- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചവറയിൽ കാര്യങ്ങൾ യുഡിഎഫിന് അനുകൂലം; സ്ഥാനാർത്ഥിയുടെ കാര്യത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല; മുന്നണിയിലെ പ്രബലൻ ഷിബു ബേബി ജോൺ തന്നെ സ്ഥാനാർത്ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബിന്ദു കൃഷ്ണ; വൻഭൂരിപക്ഷത്തിൽ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും ഡിസിസി അധ്യക്ഷ; ഔദ്യോഗികമായ പ്രഖ്യാപനം വരും മുമ്പേ മണ്ഡലത്തിൽ ഷിബു ബേബി ജോണിനായി പ്രചരണം തുടങ്ങി യുഡിഎഫ്
കൊല്ലം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന കുട്ടനാട്ടിൽ ആര് യുഡിഎഫ് സ്ഥാനാർത്ഥിയാകും എന്നതിനെ ചൊല്ലി കടുത്ത തർക്കം തന്നെ മുന്നണിയിൽ നിലനിൽക്കുന്നുണ്ട്. അതേസമയം ചവറയുടെ കാര്യത്തിൽ യുഡിഎഫിനുള്ളിൽ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ മുന്നണിയിലെ കരുത്തനായ ആർഎസ്പി നേതാവ് ഷിബു ബേബി ജോണാനാണ് മത്സരിക്കുക. മുന്നണിക്കുള്ളിൽ യാതൊരു പ്രശ്നങ്ങളും ഇല്ലാത്തതു കൊണ്ട് ഷിബുവിന് വേണ്ടി പ്രചരണം യുഡിഎഫ് തുടങ്ങിക്കഴിഞ്ഞു.
ഷിബു ബേബി ജോൺ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഡി.സി.സി അദ്ധ്യക്ഷ ബിന്ദുകൃഷ്ണയും അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവർ അറിയിച്ചു. ചവറയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യു.ഡി.എഫ് പ്രവർത്തനം തുടങ്ങിയിരുന്നു. വൻഭൂരിപക്ഷത്തിൽ തന്നെ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കും. മണ്ഡലത്തിൽ യു.ഡി.എഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോൺ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ എല്ലായ്പ്പോഴും നിൽക്കുന്ന നേതാവാണ്. വിജയം ഇവിടെ സുനിശ്ചിതമാണ്. പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് എല്ലാവർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കണമെന്നാണ് യു.ഡി.എഫിന് പറയാനുള്ളതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കും എന്നറിഞ്ഞതിന് തൊട്ടുപിന്നാലെ ചവറയിൽ ഷിബു ബേബി ജോണിനായി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ. കഴിഞ്ഞ തവണ സി.എംപിക്ക് നൽകിയ സീറ്റിൽ ഇത്തവണ സിപിഎം സ്ഥാനാർത്ഥിയാകും മത്സരിക്കുക എന്നാണ് സൂചനയുള്ളത്. അതേസമയം വിജയൻ പിള്ളയുടെ മകനും സ്ഥാനാർത്ഥിയാകാൻ സാധ്യത നിലനിൽക്കുന്നു. ചവറ നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർ.എസ്പിക്കാരനല്ലാത്ത ഒരാൾ കഴിഞ്ഞ തവണ വിജയിച്ചത്. ഇടതു മുന്നണി സി.എംപിക്ക് നൽകിയ സീറ്റിൽ സ്വതന്ത്രനായി മത്സരിച്ച വിജയൻപ്പിള്ള ഷിബു ബേബി ജോണിനെ തോൽപ്പിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് ചവറയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിജയൻ പിള്ളയുടെ മകൻ, സി പി എമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ, ഏരിയാ സെക്രട്ടറി, വനിതയായ മുൻ കൊല്ലം മേയർ തുടങ്ങിയവരാണ് സി പി എമ്മിന്റെ പരിഗണനയിലുള്ള സ്ഥാനാർത്ഥികൾ. യുഡിഎഫിലും ആർ എസ് പി യിലും മുന്മന്ത്രിയായ ഷിബു ബേബി ജോണിന്റെ പേര് മാത്രമെയുള്ളു. ഏതാനും ദിവസങ്ങൾക്കകം തന്നെ ഷിബുവിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ബിജെപി ക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണെങ്കിലും സംസ്ഥാന നേതാക്കളിലാരെങ്കിലും മൽസരിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആഗ്രഹം.
അതേസമയം കുട്ടനാട്ടിലെ സീറ്റ് വിഭജനം യു.ഡി.എഫിന് വലിയ തലവേദനായാകും. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ജോസ് വിഭാഗം യുഡിഎഫിലേക്കോ ഇടതുമുന്നണിയിലേക്കോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടുമില്ല. ഇടതുമുന്നണിയിലേക്കടുപ്പിക്കാൻ സിപിഎം കരുക്കൾ നീക്കിത്തുടങ്ങി. യു.ഡി.എഫ് വിട്ടെന്ന് പ്രഖ്യാപിച്ചാൽ ചർച്ചയാകാമെന്ന് സിപിഐ സിപിഎമ്മുമായി ഇന്നലെ നടത്തിയ ചർച്ചയിൽ സമ്മതിച്ചു.
കുട്ടനാട് സീറ്റിൽ മൽസരിക്കുമെന്ന് പി.ജെ. ജോസഫ് അറിയിച്ചിട്ടുണ്ട്. യുഡിഎഫിൽ ധാരണയായതാണ് ഇക്കാര്യം. ജോസ് കെ. മാണി കൈകൾ കെട്ടപ്പെട്ട ചെയർമാനാണ്. സ്റ്റിയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും, ജോസിന് ശിക്ഷ ഉറപ്പെന്നും പി.ജെ. ജോസഫ് തൊടുപുഴയിൽ പറഞ്ഞു. കുട്ടനാട്ടിലെ സീറ്റ് തർക്കം പരിഹരിക്കാനുള്ള പ്രാപ്തി ഐക്യജനാധിപത്യ മുന്നണിക്ക് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജുവും അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് തർക്കം വൈകാതെ പരിഹരിക്കപ്പെടും. മികച്ച വിജയമാണ് മുന്നണി കുട്ടനാട്ടിൽ ലക്ഷ്യമിടുന്നതെന്നും ലിജു ആലപ്പുഴയിൽ പറഞ്ഞു.
എൻ സി പി നേതൃത്വം പറഞ്ഞാൽ കുട്ടനാട്ടിൽ മത്സരിക്കാൻ തയ്യാറെന്ന് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ്. സി പി എമ്മിന്റെ പൂർണ്ണ പിന്തുണ ഉണ്ട്. തോമസ് ചാണ്ടിയുടെ കുടുംബത്തിന്റെ താത്പര്യം നേരത്തേ തന്നെ എൻസിപി നേതൃത്വത്തെ അറിയിച്ചതാണ്. എൻസിപിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