- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതു ചന്തമുള്ള ചാർലി; വിചിത്രമായ കഥയ്ക്കു വ്യത്യസ്തമായ ആഖ്യാനം; ദുൽഖറിന്റെ കരിയർ ബെസ്റ്റ്; മഞ്ജു വാര്യർക്കൊപ്പം പാർവതിയും
മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി നല്ല സാങ്കേതിക വിദഗ്ധരല്ലാത്തതോ, നടീ നടന്മ്മാരില്ലാത്തതോ, എന്തിന് പണമില്ലാത്തതോ പോലുമല്ല.അത് സർഗാത്മകമാണ്. തുറന്ന് പറഞ്ഞാൽ നമുക്ക് നല്ല എഴുത്തുകാരില്ല. പത്മരാജനും, ലോഹിതദാസും കാലയവനികയിൽ മറിയുകയും എം ടിയും, ജോൺപോളും ശ്രീനിവാസനും, രഞ്ജിത്തുമടക്കമുള്ള നിര എഴുത്ത് കുറക്കുകയും ചെയ്തതോടെ, വ്
മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി നല്ല സാങ്കേതിക വിദഗ്ധരല്ലാത്തതോ, നടീ നടന്മ്മാരില്ലാത്തതോ, എന്തിന് പണമില്ലാത്തതോ പോലുമല്ല.അത് സർഗാത്മകമാണ്. തുറന്ന് പറഞ്ഞാൽ നമുക്ക് നല്ല എഴുത്തുകാരില്ല.
പത്മരാജനും, ലോഹിതദാസും കാലയവനികയിൽ മറിയുകയും എം ടിയും, ജോൺപോളും ശ്രീനിവാസനും, രഞ്ജിത്തുമടക്കമുള്ള നിര എഴുത്ത് കുറക്കുകയും ചെയ്തതോടെ, വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ കഥാപരിസരവുമായി ഇന്ത്യൻ സിനിമയെ ഞെട്ടിച്ച തിരമലയാളം, കെട്ടുകാഴ്ചകളിലേക്ക് മാറാൻ തുടങ്ങി.
തുടക്കത്തിൽ വൈവിധ്യമുണ്ടായിരുന്നെങ്കിലും പിന്നീട് ഒരേ മോഡൽ പ്രമേയത്തിൽ കിടന്ന് നമ്മുടെ നവ തരംഗസിനിമയും വട്ടം കറങ്ങി. ആ നിലക്ക് നോക്കുമ്പോൾ ശരിക്കും ഒരു പ്രമേയ വിപ്‌ളവം തന്നെയാണ് 'മുന്നറിയിപ്പ്' എന്ന അസാധ്യ സിനിമയുടെ തിരക്കഥാകൃത്തും 'ബിഗ് ബി'യുടെ സംഭാഷണകൃത്തും, പ്രമുഖ ചെറുകഥാകൃത്തുമായ ആർ. ഉണ്ണി എഴുതി , മാർട്ടിൻ പ്രക്കാത്ത് സംവിധാനം ചെയ്ത ദുൽഖക്കർ സൽമാൻ ചിത്രം 'ചാർലി'.ഈ പടത്തിന് എന്തുകുറവുണ്ടെങ്കിലും കഥയുടെ മൗലികതക്കും വ്യത്യസ്തക്കും കൊടുക്കണം നൂറുമാർക്ക്. (ഉണ്ണിക്കൊപ്പം സംവിധായകൻ മാർട്ടിനും ചേർന്നാണ് തിരക്കഥ ഒരുക്കിയതെന്ന് മറക്കുന്നില്ല) ഇതോടെ മലയാളത്തിലെ മുൻനിര തിരക്കഥാകൃത്തുക്കളിലേക്ക് കസേര വലിച്ചിട്ട് ഇരിക്കയാണ് ഉണ്ണിയും.
