തിരുവനന്തപുരം: വർക്കലയിൽ ബന്ധുവായ യുവാവിന്റെ വെട്ടേറ്റ യുവതി കൊല്ലപ്പെട്ടതിന് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങൾ. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തി. വർക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടിൽ ഷാലു (36) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏപ്രിൽ 28നു ഉച്ചയ്ക്കാണ് സംഭവം നടന്നത്.

അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരൻ ഇങ്കി അനിൽ എന്നറിയപ്പെടുന്ന അനിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം ദിവസം തന്നെ അനിലിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാതൃ സഹോദരൻ അനിലുമായി സാമ്പത്തിക ഇടപാടുകളിൽ ഷാലുവിന് തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തിയുമായി നിന്ന് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാൻ സ്‌കൂട്ടിയിൽ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞു നിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേൽപിക്കുകയായിരുന്നു.ഷാലുവിനെ വെട്ടിയ ശേഷം അനിൽ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കൾ പൊലീസിൽ അറിയിച്ചതിനെ വിവരം തുടർന്ന് പൊലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു.

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷാലു പിന്നീട് മരിച്ചു. പ്രതിയായ ചെമ്മരുതിയിൽ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിലിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഷാലുവിന്റെ ഭർത്താവ് വിദേശത്ത് ആണ്. ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഷാലുവിന്റെ മക്കൾ നോക്കിനിൽക്കെയാണു സംഭവം. ഷാലുവിനെ രക്ഷിക്കാനെത്തിയവരെ അനിൽ കത്തിയുമായി വിരട്ടിയോടിച്ചു. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്.

ഷാലുവിനെ ആശുപത്രിയിലേക്കു മാറ്റുമ്പൊഴേക്കും ഒട്ടേറെ രക്തം നഷ്ടപ്പെട്ടിരുന്നു. ഷാലുവിന്റെ ഭർത്താവ് സജീവ് ഗൾഫിലാണ്. അനിലും ഷാലുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും അനിലിന് പണം മടക്കി നൽകാത്തതിന്റെ പേരിലാണ് ആക്രമണമെന്നുമാണ് പൊലീസ് നൽകുന്ന സൂചന.

വെൽഡിങ് ജോലി ചെയ്യുന്ന അനിൽ ഏറെ നാൾ ഗോവയിലായിരുന്നു. ഒന്നരമാസമായി നാട്ടിലുണ്ട്. അയിരൂരിലെ സ്വകാര്യ പ്രസിൽ ഡിടിപി ഓപ്പറേറ്ററാണ് ഷാലു.