ലണ്ടൻ: തകരുന്ന സാമ്രാജ്യമാണ് ബ്രിട്ടൻ എന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയിരിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബം തന്നെയാണ്. രണ്ടു നൂറ്റാണ്ട് നീണ്ട കൊളോണിയൽ ഭരണത്തിന്റെ സുഖാലസ്യം ഇനിയും വിട്ടുമാറിയിട്ടില്ലാത്ത കൊട്ടാരം വൃത്തങ്ങൾ ബ്രിട്ടന്റെ ലോകാധിപത്യം സംരക്ഷിക്കാൻ ഒടുവിൽ ഇന്ത്യയുടെ തന്നെ സഹായം തേടിയെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ചയിലെ ചാൾസ് രാജകുമാരന്റെയും പത്‌നി കാമിലയുടെയും സന്ദർശനം വഴി തെളിയുന്നത്. 2019 മാർച്ച് 29 നു രാത്രി 11 മണിക്ക് ബ്രിട്ടൻ യൂറോപ്പിന്റെ ഭാഗമല്ലാതായി തീരും എന്ന് വലിയ ആശങ്ക ഒന്നും ഇല്ലാതെ തെരേസ മെയ്‌ക്ക് പറയാമെങ്കിലും ആ വർത്തമാനം ബക്കിങ്ഹാം കൊട്ടാരത്തിൽ ഉണ്ടാക്കുന്ന മുഴക്കം ഏറെ വലുതാണ്. തന്റെ ജീവിത കാലത്തു തന്നെ ഈ കാഴ്ചകൾ കാണേണ്ടി വന്ന നിസ്സഹായത രാജ്ഞിയുടെ തന്നെ വാക്കുകളിലും നിഴലിക്കുന്നുണ്ട്. ഇക്കാരണത്താൽ, എന്ത് വിലകൊടുത്തും കോമൺവെൽത്ത രാജ്യങ്ങളുടെ കൂട്ടായ്മ സംരക്ഷിക്കാൻ ഉള്ള ഒരുക്കമാണ് ഇപ്പോൾ ബ്രിട്ടൻ നടത്തുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് ബ്രെക്‌സിറ്റ് വഴി നഷ്ടമാകുന്ന വാണിജ്യ ബന്ധങ്ങളിൽ ചിലതു തിരികെ പിടിക്കാൻ കഴിയുമെങ്കിലും ബ്രിട്ടന് ലോകതലത്തിൽ നഷ്ടമാകുന്ന മേൽക്കോയ്മാ ബ്രെക്‌സിറ്റിനെ തുടർന്ന് കുറച്ചെങ്കിലും പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ തേടി ചാൾസും ഭാര്യയും കൊട്ടാരം വിട്ടിറങ്ങിയത്.

രാഷ്ട്രീയ ചരിത്രത്തിൽ, ഇത്തരം ചർച്ചകളുടെ വിശദംശങ്ങൾ ഒരിക്കലും പുറത്തു വരില്ല എന്നിരിക്കെ, ആ സാഹചര്യം ഈ സന്ദർശനത്തിലും നിഴലിക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എന്താണ് ചാൾസ് പങ്കുവച്ചത് എന്നത് രഹസ്യമാണ്. രാഷ്ട്ര തലവൻ അല്ലാതിരുന്നിട്ടും കോമൺവെൽത്തിന്റെ ഭാവിയെ സംബന്ധിച്ച് ബ്രിട്ടീഷ് കൊട്ടാരത്തിന്റെ ആശങ്കകൾ തന്നെയാകും ചാൾസ് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമായും പങ്കിട്ടിരിക്കുക. നെഹ്‌റുവിന്റെ കാലത്തു ചേരിചേരാ പ്രസ്ഥാനം പടുത്തുയർത്തിയ ഇന്ത്യക്കു അന്തരാഷ്ട്ര തലത്തിൽ കോമൺവെൽത്തിനെ നിയന്ത്രിക്കാൻ ലഭിക്കുന്ന അസാധാരണ സാഹചര്യം കൈവിട്ടു കളയാൻ മോദി തയ്യാറാകില്ല എന്ന സൂചനയാണ് ന്യുഡൽഹി പങ്കിടുന്നതും. സാധാരണ നിലയ്ക്ക് വൻശക്തി രാജ്യങ്ങളുടെ ഇത്തരം നീക്കങ്ങളിൽ കൗശലം ഒളിപ്പിക്കാറുണ്ടെങ്കിലും അത്തരം വേലകൾ ഇനി ഇന്ത്യക്കു അടുത്ത് ചെലവാകില്ല എന്നതിനാൽ ഗത്യന്തരം ഇല്ലാത്ത കീഴടങ്ങൽ തന്നെയാകും ബ്രിട്ടൻ മുന്നോട്ടു വയ്ക്കുന്നത്. യൂറോപ്പിനോപ്പം കോമൺവെൽത്ത് കൂടി ഇല്ലാതായാൽ ബ്രിട്ടനെ സംബന്ധിച്ച് അത് തികച്ചും ആലമഹത്യാപരമായി മാറും എന്നതാണ് ചാൾസിന്റെയും കാമിലയുടെയും ചതുരരാഷ്ട്ര സന്ദർശനത്തെ രാഷ്ട്രീയമായി ഏറെ വിലപിടിപ്പുള്ളതാക്കി മാറ്റുന്നത്.