കാറ്റുപോലെ എവിടെനിന്നോ വന്ന് അൽപ്പം കുളിര് എല്ലാവർക്കും നൽകി കടന്നുപോവുകന്ന ഒരു മനുഷ്യന്റെ കഥ.അത്ഭുദപ്പെടുത്തുന്ന അഭിനയത്തികവോടെ നായകനായ ചാർലിയായി ദുൽഖറും, നായിക ടെസ്സയായി പാർവതിയും അരങ്ങുതകർക്കയാണ്. മാർട്ടിന്റെ വ്യത്യസ്തമായ ആഖ്യാനവും,ജോമോൻ ടി.ജോണിന്റെ കൊതിപ്പിക്കുന്ന കാമറയും, ഗോപീസുന്ദറിന്റെ ഇമ്പമാർന്ന ഗാനങ്ങളും കൂടിയാവുമ്പോൾ ചാർലി നമുക്ക് പ്രിയപ്പെട്ട ചലച്ചിത്രമാവുന്നു. പക്ഷേ ട്രയിലർ തൊട്ട് സാധാരണപ്രേക്ഷകരിൽ ഉയർന്ന അമിത പ്രതീക്ഷ ഈ ചിത്രത്തിന് ഭാരം ആവാതിരിക്കട്ടെ.പുർണമായും കൊമേർഷ്യലാവായെ ഓഫ് ബീറ്റ് സ്വഭാവം നിലനിർത്തിക്കൊണ്ടുള്ള വ്യത്യസ്തമായ ആഖ്യാനമാണ് മാർട്ടിൽ ഈ പടത്തിന് കൊടുത്തിരിക്കുന്നത്.
കാറ്റുപോലെ പാറിപ്പറന്ന് നടക്കുന്ന ഒരു മനുഷ്യന്റെ കഥ
സാമ്പ്രദായിക ചിട്ടവട്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാത്ത മനുഷ്യനാണ് ചാർലി. എന്നാൽ അയാൾ ഒരു അനാർക്കിസ്റ്റല്ല. എല്ലാവരെയും സ്‌നേഹിക്കാനേ ചാർലിക്ക് അറിയൂ. ചിത്രകാരൻ, മജീഷ്യൻ, ഗായകൻ, കുക്ക് എന്നിങ്ങനെ എത് വേഷത്തിലും എവിടെ എപ്പോൾ അയാളെ കാണാമെന്നും, എപ്പോൾ കാണാതാവുമെന്നും ആർക്കും അറിയില്ല. സുഹൃത്തുക്കൾക്ക് അയാൾ അറബിക്കഥയിലെ ജിന്നിനെപ്പോലെയാണ്.മൊബൈൽഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്ന പതിവുമില്ല. അങ്ങനെയുള്ള ചാർലി താമസിച്ചിരുന്ന ഫോർട്ട്‌കൊച്ചിയിലെ മുറിയിലേക്ക് എത്തുകയാണ് നായിക ടെസ്സ( പാർവതി). വിദേശത്തേക്ക് കെട്ടിച്ചുവിടാനുള്ള ബന്ധുക്കളുടെ ശ്രമം തകർത്തുകൊണ്ട് രാക്കുരാമാനം ഓടിപ്പോന്നതാണ് ചിത്രകാരികൂടിയായ ടെസ്സ. (ഈ ഒളിച്ചോട്ടത്തിലും രണ്ടാപകുതിയിലെ ചില സീനുകളിലുമൊക്കെ ക്‌ളീഷെയുടെ അയ്യരുകളികൾ ധാരണമുണ്ടുതാനും) ചാർലിയുടെ വൃത്തിയാക്കാത്ത മുറിയിൽ അയാളുടെ സാധനങ്ങൾ അടുക്കിപ്പെറുക്കിയിട്ടിരിക്കയാണ്.അവിടെനിന്ന് കിട്ടുന്ന ഒരു കാരിക്കേച്ചർ സ്ട്രിപ്പിനോട് തോന്നിയ കൗതുകം ടെസ്സയെ ചാർലിയിലേക്ക് അടുപ്പിക്കുന്നു. തുടർന്നങ്ങോട്ട് ചാർലിയെ അന്വേഷിച്ചുള്ള ടെസ്സയുടെ യാത്രയാണ്. ആദ്യ പകുതി മുഴവൻ മറ്റുള്ളവരുടെ ഓർമ്മകളിൽനിന്നാണ് പ്രേക്ഷകർ ചാർലിയെ അറിയുന്നത്. ടി.വി ചന്ദ്രന്റെ വിഖ്യാതമായ 'കഥാവശേഷന്റെ' ശൈലി ഈ ചിത്രം ഇവിടെയാക്കെ ഓർമ്മിപ്പിക്കുന്നു.
വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ തേടിയുള്ള യാത്രയാണ് ചാർലിയുടേത്. തന്റെ മുറിയിൽ കയറിയ കള്ളനെ (സൗബിൻ ഷാഹിർ) കീഴടക്കി സൽക്കരിച്ചശേഷം അയാളോടൊപ്പം മോഷണത്തിന്കൂട്ടുപോവുകയാണ് ചാർലിയും! വിചിത്രമായ ജീവിതാനുഭവം തേടിയുള്ള ആ യാത്ര അതിലും വിചിത്രമായ മറ്റൊരു ജീവിതത്തിലേക്കാണ് ചാർലിയെ കൂട്ടിക്കൊണ്ടുപോവുന്നത്. അതുപോലെ തന്നെ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുത്ത് ഏവരെയും പറ്റിച്ച്, തന്റെ അഭാവം സമൂഹത്തെ ഏങ്ങനെ ബാധിക്കുന്നു എന്ന് സ്വയം കാണാനായതിന്റെ ത്രില്ല് അനുഭവിക്കുന്നു ചാർലി. ചെറുപ്പകാലത്തുതന്നെ ഭർത്താവ് കൂട്ടിക്കൊടുത്ത് ഒടുവിൽ എയ്ഡ്‌സ് വന്നതോടെ എല്ലാവരും കൈയൊഴിച്ച ഒരു വേശ്യയുടെ (കൽപ്പന) ജന്മദിനം ചാർലി കൊണ്ടാടുന്നു.അവൾ കടലിൽപോയി സാഗര കന്യകയെ കാണണം എന്ന് ആവശ്യപ്പെട്ടപ്പോൾ, ഒരു ബോട്ടുകാരനെ കീഴ്‌പ്പെടുത്തി പുറംകടലിൽ കൊണ്ടുപോവുന്ന ചാർലി.അങ്ങനെ പൊതുജനം അൽപ്പം വട്ടുണ്ടെന്ന് പറയുന്ന കൂട്ടത്തിലാണ് ചാർലിയുടെ ജീവിതം. ആ വട്ടനെത്തേടിപ്പോവുകയാണ് അൽപ്പം നൊസ്സുണ്ടെന്ന് ബന്ധുക്കൾ പറയുന്ന ടെസ്സ!
എന്നാൽ ആദ്യ പകുതിയിൽ കിട്ടിയ ചടുലത ചിത്രത്തിന്റെ രണ്ടാം പകുതിയിൽ കിട്ടുന്നില്ല. പക്ഷേ അപ്പോഴും കഥയുടെ രസച്ചരട് മുറിയുന്നില്ല.സാമൂഹിക പ്രവർത്തനങ്ങളും മറ്റുമായി ചാർലിയെന്ന കഥാപാത്രത്തിന് വിശുദ്ധിയുടെ അംശമെന്ന പതിവ് ചേരുമ്പടി ചേർക്കാനും ചിത്രം ശ്രമിക്കുന്നു. ആൺകോയ്മക്കും വ്യവസ്ഥിതിയുടെ ചിട്ടവട്ടങ്ങൾക്കും എതിരായി നിൽക്കുന്ന ചാർലിയും പ്രണയത്തിന്റെ കാര്യത്തിൽ അൽപ്പം സാമ്പ്രദായികമായിപ്പോവുന്നുവെന്ന് വിമശിച്ചാൽ തെറ്റുപറയാൻ കഴിയില്ല.തൃശൂർ പൂരത്തിലെ പുരുഷാരത്തിനടയിൽവച്ച് തന്നെ കണ്ടുപടിക്കാൻ ടെസ്സയോട് പറയുന്ന ചാർലിയുടെ നടപടിയും ഈ വിചിത്രജീവതത്തിന്റെ തുടർച്ചയായും വിലയിരുത്താം.
