- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രദീപ് കോട്ടാത്തലയുടെ ഗുണ്ടാസംഘം ദേശീയപാതയ്ക്ക് നടുവിൽ കാർ നിർത്തി ചാടിയിറങ്ങി പോരിന് അടുത്തു; യൂത്ത് കോൺഗ്രസുകാർക്ക് തലങ്ങും വിലങ്ങും മർദ്ദനം; വനിതാ നേതാവ് നിഷ സുനീഷിന്റെ കൈപിടിച്ച് തിരിച്ച് ചെവി പൊട്ടുന്ന അസഭ്യം; എല്ലാറ്റിനും കാഴ്ചക്കാരനായി ഗണേശ് കുമാർ; ചവറസംഭവത്തിൽ പ്രദീപിനെതിരെ നിഷയുടെ പരാതി
കൊല്ലം: ഗണേശ് കുമാറിന് നേരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ എംഎൽഎയുടെ മുൻ പി.എ പ്രദീപ് കോട്ടാത്തല നേരിട്ടത് സിനിമാ സ്റ്റൈലിൽ. എംഎൽഎയുടെ വാഹനത്തിന് പിന്നാലെ ഗുണ്ടാ സംഘത്തെ പോലെയാണ് പ്രദീപും സംഘവും സ്വിഫ്റ്റ് കാറിൽ അകമ്പടി സേവിച്ചിരുന്നത്. പന്മനയിലെ തിരഞ്ഞെടുപ്പ് പ്രചാരണ സ്ഥലത്തേക്ക് പോകുന്നതിനിടയിൽ പ്രതിഷേധമുണ്ടാകാൻ ഇടയുണ്ടെന്ന മുൻകരുതലിൽ തന്നെയായിരുന്നു ഇവർ. ചവറ ശങ്കരമംഗലത്ത് വൈകുന്നേരം നാലരയോടെ എത്തിയപ്പോഴാണ് പ്രതിഷേധക്കാർ വാഹനത്തിന് മുന്നിലേക്ക് ചാടിയിറങ്ങിയത്. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. പിന്നെ നടന്നത് സിനിമയെ വെല്ലുന്ന കാഴ്ചകൾ.
എംഎൽഎയുടെ വാഹനത്തിന് പിന്നാലെ എത്തിയ പ്രദീപും സംഘവും കാർ ദേശീയപാതയ്ക്ക് നടുവിൽ നിർത്തി ചാടിയിറങ്ങുന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തലങ്ങും വിലങ്ങും വിലങ്ങും മർദ്ദിച്ചു. ഇതിനിടെ എംഎൽഎയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞ് തകർത്തു. വനിതാ പ്രവർത്തകരെയും വെറുതെ വിട്ടില്ല. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നിഷാ സുനീഷിനെ പ്രദീപ് കൈ പിരിച്ച് തിരിക്കുകയും കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുകയുമായിരുന്നു. അതുൽ, റിനോഷാ എന്നീ പ്രവർത്തകരെ എംഎൽഎയുടെ ഗുണ്ടാ സംഘം നല്ല രീതിയിൽ കൈകാര്യം ചെയ്തു. വെട്ടിക്കവലയിൽ കണ്ടപോലെ തന്നെ ഇത്തവണയും എംഎൽഎ വാഹനത്തിൽ കാഴ്ചക്കാരനെ പോലെ ഇരിക്കുന്നുണ്ടായിരുന്നു. പൊലീസ് പാഞ്ഞ് എത്തിയെങ്കിലും പ്രദീപും കൂട്ടരും പിന്മാറിയില്ല. പിന്നീട് ഇവരെ പൊലീസ് കാറിൽ കയറ്റി വിടുകയാണുണ്ടായത്. പ്രതിഷേധിച്ചവരെ മാത്രം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവമറിഞ്ഞ് സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ചവറ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. പൊലീസ് കസ്റ്റിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽക്കയറി ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കാൻ ശ്രമിച്ചതോടെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി. ഇതിനിടെ കല്ലേറിൽ അഡീഷനൽ എസ്ഐ മണികണ്ഠനു പരുക്കേറ്റു. 2 മണിക്കൂറോളം ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് സ്റ്റേഷൻ ഉപരോധിച്ച ഡിവൈഎഫ്ഐക്കാരെ ഉന്നത നേതാക്കളെത്തി പിന്തിരിപ്പിച്ചു. എംഎൽഎയുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞതിൽ പ്രതിഷേധിച്ച് പത്തനാപുരം നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് പ്രകടനം നടത്തി
വനിതാ പ്രവർത്തകരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പ്രദീപ് കോട്ടാത്തലയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും മർദ്ദിച്ചതിനും നിഷാ സുനീഷ് പരാതി നൽകി. മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ തുടരവെയാണ് പ്രദീപ് പത്തനാപുരത്തും ചവറയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്. കാസർകോഡ് ക്രൈംബ്രാഞ്ച് സംഘം മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപിനെ ചോദ്യം ചെയ്യാനിരിക്കെ പ്രദീപിന്റെ നേതൃത്തിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ ജാമ്യവ്യവസ്ഥ റദ്ദാക്കാനായി മർദ്ദന ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും നിഷ മറുനാടനോട് പറഞ്ഞു.
അതേ സമയം കൊല്ലം ജില്ലയിലെമ്പാടും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കടുത്ത പ്രതിഷേധം നടത്തുകയാണ്. കൊല്ലം ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വിഷ്ണു സുനിലിന്റെ നേതൃത്വത്തിൽ കെ.ബി ഗണേശ്കുമാറിന്റെ കോലം ചങ്ങലയ്ക്കിട്ടു ബന്ധിച്ച് വലിച്ചിഴച്ച് പ്രതിഷേധം നടത്തി.
പത്തനാപുരത്തും ചവറയിലും പ്രതിഷേധം തുടരുകയാണ്. എംഎൽഎ ഓഫീസിനും വീടിനും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. എ.എൽ.എയെ കൈവച്ചാൽ വെറുതെ ഇരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്സുകാർക്ക് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.