കൊല്ലം: കത്തിക്കയറുന്ന വിവാദങ്ങൾ എങ്ങിനെ എങ്കിലും അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടും സിപിഎമ്മിന്റെ തലയ്ക്ക് മുകളിൽ തൂങ്ങിയ വാളായി മാറിയിരിക്കുകയാണ് ജാസ് ടൂറിസം കമ്പനിയും രാഹുൽ കൃഷ്ണയും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ സമ്മർദ്ധത്തിലാക്കി പണം തിരികെ മേടിക്കാനാണ് കമ്പനിയുടെ ശ്രമം.

പണം നൽകി കേസ് സെറ്റിൽ ചെയ്യാൻ മധ്യസ്ഥരുണ്ടെങ്കിലും ഇത്രയും പണം ഒരുമിച്ച് നൽകിയാൽ ഉണ്ടാകുന്ന പുതിയ വിവാദത്തെ ഓർത്ത് അൽപം കൂടി സാവകാശം വാങ്ങാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാൽ സിപിഎമ്മിന്റെ ഈ മെല്ലെ പോക്കിനോട് ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അൽ മർസൂഖിക്കും രാഹുൽ കൃഷ്ണക്കും എതിർപ്പാണ്. ഒഴിവു കഴിവ് പറഞ്ഞ് വീണ്ടും സമയം നീട്ടുമെന്നാണ് ഇവരുടെ ആശങ്ക. അതിനാൽ സിപിഎമ്മിനെ ഏതു വിധേനയും സമ്മർദ്ദത്തിലാക്കി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പണം തിരിച്ചു പിടിക്കാനാണ് ഇവരുടെ നീക്കം.

തങ്ങളെ കബളിപ്പിച്ച് ബിനോയ് കോടിയേരി തട്ടിയെടുത്ത 13 കോടിയും ശ്രീജിത്ത് തട്ടിച്ച 10 കോടിയും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുന്നേ നൽകിയില്ലെങ്കിൽ സിപിഎമ്മിനെ തകർക്കാൻ കെൽപ്പുള്ള പുതിയ തെളിവുകൾ പുറത്തു വിടുമെന്നാണ് മർസൂഖിയും രാഹുൽ കൃഷ്ണയുടേയും ഭീഷണി. നിലവിൽ വിവാദത്തിൽപ്പെട്ട മുതിർന്ന നേതാക്കളുടെ മക്കൾക്ക് പുറമേ മറ്റ് ചില നേതാക്കളുടെ തട്ടിപ്പുകളും ജീവിത രീതികളും പുറത്തു വിടുമെന്നാണ് ഇവർ ഇപ്പോൾ ഭീഷണി നടത്തിയിരിക്കുന്നത്.

ഇതിൽ ഒരു പ്രമുഖ നേതാവിന്റെ മകളും ഉൾപ്പെട്ടതായും ഇവർ സൂചിപ്പിക്കുന്നു. പ്രമുഖ നേതാവിന്റെ മകളും ഇതിൽപ്പെടുന്നു. രവി പിള്ളയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയാണ് ഇവർ. ഇവരുടെ സാമ്പത്തിക തട്ടിപ്പുകൾ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മറ്റു ചില കാര്യങ്ങൾ തെളിവു സഹിതം പുറത്തു വിട്ടാൽ സിപിഎം അടിമുടി ഉലയും. അതിനാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് വിലപേശൽ.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയ്, ബിനീഷ്, ചവറയിലെ ഇടത് എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത്, ഇ.പി. ജയരാജന്റെ മകൻ എന്നിവർക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കാശിന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ സിപിഎമ്മിനെ അടിമുടി ഉലയ്ക്കുന്ന പുത്തൻ തെളിവുകൾ പുറത്തു വിടാനാണ് രാഹുൽ കൃഷ്ണയും മർസൂഖിയും ഒരുങ്ങുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ചവറ എംഎൽഎ വിജയൻപിള്ളയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും രാഹുൽ കൃഷ്ണ കണ്ടിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പണം നൽകാമെന്ന് ഇരു നേതാക്കളും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ പണം ലഭിച്ചില്ല. ഇനി സമയം നീട്ടി നൽകിയാൽ ഇതാവർത്തിക്കുമെന്ന് ഇവർ കരുതുന്നു.