കണ്ണൂർ: ചെഗുവേരയെ കൊലയാളിയാക്കി ചിത്രീകരിച്ച് സിപിഐ(എം) പാർട്ടിഗ്രാമങ്ങളിലൂടെ ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ പര്യടനം. കാസർഗോഡ് ജില്ലയിൽ ചീമേനിയിൽ കൊടി ഉയർത്തുകയും പദയാത്ര നടത്തുകയും ചെയ്ത ആവേശത്തിലാണ് കണ്ണൂർ ജില്ലയിലെ ബിജെപി. നേതാവിന്റെ പര്യടനം.

ചെങ്കൊടിയും ചെഗുവേര ചിത്രങ്ങളും പാർട്ടി സ്തൂപങ്ങളും സിപിഎമ്മുകാർക്കും പ്രത്യേകിച്ച് ഡിവൈഎഫ്ഐക്കാർക്കും അവരുടെ ജീവരക്തം പോലെയാണ്. ചെഗുവേര ചിത്രങ്ങൾ ആലേഖനം ചെയ്ത ബനിയനുകളും തൊപ്പികളും അവർ ധരിക്കുന്നത് കളങ്കമില്ലാത്ത ആരാധന കൊണ്ടു തന്നെയാണ്. ആരാധനാ മൂർത്തി പോലെ അവർ പ്രതിഷ്ഠിച്ച ചെഗുവേരയെ കടന്നാക്രമിക്കുകയാണ് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറിയായ എ. എൻ.രാധാകൃഷ്ണൻ.

ഫിദൽ കാസ്ട്രോ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ചെഗുവേര കറുത്ത വർഗ്ഗക്കാരായ 200 തടവുകാരേയും ഗർഭിണിയായ ഒരു സ്ത്രീയേയും വെടിവച്ചു കൊന്ന നേതാവാണെന്നും അത്തരത്തിലുള്ള വ്യക്തിയെയാണ് നിങ്ങൾ ആദരിക്കുന്നതെന്നുമാണ് രാധാകൃഷ്ണന്റെ പ്രസംഗം. അതും കണ്ണൂർ ജില്ലയിൽ സിപിഎമ്മിനെ ചോദ്യം ചെയ്യാനാവാത്ത ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, ധർമ്മടം, അഴീക്കോട്, കല്ല്യാശ്ശേരി, പയ്യന്നൂർ എന്നീ കേന്ദ്രങ്ങളിൽ.

മന്ത്രിസ്ഥാനം ഉപേക്ഷിച്ച് ബൊളീവിയൻ കാടുകളിൽ ഗറില്ലാ യുദ്ധത്തിനിറങ്ങിയ ചെഗുവേര തങ്ങൾക്ക് എല്ലാറ്റിനും മീതെയാണെന്ന് സിപിഐ(എം) പ്രവർത്തകനായ പാർട്ടിഗ്രാമത്തിലെ അജിത്ത് മണ്ടേൻ പറയുന്നു. അധികാരമല്ല പ്രധാനം, പോരാട്ടമാണെന്ന് ജീവിതത്തിലൂടെ കാട്ടിത്തന്ന ചെഗുവേരയെ നെഞ്ചിലേറ്റി നടക്കുന്ന പ്രവർത്തകർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ബിജെപി. നേതാവിന്റെ ചെഗുവേരവിരുദ്ധ പ്രസംഗം.

ചെഗുവേരയെ മാത്രമല്ല സംസ്ഥാന സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നേരേയും രാധാകൃഷ്ണൻ പ്രചരണയാത്രയിലുടനീളം വിമർശിച്ചു. ചെഗുവേരയുടെ പ്രേതം കോടിയേരിയിൽ കുടിയിരിക്കയാണെന്ന് രാധാകൃഷ്ണൻ പരിഹസിച്ചു. ചെഗുവേരയുടെ ചിത്രങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ച രാധാകൃഷ്ണന്റെ നിലപാടിനെതിരെ സിപിഐ(എം) പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

അവിടങ്ങളിൽ ചാണകവെള്ളം തളിക്കുകയും ചെയ്തു. സി.പിഎമ്മിന്റെ ഈ നടപടിയെ രാധാകൃഷ്ണൻ കണക്കറ്റ് പരിഹസിച്ചു. ഈ പ്രവൃത്തിയിലൂടെയെങ്കിലും ഗോമാതാവിന്റെ പ്രാധാന്യത്തെക്കുറിച്ച് സിപിഐ(എം) അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് രാധാകൃഷ്ണൻ കണ്ണൂർ ജില്ലയിലെ സ്വീകരണ യോഗങ്ങളിൽ പറഞ്ഞു.

വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ദേവഗിരി കോളേജിൽ ചെഗുവേരയുടെ ചരമദിനം ആചരിച്ച എസ്.എഫ്.ഐ. യൂണിറ്റ് പിരിച്ചു വിട്ടതായും രാധാകൃഷ്ണൻ പ്രസംഗത്തിൽ പരാമർശിച്ചു. ഇപ്പോൾ മഹാത്മാ ഗാന്ധിയുടേയും ശ്രീനാരായണ ഗുരുവിന്റേയും സ്വാമി വിവേകാന്ദന്റേയും ചിത്രങ്ങൾക്കൊപ്പം ഡിവൈഎഫ്ഐക്കാർ ചെഗുവേര ചിത്രങ്ങൾ സ്ഥാപിക്കുകയാണ്.

കൊച്ചിയിൽ നടക്കാനിരിക്കുന്ന ഡിവൈഎഫ്ഐ യുടെ ദേശീയസമ്മേളന വേദിയിൽ നിന്നും ചെഗുവേര ചിത്രങ്ങൾ സിപിഎമ്മുകാർ തന്നെ എടുത്തു മാറ്റേണ്ട അവസ്ഥയുണ്ടാകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.