ലോകത്തുകിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ നൽകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സ്വകാര്യാശുപത്രിയിൽ ചികിത്സിക്കാമെന്ന് ബെനഡിക്ട് മാർപാപ്പ. മരണക്കിടക്കയിൽ കഴിയുന്ന ചാർളി ഗാർഡിനുവേണ്ടി ലോകം മുഴുവൻ പ്രാർത്ഥനയുമായി നിൽക്കുന്നു. അപ്പോഴും ചാർളിയെ പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എൻഎച്ച്എസും കോടതിയും. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചാർളിയുടെ അച്ഛൻ ക്രിസ് ഗാർഡും അമ്മ കോണി യേറ്റ്‌സും.

ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിൽ അതിഗുരുതരാവസ്ഥയിൽ കഴിയുന്ന പത്തുമാസം മാത്രം പ്രായമുള്ള കുരുന്നാണ് ചാർളി. 2016 ഓഗസ്റ്റ് നാലിന് ജനിക്കുമ്പോൾ അവൻ പൂർണ ആരോഗ്യവാനായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോഴാണ് ചാർളിക്ക് ചലനശേഷിയില്ലെന്ന് മാതാപിതാക്കൾ മനസ്സിലാക്കിയത്. അത്യപൂർവ ജനിതകരോഗമാണ് ചാർളിക്കെന്ന് ഡോക്ടർമാർ കണ്ടെത്തി.

പേശികൾ ദുർബലമാകുന്നതിനും തലച്ചോറിന് തകരാറ് സംഭവിക്കുന്നതിനുമാണ് ഈ രോഗം കാരണമാവുക. ശ്വസിക്കാൻ ബുദ്ധിമുട്ടായതോടെ, ഒക്ടോബറിൽ ചാർളിയെ ഗ്രേറ്റ് ഓർമണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാർളിയെ അമേരിക്കയിലുള്ള വിദഗ്ധ ഡോക്ടർമാരെ കാണിക്കണമെന്ന് മാതാപിതാക്കൾ തീരുമാനിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.

ന്യുക്ലിയോസൈഡ് എന്ന പുതിയ തരം ചികിത്സയിലൂടെ ചാർളിയെ രക്ഷിക്കാനാവുമെന്നാണ് അമേരിക്കൻ ഡോക്ടർമാർ അവകാശപ്പെടുന്നത്. ചാർളിയെ വിദേശത്തയച്ച് ചികിത്സിക്കാനുള്ള ധനശേഖരണവും ജനുവരിയിൽ തുടങ്ങി. എന്നാൽ, ചാർളിയെ പരീക്ഷണാർഥം ചികിത്സിക്കാൻ അനുവദിക്കില്ലെന്ന് ഗ്രേറ്റർ ഓർമണ്ട് ആശുപത്രിയിലെ ഡോക്ടർമാർ നിലപാടെടുത്തു. ഇതോടെ സംഭവം കോടതിയിലെത്തി. ലണ്ടൻ ഹൈക്കോടതിയിലെ കുടുംബക്കോടതിയിൽ ജസ്റ്റിസ് ഫ്രാൻസിസിന്റെ ബെഞ്ചിലാണ് ചാർളിയുടെ കേസ് വെന്റിലേറ്ററിൽ കഴിയുന്ന ചാർളിക്ക് സാധാരണനിലയിൽ ശ്വസിക്കാനും ഭക്ഷണം കഴിക്കാനും കഴിയില്ല. മാർച്ച് മൂന്നിന് ചാർളിയുടെ വെന്റിലേറ്റർ നീക്കാൻ നിർദേശിക്കണമെന്ന് ജസ്റ്റിസ് ഫ്രാൻസിസിനോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. കോടതി നടപടികൾ പൂർത്തിയായശേഷം വെന്റിലേറ്റർ നീക്കാമെന്ന് അദ്ദേഹം ഏപ്രിൽ 11-ന് ഉത്തരവിട്ടു.

മെയ് മൂന്നിന് ചാർളിയുടെ മാതാപിതാക്കൾ അപ്പീൽ കോടതിയിലെത്തി. മെയ് 23-ന് ഇവരുടെ അപ്പീൽ കോടതി തള്ളി. സുപ്രീം കോടതിയിലെത്തിയെങ്കിലും അവിടെയും ചാർളിക്ക് അനുകൂലമായി മാതാപിതാക്കൾക്ക് വിധി സമ്പാദിക്കാനായില്ല. ചാർളിയെ ബ്രിട്ടനിൽനിന്ന് കൊണ്ടുപോകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചു.

ജൂൺ 27-ന് കേസിലിടപെടാനാവില്ലെന്ന് യൂറോപ്യൻ കോടതിയും വിധിച്ചു. ജൂലൈ പത്തിന് ചാർളിയുടെ മാതാപിതാക്കൾ വീണ്ടും ഹൈക്കോടതിയിൽ ജസ്റ്റിസ് ഫ്രാൻസിസിന്റെ മുന്നിലെത്തി കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയിലെ ഡോക്ടർമാർ നിർദേശിക്കുന്ന പരീക്ഷണ ചികിത്സ താങ്ങാനുള്ള ശേഷി ചാർളിക്കില്ലെന്ന് എൻഎച്ച്എസ് ഡോക്ടർമാരുടെ നിലപാടാണ് ഇക്കാര്യത്തിൽ നിർണായകം. 

ഇതിനിടെ പ്രശ്‌നത്തിൽ ഡൊണാൾഡ് ട്രംപും മാർപാപ്പയും പ്രശ്‌നത്തിലിടപെട്ടതോടെ സംഭവത്തിന് അന്താരാഷ്ട്ര പ്രശസ്തിയായി. ട്രംപിന്റെയും പോപ്പിന്റെയും നിലപാടുകൾ മനസ്സിലാക്കാനാവുമെങ്കിലും ചാർളിയുടെ കാര്യത്തിൽ അതിനും കാര്യമായൊന്നും ചെയ്യാനില്ലെന്നാണ് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്‌സിന്റെ പ്രസിഡന്റ് നീന മോദിയുടെ അഭിപ്രായം.