ഹൈദരാബാദ്: മയക്കുമരുന്ന് കേസിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് കരിയറും ഭാവിയും തകർക്കാനാണെന്ന് നടി ചാർമി കൗർ. ചോദ്യം ചെയ്യലിനായി തെലുങ്കാന എക്സൈസ് വകുപ്പിന് മുന്നിൽ ഹാജരാകാൻ നടിക്ക് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ചാർമിയുടെ പ്രതികരണം.

ബലപ്രയോഗത്തിലൂടെ തന്റെ നഖം, തലമുടി, രക്തം എന്നിവ പരിശോധനയ്ക്കായി എടുക്കരുതെന്നും ചാർമി ആവശ്യപ്പെട്ടു. തനിക്ക് മയക്കുമരുന്ന് കേസുമായി യാതൊരു ബന്ധവുമില്ല. ഞാൻ അവിവാഹിതയായ ഒരു യുവതിയാണ്. ഈ കേസ് എന്റെ ഭാവിയേയും കരിയറിനേയും എങ്ങനെ ബാധിക്കുമെന്ന് അറിയാം. മനപ്പൂർവ്വം എന്റെ ജീവിത തകർക്കാനുള്ള ഗുഡാലോചനയാണിതെന്നും ചാർമി പറഞ്ഞു.

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നറിഞ്ഞ് സൂപ്പർ സ്റ്റാർ രവി തേജയുൾപ്പെടെ തെലുങ്ക് സിനിമ രംഗത്ത് പ്രശസ്തരായ 15 താരങ്ങൾക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്്. രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗീതാ മാധുരിയുടെ ഭർത്താവ് നന്ദു, താനിഷ്, നവദീപ്, മുമൈത്ത് ഖാൻ തുടങ്ങിയവർക്കാണ് നോട്ടീസ്. ഇവരിൽ പലരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

സിനിമ താരങ്ങളിൽ നിന്ന് ബലം പ്രയോഗിച്ചാണ് സാമ്പിൾ ശേഖരിക്കുന്നതെന്ന് ചാർമിയുടെ അഭിഭാഷകൻ പറഞ്ഞു. ഇതോടെയാണ് ഇങ്ങനെ സാമ്പിൾ ശേഖരിക്കരുതെന്ന ആവശ്യവുമായി ചാർമി കോടതിയിൽ എത്തിയത്.