ഷകൾ ഊരി വച്ചിട്ട് മാത്രമേ അകത്തേക്ക് കയറാവൂ എന്ന് നിബന്ധനയുണ്ട്. ചാൾസും കാമിലയും അത് സന്തോഷത്തോടെ നിർവഹിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഷൂ പുറത്ത് അഴിച്ച് വച്ച് കറുത്ത സോക്സ് മാത്രമണിഞ്ഞായിരുന്നു ചാൾസ് പള്ളിയിലൂടെ ചുറ്റിക്കണ്ട് നടന്നത്. എന്നാൽ കാമില നഗ്‌നപാദയായിട്ടായിരുന്നു കാണപ്പെട്ടത്. ദൈവത്തിന്റെ 99 പേരുകൾ പരമ്പരാഗതമായി പള്ളിയുടെ ചുമരിൽ ആലേഖനം ചെയ്തതും മറ്റ് ചിത്രവേലകളും ഇരുവരും താൽപര്യത്തോട് നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇതിന്റെ ശിൽപകലാ വൈദഗ്ധ്യത്തെ പറ്റി ചോദിച്ച് മനസിലാക്കുന്നതും കാണാമായിരുന്നു.

ഒട്ടേറെ പ്രത്യേകതകളുള്ള മുസ്ലിം പള്ളിയാണ് ഷെയ്ഖ് സാവെദ് ഗ്രാൻഡ് മോസ്‌ക്. ഇതിന്റെ പ്രധാനപ്പെട്ട ഹാളിലുള്ള കാർപെറ്റ് നിർമ്മിച്ചത് 11 വർഷങ്ങളെടുത്താണെന്നാണ് റിപ്പോർട്ട്. ഇതിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർപെറ്റുകളിലൊന്നായി പരിഗണിച്ച് വരുന്നു. ഈ സന്ദർശനത്തെ തുടർന്ന് ചാൾസും കാമിലയും വിവിധ മതവിശ്വാസങ്ങളിലും രാജ്യങ്ങളിലും ഉൾപ്പെടുന്ന അതിഥികൾക്കുള്ള സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

റോമൻ കത്തോലിക്കാ സഭയിലെ ബിഷപ്പായ പോൾ ഹിൻഡർ മോസ്ല്കിൽ വച്ച് ചാൾസുമായി സംസാരിച്ചിരുന്നു. ഈ സന്ദർശനം തനിക്കുള്ള ഒരു അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ബിഷപ്പ് പ്രതികരിച്ചു. ചാൾസിന്റെ മുസ്ലിം പള്ളി സന്ദർശനം മാതൃകാപരമാണെന്നും ഇതിനെ അനുകരിച്ചാൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള മതവൈരങ്ങൾ ഇല്ലാതാകുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

ഷെയ്ഖ ലൂബ്ന അൽ ക്വാസിമിക്കൊപ്പമായിരുന്നു ഈ പള്ളി ചാൾസും കാമിലയും ചുറ്റി നടന്ന് കണ്ടിരുന്നത്. സ്റ്റേറ്റ് ഫോർ ടോളറൻസ് വകുപ്പിന്റെ പുതിയ മന്ത്രിയായി ചുമതലയേറ്റ വ്യക്തിയാണ് ലുബ്ന. 200 രാജ്യങ്ങളിൽ നിന്നുള്ളവർ തിങ്ങിപ്പാർക്കുന്നയിടമാണ് യുഎഇ. കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ഭൂരിപക്ഷവുമുള്ളത്. ചാൾസും കാമിലയും മിഡിൽ ഈസ്റ്റിലൂടെയുള്ള രാജകീയ പര്യടനം ആരംഭിച്ചത് ഒമാനിൽ നിന്നായിരുന്നു. തുടർന്ന് യുഎഇ സന്ദർശിച്ച് ബഹറിനിലേക്ക് പോകുന്നതാണ്. ചാൾസിന് ഒമാനിലെ യുവ നേതാക്കൾ ഒരു ഗംഭീരസ്വീകരണമാണ് ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് അദ്ദേഹം എംപ്റ്റി ക്വാർട്ടർ പര്യവേഷണയാത്രയുടെ ചിത്രങ്ങൾ കാണുകയും ചെയ്തിരുന്നു.