അടുത്ത ഏപ്രിലിൽ ലണ്ടനിൽ നടക്കുന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ 52 രാജ്യങ്ങൾ ഒത്തുകൂടുമ്പോൾ അതിൽ ഇന്ത്യയുടെ പ്രാധിനിത്യം അതി നിർണ്ണായകം ആയിരിക്കും എന്നതിനാൽ നേരിട്ടുള്ള ക്ഷണം തന്നെ നടത്താൻ ആണ് ചാൾസും കാമിലയും ഇന്ത്യയിൽ എത്തിയതെന്ന് വ്യക്തം. ആവശ്യം വന്നാൽ കോമൺവെൽത്ത് രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചു കൂട്ടായ്മയുടെ പ്രവർത്തന രീതി തന്നെ മാറ്റാനും ബ്രിട്ടൻ തയ്യാറാണ് എന്ന സന്ദേശമാണ് ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു ലഭിക്കുന്നത്. കോമൺവെൽത്തിന്റെ ഭരണ നിർവഹണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമൂലമായ മാറ്റത്തിനും ബ്രിട്ടീഷ് രാജകുടുംബം തയ്യാറാണ് എന്ന സൂചനയും ചാൾസ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഒരു പക്ഷെ ബ്രെക്‌സിറ്റിനെ തുടർന്നുള്ള സാഹചര്യം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വരുമാന ചോർച്ചയ്ക്കും കാരണമാകും എന്നതിനാൽ കോമൺവെൽത്ത് ഭരണ നിർവഹണം വീതം വയ്ക്കുക വഴി ഭരണ ചിലവും പങ്കുവയ്ക്കാം എന്ന കൗശല ബുദ്ധിയും പുതിയ നീക്കത്തിൽ ഉണ്ടായിരിക്കാം. ബക്കിങ്ഹാം പലാസിനും സെന്റ് ജെയിംസ് പാലസിനും തോൾ ചേർന്ന് നിൽക്കുന്ന മൾബറോ ഹൗസിൽ നിന്നും കോമൺവെൽത്ത് ഭരണ നിയന്ത്രണം മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് പോലും ബ്രിട്ടനെ സംബന്ധിച്ച് ആശ്വാസമാണെന്നും സൂചിപ്പിക്കുകയാണ് പുതിയ നീക്കങ്ങൾ.