ആർ . ഉണ്ണി ഉണ്ടാക്കിയെടുത്ത ഈ വിചിത്ര മനുഷ്യന് അദ്ദേഹം തന്നെ മുമ്പ് എഴുതിയ ചെറുകഥയായ 'ലീല'യിലെ നായകനായ കുട്ടിയപ്പനുമായി സാദൃശ്യവും കാണം. അൽപ്പം നെഗറ്റീവ് ഷെയ്ഡിൽ ജീവിക്കുന്ന, കുട്ടിയപ്പന്റെ പോസറ്റീവായ രൂപമാണ് ചാർലി. എല്ലാ ദിവസവം തന്നെ വിളിച്ചുണർത്തി ചായതരുന്ന വേലക്കാരിയോട് ഒരു വ്യത്യസ്തക്കുവേണ്ടി കോണിവച്ച് കയറി ജാലകത്തിലൂടെ തിനക്ക് ചായ തരാനാണ് കുട്ടിയപ്പൻ ആവശ്യപ്പെടുന്നത്! അവരാകട്ടെ നടുതല്ലി വീണ് ആശുപത്രിയിലും ആവുന്നു. അതുപോലെ തന്നെ ഒരു ആനയുടെ കൊമ്പുകൾക്കിടയിൽ ഒരു യുവതിയെ ചേർത്തുവച്ച് ഭോഗിക്കണമെന്നാണ് കുട്ടിയപ്പന്റെ മറ്റൊരു വിചിത്രാഭിനിവേശം! അതിനായി ആനയെയും പെൺകുട്ടിയേയും കിട്ടനുള്ള യാത്രയാണ് 'ലീല'യുടെ പ്രതിപാദ്യം.ഈ കഥ രഞ്ജിത്ത് മോഹൻലാലിനെയോ, മമ്മൂട്ടിയെയോ ഒക്കെ വച്ച് സിനിമയാക്കുന്നു എന്നൊക്കെയുള്ള വാർത്തകൾ കേട്ടിരുന്നു. അവസാനം വാർത്തവന്നത് ബിജുമേനോനാണ് ഈ ചിത്രത്തിലെ നായകനെന്നാണ്.ചാർലി ഇറങ്ങിയതിനാൽ ഇനി ലീലയുടെ തിരക്കഥയിലും അൽപ്പം റീവർക്കുകൾ വേണ്ടിവരുമെന്ന് തോനുന്നു.
ദുൽഖർ ഇനി പഴയ പയ്യനല്ല; അത്ഭുതപ്പെടുത്തി പാർവതിയും
കൊച്ചി പഴയ കൊച്ചിയല്‌ളെന്ന് 'ബിഗ് ബി'യിൽ മമ്മൂട്ടി പറയുന്നപോലെ ദുൽഖർ ഇനി പഴയ യോയോ പയ്യനല്‌ളെന്ന് ഈ പടം അടിവരയിടുന്നു.അലസമായ താടിയും ബൊഹീമിയൻ വേഷവിധാനവും, പ്രത്യേകം മുഴങ്ങുന്ന പൊട്ടിച്ചിരിയുമൊക്കെയായി പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ചേക്കേറുകയാണ് ചാർലിയുടെ വേഷം. ഒരു സംശയവും വേണ്ട ദുൽഖർ സൽമാന്റെ കരിയർ ബെസ്റ്റാണ് ഈ പടം. വേഷത്തികവിന്റെ കാര്യത്തിൽ ഒ.കെ കൺമണിയൊന്നും ചാർലിയുടെ അടുത്തത്തെില്ല. ഈ പടം കണ്ടിറങ്ങിയതോടെ ഒരു കാര്യം ഉറപ്പായി. വാർധക്യത്തിലേക്ക് കയറിയ നമ്മുടെ സൂപ്പർ താരങ്ങളിൽനിന്ന് മലയാള വാണിജ്യ സിനിമയുടെ റിമോട്ട് കൺട്രോൾ ഏറ്റെടുക്കുന്നത് , പ്രഥ്വീരാജിനും നിവിൻപോളിക്കുമൊപ്പം ഇനി ദുൽഖറുമുണ്ടാവും. ദൂൽഖർ സിനിമയിൽ വന്നപ്പോൾ മമ്മൂട്ടി പറഞ്ഞ ഒരു വാചകമുണ്ട്. 'ഭാവിയിൽ ദുൽഖർ സൽമാന്റെ പിതാവ് എന്നപേരിൽ അറിയപ്പെടാനും ഒരു പക്ഷേ നടൻ മമ്മൂട്ടിക്ക് യോഗമുണ്ടാവും'.മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളുടെ നിലവാരം വച്ച് ചാർലിയെ താരതമ്യം ചെയ്യുമ്പോൾ, ഈ വാക്കുകൾ വൈകാതെ അറം പറ്റാനും ഇടയുണ്ട്.
