കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കൊടുങ്ങല്ലൂർ വെള്ളംപത്ത് വീട്ടിൽ ബാലകൃഷ്ണനെയാണ് (77) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശ ജോലിക്ക് ഉദ്യോഗാർഥികളെ കൊണ്ടുപോകാനുള്ള ലൈസൻസ് ഇല്ലാതെയായിരുന്നു കുമാർ ട്രാവൽസ് എന്ന പേരിൽ പ്രതി റിക്രൂട്ടിങ് സ്ഥാപനം നടത്തിയിരുന്നത്. കോവിഡ് വ്യാപനമായതിനാൽ വിദേശത്തേക്ക് ജോലിക്ക് ധാരാളം ഉദ്യോഗാർഥികളെ ആവശ്യമുണ്ടെന്ന രീതിയിൽ പരസ്യം നൽകിയാണ് വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിക്കെതിരെ നിരവധിപേർ പരാതിയുമായി സെൻട്രൽ പൊലീസിനെ സമീപിച്ചിട്ടുണ്ട്. എറണാകുളം സെൻട്രൽ എ.സി.പി ജയകുമാർ, സെൻട്രൽ സിഐ വിജയശങ്കർ, എസ്‌ഐമാരായ ആനി ശിവ, ഫുൾജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.