ചാൾസുമായുള്ള ദീർഘ സംഭാഷണത്തിൽ ഈ അവസരം മുതലെടുക്കാനുള്ള താൽപ്പര്യം മോദി വ്യക്തമാക്കിയതായി സൂചനയുണ്ട്. കോമൺവെൽത്ത് രാജ്യ കൂട്ടായ്മയിൽ കച്ചവടവും നിക്ഷേപവും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ ഒരുക്കമാണ് എന്ന സൂചനയാണ് മോദി കൈമാറിയിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കാൻ ഉള്ള മോദിയുടെ ക്ഷണം മുന്നേ ചാൾസിനെ തേടി എത്തിയിരുന്നെങ്കിലും ബ്രെക്‌സിറ്റ് തിയതി അടുത്ത് വരുന്നതാണ് തിരക്കിട്ടു ഇന്ത്യയെ തേടി എതാൻ ചാൾസിനെ നിർബന്ധിതം ആക്കിയത്. രാജ്ഞിയുടെ നേരിട്ടുള്ള ക്ഷണം ആയി കരുതണം എന്ന് കൂടി ചാൾസ് വ്യക്തമാക്കിയതോടെ മന്ത്രി തല സംഘത്തിന് പകരം മോദി തന്നെ നേരിട്ടെത്തുന്ന സാഹചര്യം ഉണ്ടാകും എന്നുറപ്പാണ്. ഇക്കാര്യത്തിൽ ശരിയായ ഉറപ്പു നൽകാൻ മോദി തയ്യാറായില്ലെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ ഇന്ത്യ സന്ദർശനത്തെ തുടർന്ന് ഉഭയകക്ഷി ബന്ധം അനുസരിച്ചു ഇന്ത്യൻ പ്രധാനമന്ത്രി ബ്രിട്ടനിൽ എത്താൻ സമയമായി. മാത്രമല്ല, കോമൺവെൽത്ത് യോഗത്തിൽ നേതൃത്വപരമായ റോൾ വഹിക്കാൻ ലഭിക്കുന്ന അവസരം മുതലാക്കാനും ഇന്ത്യക്കു കഴിയും എന്നതും ഏപ്രിൽ സന്ദർശനത്തെ ഗൗരവമായെടുക്കാൻ മോദിയെ പ്രേരിപ്പിക്കും.

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോമൺവെൽത്ത് കൂട്ടായ്മയിൽ ഇന്ത്യ വെറുതെ പങ്കെടുത്തു മടങ്ങുന്നതിനു പകരം നേതൃത്വപരമായ ചുമതല ഏറ്റെടുക്കണമെന്നാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നത്. മോദി നേരിട്ട് പങ്കെടുക്കാൻ ഉള്ള സാധ്യത വിരളം എന്ന ആശങ്ക ഉണ്ടായതിനെ തുടർന്നാണ് രാജ്ഞിയുടെ പ്രതിനിധി ആയി തന്നെ ചാൾസ് ഇന്ത്യയിൽ എത്തിയതും മോദിയെ നേരിൽ കണ്ടു ക്ഷണം അറിയിച്ചതും. കഴിഞ്ഞ മൂന്നു കോമൺവെൽത് സമ്മേളങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിമാർ പങ്കെടുത്തില്ല എന്നതും ബ്രിട്ടന്റെ ആധി വളർത്തുന്ന ഘടകമാണ്. 2011 ലും 2013 ലും മന്മോഹൻ സിങ് ഓസ്‌ട്രേലിയയിലും ശ്രീലങ്കയിലും പങ്കെടുക്കാതിരുന്നതും കഴിഞ്ഞ വർഷം മോദി മാൾട്ട ഉച്ചകോടി കണ്ടില്ലെന്നു നടിച്ചതും ബ്രിട്ടനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു പ്രധാന അംഗ രാജ്യം തുടർച്ചയായി സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുന്നു എന്ന് മാത്രമല്ല തലയെടുപ്പുള്ള രാജ്യം എന്ന നിലയിലും ഇന്ത്യയുടെ താൽപ്പര്യം ഇല്ലായ്മ സമ്മേളനത്തിന്റെ മൊത്തം നിറം കെടുത്തും എന്നതും ചാൾസിന്റെ സന്ദർശനത്തിന്റെ പിന്നിലെ പ്രേരണയാണ്. ഇതോടൊപ്പം കോമൺവെൽത്തിന്റെ നടത്തിപ്പുകാരുടെ നാട്ടിൽ നടക്കുന്ന സമ്മേളനം എന്ന നിലയിലും ലണ്ടൻ സമ്മേളനത്തിന് പ്രാധാന്യം ഏറെയാണ്.

എന്നാൽ കോമൺവെൽത്തിന്റെ ഭരണാധികാരം മറ്റു രാജ്യങ്ങൾ വീതം വച്ചെടുക്കുന്ന നയം ഏതു തരത്തിൽ രാജ്യങ്ങളുടെ ബന്ധങ്ങളെ ബാധിക്കും എന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല. ഇതിനെക്കുറിച്ച് ഇന്ത്യയും പ്രതികരിച്ചിട്ടില്ല. പ്രത്യേകിച്ചും ആഭ്യന്തര സുരക്ഷാ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ ഓരോ രാജ്യവും തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ശ്രമിക്കും എന്നിരിക്കെ കോമൺവെൽത്തിന്റെ മൊത്തം താൽപ്പര്യം ആര് സംരക്ഷിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.