പക്ഷേ ഈ പടം കണ്ടപ്പോൾ ദുൽഖർ നേരിടുന്ന മറ്റൊരു വെല്ലുവിളിയും ഇവിടെ പറയാതെ വയ്യ.ഒരു മുൻകാല സിനിമയിലും പ്രകടമല്ലാത്ത രീതിയിൽ ദുൽഖർ ചിലപ്പോഴൊക്കെ മമ്മൂട്ടിയെ അനുകരിക്കാൻ ശ്രമിക്കുന്നതായി തോനുന്നു. ബാസ് കൂട്ടിയിട്ട ശബ്ദത്തിലും ആ പൊട്ടിച്ചിരിയിലുമൊക്കെയുണ്ട് 'യവനികയിലും', 'അരപ്പട്ട കെട്ടിയ ഗ്രാമത്തിലുമൊക്കെ' നമ്മെ കൊതിപ്പിച്ച മമ്മൂട്ടിയൂടെ യൗവ്വനം. പുരാണത്തിലെ യയാതിയെപ്പോലെ മകനിൽനിന്ന് യൗവ്വനം കടംകൊള്ളാൻ മമ്മൂട്ടിക്ക് കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ ആരാധകർ ആഗ്രഹിക്കുന്നത് മമ്മൂട്ടിയുടെ യുവത്വം ദുൽഖറിലൂടെ കാണാനാണ്.ഒരു നടനെന്ന രീതിയിൽ പിതാവിൽനിന്ന് വേറിട്ടുനിൽക്കാതെ, ഫാൻസിന്റെ കൈയടിക്കുവേണ്ടി, അദ്ദേഹത്തെ അനുകരിച്ചാൽ കത്തിത്തീരുന്നത് ദുൽഖറിന്റെ ജന്മസിദ്ധമായ പ്രതിഭയായിരിക്കും.ഇപ്പോൾ രൂപപ്പെടുത്തിയെടുത്തപോലെ, മമ്മൂട്ടിയിൽനന്ന് തീർത്തും വ്യത്യസ്തമായ ശൈലിയിൽ ഉറച്ചുനിൽക്കാനാണ് ഈ യുവനടൻ ശ്രമിക്കേണ്ടത്.
ചാർലിയിൽ അത്ഭുദപ്പെടുത്തിയ മറ്റൊരു ഘടകം നടി പാർവതിയുടെ അഭിനയമാണ്. തൊട്ട്മുമ്പത്തെ ഹിറ്റായ 'എന്ന് നിന്റെ മൊയ്തീനിലെ' കാഞ്ചനമാലയെ നോക്കിയാലറിയാം പാർവതിയുടെ റേഞ്ച്.മഞ്ജു വാരിയർക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും കഴിവുള്ള നടിയെന്ന വിശേഷണത്തിലേക്കാണ് പാർവതി നീങ്ങുന്നത്. ഈ പടത്തിലാകട്ടെ, പലപ്പോഴും ചാർലിയേക്കാൾ പ്രേക്ഷക ശ്രദ്ധ കിട്ടുന്നതും പാർവതിയുടെ ടെസ്സക്കാണ്.
