തൊടുപുഴ:'നിന്റെ കെട്ടിയവന് കുടുംമ്പം ഉണ്ടെന്ന് ഒർമ്മയില്ലല്ലോടി, ഞങ്ങളുടെ കൂട്ടുകാരനെ തല്ലിയാൽ വെറുതെ വിടുമെന്നാണോ കരുതിയത് 'എന്ന് ചോദിക്കുകയും തോളിൽ പിടിച്ച് തള്ളുകയും ഒരുമിച്ചായിരുന്നു. തള്ളിന്റെ ശക്തിമൂലം ഭിത്തിയിലെ സ്വച്ച് ബോർഡിൽ തലയിടിച്ച് ബാലൻതെറ്റി പിന്നിലേക്ക് വീണു. ഈ അവസ്ഥയിൽ ഇവരിൽ ഒരാൾ ചിവിട്ടാൻ കാലുയർത്തി. എന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നും ഓടിയെത്തിയ അമ്മ ഇയാളെ തള്ളിമാറ്റിയതുമൂലം ചവിട്ടേറ്റില്ല. ഞങ്ങളുടെ കൂട്ടനിലവിളി കേട്ട് അയൽക്കാർ ഓടിക്കൂടിയതോടെയാണ് ഇവർ ആക്രമണം അവസാനിപ്പിച്ച് സ്ഥലം വിട്ടത്.

ചാത്തമറ്റത്ത് കുടംമ്പസഹിതം താമസിക്കുന്ന പട്ടികജാതിക്കാരിയും പൂർണ്ണഗർഭിണിയായ 35 കാരിയും കഴിഞ്ഞ ദിവസം തങ്ങൾക്കുനേരെ നടന്ന ആക്രമണത്തേക്കുറിച്ച് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ. ഇവരിപ്പോൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്. ദേഹം ആസകലം വേദനയും രക്തശ്രാവവും ഉണ്ടെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.

ചാത്തമറ്റം കവലക്ക് സമീപം താമസിക്കുന്ന വീപ്പനാട്ട് ജോബിയുടെ ഭാര്യ ഷെറിന് നേരെയാണ് നാലംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. അക്രമിസംഘത്തിൽപ്പെട്ട മൂന്നുപേർ നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളാണെന്നും നാലാമനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നുമാണ് പോത്താനിക്കാട് പൊലീസിൽ നിന്നും ലഭിച്ച വിവരം. ഇവർ ഒളിവിലാണ്.

മുള്ളിരിങ്ങാട് - തൊടുപുഴ റൂട്ടിലോടുന്ന സെന്റ് തോമസ് ബസ്സിലെ ഡ്രൈവറാണ് ജോബി. കഴിഞ്ഞ 17-ന് വൈകിട്ട് ആനത്തുവഴി ഭാഗത്ത് വച്ച് എതിരെ ആക്ടിവയിൽ വരികയായിരുന്ന പ്രദേശവാസിയായ അമൽദേവും ജോബിയുമായി തർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിൽ കലാശിക്കുകയും ചെയതിരുന്നു. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം മുറുകിയപ്പോൾ അമൽ ഡ്രൈവർ സീറ്റിലിരുന്ന തന്നെ കാലിൽ പിടിച്ച് വലിച്ചു ചാടിക്കാൻ ശ്രമിച്ചെന്നും ഈ സമയം ഇയാളുടെ കൈ തട്ടി മാറ്റുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ഇത് സംബന്ധിച്ച് ജോബി മറുനാടനുമായി പങ്കുവച്ച വിവരം.

ഇതിന്റെ പിറ്റേന്ന് വൈകിട്ട് ഈ സംഭവത്തിൽ അമലിന്റെ പരാതിയിൽ പോത്താനിക്കാട് പൊലീസ് ജോബിയെയും സംഭവ ദിവസം ബസ്സി'ലുണ്ടായിരുന്ന കണ്ടക്ടറെയും അറസ്റ്റു ചെയ്തു.ഇവർ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് അമലിന്റെ സുഹൃത്തുക്കൾ ജോബിയുടെ വീട്ടിലെത്തി ഗർഭിണിയായ ഭാര്യയെ ആക്രമിച്ചത്.

അമലും ജോബിയും ഡി വൈ എഫ് ഐ പ്രവർത്തകരും ആക്രമിക്കാനെത്തിയ കോളേജ് വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രവർത്തകരുമാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. വീട്ടിൽ അതിക്രമിച്ച് കയറുക, സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾക്കു പുറമേ ഹരിജൻ പീഡ് നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കേസന്വേഷണത്തിന് നേതത്വം നൽകുന്ന മൂവാറ്റുപുഴ ഡിവൈ എസ് പി ജിജുമോൻ അറിയിച്ചു.