ന്യൂഡൽഹി: ഡൽഹിയിലേക്ക് ഇനിയൊരു സന്ദർശനത്തിന് ചാൾസ് രാജകുമാരനും ഭാര്യ കാമിലയും വരാൻ തയ്യാറായേക്കുമെന്ന് തോന്നുന്നില്ല. അന്തരീക്ഷ മലിനീകരണംകൊണ്ട് വീർപ്പുമുട്ടുന്ന തലസ്ഥാന നഗരത്തിൽ രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ചാൾസും ഭാര്യയും സ്‌കൂൾ സന്ദർശനമടക്കമുള്ള പരിപാടികൾ റദ്ദാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്. മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്ന ഡൽഹിയെ രക്ഷിക്കാനുള്ള വഴികൾ ആലോചിക്കുകയാണ് അധികൃതർ.

കുട്ടികൾ പുറത്തിറങ്ങുന്നത് തടയുന്നതിനായി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് സ്‌കൂൾ സന്ദർശിക്കണമെന്ന ചാൾസിന്റെയും കാമിലയുടെയും ആഗ്രഹം സാധിക്കാതിരുന്നത്. എന്നാൽ, ഇന്ത്യ ഗേറ്റ് യുദ്ധസ്മാരകമുൾപ്പെടെയുള്ളവ സന്ദർശിക്കാൻ ഇരുവരും സമയം കണ്ടെത്തി.

11 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് ചാൾസും കാമിലയും ബുധനാഴ്ച ഇന്ത്യയിലെത്തിയത്. സിംഗപ്പുർ, മലേഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ദർശിച്ചശേഷമാണ് ഇരുവരും ഇന്ത്യയിലെത്തിയത്. അടുത്ത ഏപ്രിലിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ ഭരണാധികാരികളുടെ സമ്മേളനം ലണ്ടനിൽ നടക്കാനിരിക്കെ, തന്റെ ഇന്ത്യ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണെന്ന് ചാൾസ് വ്യക്തമാക്കി. ബ്രിട്ടീഷ് ഭരണത്തിലുണ്ടായിരുന്ന രാജ്യങ്ങളുൾപ്പെടെ 53 അംഗരാജ്യങ്ങളാണ് കോമൺവെൽത്തിലുള്ളത്.

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മൂന്നാം ദിവസവും അനിയന്ത്രിതമായി തുടരുന്ന ഡൽഹിയിൽ, അധികൃതർ മറ്റുമാർങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ കുട്ടികളെ സ്‌കൂളിൽ വിടുന്നതൊഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. വാഹനങ്ങൾ നിരത്തിലിറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് ഒമ്പതാം തവണയാണ് ചാൾസ് ഇന്ത്യയിൽ എത്തിയത്. കോമൺവെൽത്ത് സമ്മേളനത്തിന് മോദിയെ നേരിട്ട് ക്ഷണിക്കാൻ വേണ്ടിയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. 10 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി സിംഗപ്പൂർ, മലേഷ്യ, ബ്രൂണെയ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് അവർ ഇന്ത്യയിലെത്തിയത്.

ഇവർ എത്തിയതായി അറിയിച്ച് കൊണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മോദിയുമായി വിവിവിധ പ്രശ്നങ്ങളെ മുൻനിർത്തി വിശദമായ ചർച്ചയാണ് ചാൾസ് നടത്തിയിരിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ യുകെയിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഹെഡ്സ് ഓഫ് ഗവൺമെന്റ് മീറ്റിങ്( സിഎച്ച്ഒജിഎം) ഇവരുടെ ചർച്ചയുടെ മുഖ്യവിഷയമായിരുന്നു. കാലാവസ്ഥാ മാറ്റം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സാമ്പത്തിക സഹകരണം, മറ്റ് ഉഭയകക്ഷി പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇവരുടെ ചർച്ചയിൽ ഉണ്ടാകുമെന്ന് രാജകുമാരൻ എത്തുന്നതിന് മുമ്പ് തന്നെ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയും ബ്രിട്ടനും തമ്മിൽ 12.19 ബില്യൺ പൗണ്ടിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടക്കുന്നത്. ഇതിന് പുറമെ ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്ത ഇൻവെസ്റ്ററാണ് ഇന്ത്യ. ഇതിന് പുറമെ ബ്രിട്ടനിൽ തൊഴിൽ സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ മൂന്നാംസ്ഥാനമാണ് ബ്രിട്ടനുള്ളത്. 2000 ഏപ്രിലിനും 2017 ജൂണിനും ഇടയിൽ ബ്രിട്ടൻ ഇവിടെ 24. 37 ബില്യൺ പൗണ്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. യുകെയിലെ ഇന്ത്യൻ സമൂഹം ഇവിടുത്തെ ഏറ്റവും വലിയ എത്നിക് മൈനോറിറ്റി സമൂഹങ്ങളിലൊന്നാണ്. 2011ലെ സെൻസസ് അനുസരിച്ച് ഏതാണ്ട് 1.5 മില്യൺ ഇന്ത്യൻ വംശജരാണ് യുകെയിലുള്ളത്.

ഇവിടുത്തെ ജനസംഖ്യയുടെ 1.8 ശതമാനം വരുമിത്. രാജ്യത്തെ ജിഡിപിയിലേക്ക് ആറ് ശതമാനവും ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനയാണ്. ഇതിന് മുമ്പ് 1975,1980,1991,1992, 2002,2006,2010,2013 എന്നീ വർഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ചാൾസ് ഇന്ത്യ സന്ദർശിച്ചിരുന്നത്.