കാസർകോട്: ഒരു നാടിന്റെ മുഴുവൻ സ്‌നേഹമാണ് അഖില എന്ന വിദ്യാർത്ഥിനിക്കു ലഭിച്ചത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് +2വിന് ഉയർന്ന മാർക്കുവാങ്ങി ജയിച്ച അഖില എന്ന കൊച്ചുമിടുക്കിക്ക് വീടും സ്ഥലവും സ്വന്തമായി ലഭിക്കുമ്പോൾ ആഹ്ലാദിക്കുന്നത് ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിനൊപ്പം ഒരു നാടു മുഴുവനാണ്.

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂൾ പണിതു നൽകിയ 'നന്മ' വീടിന്റെ താക്കോൽ അഖിലയ്ക്കു കഴിഞ്ഞ ദിവസമാണ് കലക്ടർ പി എസ് മുഹമ്മദ് സഗീർ കൈമാറിയത്. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് സ്‌കൂൾ മുൻകൈയെടുത്ത കൂട്ടായ്മ അഖിലയ്ക്കു വീടു നിർമ്മിച്ചു നൽകിയത്.

അഖിലയുടെ കുടുംബത്തിനു കൂടുതൽ സന്തോഷമേകി വീടിരിക്കുന്ന എട്ടുസെന്റ് സ്ഥലത്തിന്റെ പട്ടയവും എഡിഎം എച്ച് ദിനേശൻ കൈമാറി. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂൾ +2 കൊമേഴ്‌സ് വിദ്യാർത്ഥിനിയായിരുന്ന പി ആർ അഖിലയ്ക്ക് സ്‌കൂളിലെ കൂട്ടുകാർ ചേർന്നാണു വീടു നിർമ്മിച്ചു നൽകിയത്.

കൊളത്തൂരിലെ റോഡുപുറമ്പോക്കിൽ പ്ലാസ്റ്റിക്കുകൊണ്ട് മറച്ച കൂരയിലായിരുന്നു 17 വർഷമായി അഖിലയുടെയും കുടുംബത്തിന്റെയും താമസം. അച്ഛൻ അജിത്തിന് അസുഖമായതിനാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. അമ്മ ലീല, സഹോദരിമാരായ പത്താംക്ലാസിൽ പഠിക്കുന്ന നിഖില, അഞ്ചിൽ പഠിക്കുന്ന അനഘ, അങ്കണവാടിയിൽ പഠിക്കുന്ന അശ്വതി എന്നിവരുടെ പ്രതീക്ഷയെല്ലാം പേറിയാണ് അഖില പഠനം തുടർന്നിരുന്നത്.

+2 പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് ടീച്ചറായ രതീഷ് പിലിക്കോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ പഠിക്കുന്നതിന്റെ ദുരിതം അഖില വിവരിച്ചത്. വീട് വൈദ്യുതീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അഖിലയുടെ വീട്ടിലെത്തിയപ്പോഴാണ് അഖിലയുടെ ദുരവസ്ഥ നേരിട്ടു കണ്ടുബോധ്യപ്പെട്ടത്. ഇതോടെ അഖിലയ്‌ക്കൊരു വീടെന്ന സ്വപ്‌നം ഒരു സ്‌കൂൾ ഒന്നടങ്കം കാണാൻ തുടങ്ങിയത്.

രതീഷിന്റെ ശ്രമങ്ങൾക്ക് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ, സ്‌കൂൾ മാനേജ്‌മെന്റ്, പി.ടി.എ., അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം പൂർണപിന്തുണ ലഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച വെൽഫയർ കമ്മിറ്റിക്കായിരുന്നു വീടിന്റെ നിർമ്മാണച്ചുമതല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വീടിന്റെ നിർമ്മാണം തുടങ്ങിയത്. 800 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിൽ മൂന്ന് ബെഡ്‌റൂം, ഹാൾ, അടുക്കള, വർക്ക് ഏരിയ, വരാന്ത തുടങ്ങിയ സൗകര്യങ്ങളുണ്ട്.

ഇതിനിടെ, തന്റെ കഷ്ടപ്പാടുകൾക്കിടയിലും മനസിരുത്തി പഠിച്ച അഖില +2വിന് 92 ശതമാനം മാർക്ക് നേടിയിരുന്നു. രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ ബി.ബി.എ.ക്ക്പഠിക്കുകയാണിപ്പോൾ ഈ മിടുക്കിക്കുട്ടി.

വീടുനിർമ്മാണം പൂർത്തിയായപ്പോൾ ഉത്സവപ്രതീതിയോടെയാണ് നാട് അഖിലയുടെ ഗൃഹപ്രവേശനത്തിന് എത്തിയത്. നാട്ടുകാരായ പൊതുപ്രവർത്തകരുടെയും സ്‌കൂൾ അധികൃതരുടെയും ഇടപെടലാണ് കുടുംബത്തിന് സ്വന്തമായി ഭൂമി പതിച്ചുകിട്ടാൻ ഇടയാക്കിയത്. സ്‌കൂളിലെ വിദ്യാർത്ഥികൾ മുഴുവനും നാട്ടുകാരും പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

അഖിലയുടെ ഗൃഹപ്രവേശം...

Posted by Ratheesh Pilicode on Thursday, 21 January 2016