ഉണ്ണി.ആർ കഥകളിൽ പതിവുള്ള സർറിയലിസ്റ്റിക്ക് പരിസരം അതുപോലെ നിലനിർത്തി എന്നാൽ ഒരിടത്തും പ്രേക്ഷകനെ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടാതെയുമാണ് മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനം. അപർണഗോപിനാഥ്, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ തുടങ്ങി ഈ പടത്തിലെ മിക്കവരും തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കിയിട്ടുണ്ട്. ആകെ ടൈപ്പായി തോന്നിയത് നെടുമുടിവേണുവിന്റെ വയോധിക കഥാപാത്രമാണ്. 'വയ്യ,... മടുത്തൂ..' എന്ന് പറഞ്ഞ് മിമിക്രിക്കാർ സ്ഥിരമായി വേണുച്ചേട്ടനെ അനുകരിക്കുന്നു രൂപത്തിലുള്ള ഒരു പതിവ് കഥാപാത്രം.ഇതേ ചിത്രത്തിൽ തന്നെയുള്ള പി.ബാലചന്ദ്രന്റെ വേഷം ടൈപ്പുകളിൽനിന്ന് നടന് എങ്ങനെ കുതറിച്ചാടാമെന്നതിന്റെയും ഉദാഹരണമാണ്.
'ബെസ്റ്റ് ആക്റ്റർ', 'എ.ബി.സി.ഡി' എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനിച്ച മാർട്ടിന് ഈ പടത്തിൽ ശരിക്കും അഭിമാനിക്കാം.ഒരോ ചിത്രം കഴിയുമ്പോഴേക്കും നിലവാരമിടഞ്ഞുവരുന്ന സമകാലീന സംവിധായകർക്കിടയിൽ, ഒരോ പടത്തിലും സ്വയം നവീകരിച്ച് കയറിക്കയറി വരികയാണ് മാർട്ടിൻ. ജോമോൺ ടി.ജോണിന്റെ കാമറയെന്നത് എവിടെവച്ചാലും നല്ല ഫ്രയിമുകൾ മാത്രം കിട്ടുന്ന എന്തോ മാന്ത്രിക വസ്തുവണെന്ന് തോനുന്നു. ഉൽസവങ്ങളും ആഘോഷങ്ങളുടെയുമൊക്കെ കാഴ്ചകൾ ഒരു കലിഡോസ്‌ക്കോപ്പിലെന്നപോലെ! ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഈ ചിത്രത്തെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്.പക്ഷേ ഒരു കല്ലുകടി പറയാതെ വയ്യ.ദുൽഖർ സ്വന്തം ശബ്ദത്തിൽ പാടുന്ന 'ചുന്ദരിപ്പെണ്ണേ' യെന്ന പാട്ട് എന്തിനായിരുന്നു. ഇതൊരു വൃത്തികെട്ട ട്രെൻഡ് ആവുകയാണ്. നടന്മ്മാർക്ക് അറിയാവുന്ന പണി എടത്താൽപോരെ. വെറുതെ 'ലാലിസം' പോലെ പാടി ചീത്തപ്പേരുണ്ടാക്കണോ?
വാൽക്കഷ്ണം: ചാർലിയെന്നത് ലഹരിവസ്തുക്കളുടെ അപരനാമധേയമായതിനാൽ അടി, ഇടി,കുടി ടൈപ്പിലുള്ള പടമാണിതെന്ന പ്രചാരണത്തെയും ഈ പടം പൊളിച്ചടുക്കിയിട്ടുണ്ട്. ചിത്രത്തിൽ മയക്കുമരുന്ന് കടന്നുവരുന്നേയില്ല. അവനവനെ മാത്രം എപ്പോഴും കണ്ടുകൊണ്ടിരിക്കാനായി നിരന്തരം സെൽഫിയെടുക്കുന്നവർ വിശുദ്ധരും, മറ്റുള്ളവരെ ജീവൻ രക്ഷിക്കാൻ എടുത്തുചാടുന്നവർ മണ്ടന്മ്മാരായും ചിത്രീകരിക്കപ്പെടുന്ന ഈ കാലത്ത് ഇത്തരം സിനിമകളും ഒരു ലഹരി തന്നെയാണ്. ജീവിതാസക്തിയടെയും സഹജീവി സ്‌നേഹത്തിന്റെയും ലഹരി!