മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ ദുബായിൽനിന്ന് പ്രത്യേക 'വോട്ട് വിമാന'വും. മുസ്ലിം ലീഗാണ് പ്രവാസി അണികളെ നാട്ടിലെത്തിച്ച് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നത്. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവസരം കിട്ടിയത് ആഘോഷമാക്കാനാണ് ഈ നീക്കം. പ്രത്യേക ചാർട്ടേർഡ് വിമാനമാണ് ഇതിനായി ഒരുക്കുന്നത്.

168 പേർക്കു യാത്രചെയ്യാവുന്ന എയർ ഇന്ത്യ വിമാനമാണു മുസ്ലിം ലീഗിന്റെ പ്രവാസിസംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി) ചാർട്ടർ ചെയ്തിട്ടുള്ളത്. 29ന് എത്തുന്ന വിമാനത്തിൽ 150 പേരെങ്കിലുമുണ്ടാകുമെന്നു കെ.എം.സി.സി. പ്രസിഡന്റ് അൻവർ നഹ പറഞ്ഞു. യു.ഡി.എഫിനെ വിജയിപ്പിക്കാൻ ലക്ഷ്യമിട്ടാണു വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. രാഷ്ട്രീയം നോക്കാതെ മുഴുവൻ പ്രവാസികൾക്കും യാത്രയ്ക്ക് അവസരമൊരുക്കുമെന്നാണ് നഹ പറയുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല. ലീഗുകാർക്ക് മാത്രമേ ഈ വിമാനത്തിൽ കയറാൻ കഴിയൂ. പവാസികളുടെ തെരഞ്ഞെടുപ്പാവേശം ഉൾക്കൊണ്ടാണു വിമാനം ഏർപ്പെടുത്തിയത്. അതിൽ രാഷ്ട്രീയം നോക്കില്ലെന്നത് പറച്ചിലിൽ മാത്രമെന്ന് സാരം.

കഴിഞ്ഞ നിയമസഭ/ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ഇത്തരത്തിൽ വിമാനം ചാർട്ടർ ചെയ്തിരുന്നെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിൽ ആദ്യമായാണ്. കെ.എം.സി.സി. ദുബായ് ഘടകം എയർ ഇന്ത്യ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ചു ധാരണയായത്. ആകെ 168 സീറ്റിൽ പാതിയെങ്കിലും നിറയണമെന്നായിരുന്നു എയർ ഇന്ത്യയുടെ വ്യവസ്ഥ. വിമാന ടിക്കറ്റ് നിരക്കിലും ഇളവുണ്ട്. ദുബായിൽനിന്നു കരിപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 13,000 രൂപയോളമാണെന്നിരിക്കേ, ചാർട്ടർ വിമാനത്തിൽ 7900 രൂപ മാത്രം. നിരവധിപേർ സീറ്റ് ബുക് ചെയ്തിട്ടുണ്ട്. പ്രത്യേകവിമാനത്തിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ 22നു മുമ്പ് ദുബായ് കെ.എം.സി.സി. ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, രജിസ്‌ട്രേഷൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

അതിനിടെ വോട്ടർ പട്ടികയിൽ പേരുള്ള കോൺഗ്രസ് അനുഭാവികൾക്കു സൗജന്യ വിമാന ടിക്കറ്റ് നൽകുമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബർ ഓർഗനൈസർ ശങ്കരൻപിള്ള കുമ്പളത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ മലപ്പുറത്ത് പോര് മുറുകിയതിനാൽ ലീഗിന്റെ ചാർട്ടേർഡ് വിമാനത്തിൽ കോൺഗ്രസുകാരെ കയറ്റാൻ ഇടയില്ലെന്നാണ് സൂചന. അതിനാൽ മറ്റ് വിമാനങ്ങളിൽ കേരളത്തിലെത്തി വോട്ട് ചെയ്യാനാണ് പ്രവാസി കോൺഗ്രസുകാരുടെ പരിപാടി