കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക പി.വി.ജാനകിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ അരുൺകുമാറിനെ നാട്ടിലെത്തിച്ചത് ബന്ധുക്കളുടെ സഹായത്തോടെ. അരുണിനെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഗൾഫിലേക്ക് കടന്ന അരുണിനെ വ്യാഴാഴ്ച രാത്രിയാണ് നാട്ടിലെത്തിച്ചത്. മാതൃസഹോദരീപുത്രൻ ശ്രീനിവാസനാണ് പൊലീസിന്റെ നിർദ്ദേശപ്രകാരം അരുണിനെ നാട്ടിലേക്ക് കയറ്റി വിട്ടത്.

അരുൺകുമാറിന് 17,500 രൂപ കടമുണ്ടായിരുന്നു. ഇത് വീട്ടനായിരുന്നു കൊല. രണ്ട് സുഹൃത്തുക്കളേയും ഒപ്പം കൂട്ടി. ഏതെങ്കിലും വീട് കവർച്ചചെയ്യണമെന്നേ പുലിയന്നൂർ കൊലപാതകക്കേസിലെ പ്രതികൾ ഉദ്ദേശിച്ചുള്ളൂ. ഏതെങ്കിലും വീട്ടിൽ കയറി കവർച്ച നടത്താൻ തീരുമാനിച്ചു. പ്രതികളിലൊരാളുടെ താത്പര്യക്കേട് കാരണം ആദ്യം തിരഞ്ഞെടുത്ത വീട് വേണ്ടെന്നുെവച്ചു. മറ്റൊരുദിവസം ഈ ആലോചന നടക്കുന്നത് കളത്തേര വീട്ടിനുമുന്നിൽെവച്ചായിരുന്നു. എന്നാൽ ഈ വീട് കവർച്ച ചെയ്യാമെന്നും ഉറപ്പിച്ചു. മാഷിന്റെയും ടീച്ചറുടെയും പെൻഷൻതുകയും മറ്റുപണവും സ്വർണവും വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ഇതിന് കാരണം, ആളെ തിരിച്ചറിഞ്ഞത് പിടിക്കപ്പെടാൻ ഇടയാകുമെന്നതിനാൽ ടീച്ചറെ കൊലപ്പെടുത്തുകയായിരുന്നു.

അരുൺ കുമാറിന്റെ മൊഴി ഇങ്ങനെ-മൂന്നുപേരും മുഖംമൂടി ധരിച്ചിട്ടുണ്ടായിരുന്നു. കൃഷ്ണൻ മാഷിന്റെയും ടീച്ചറുടെയും മുഖത്ത് ടേപ്പ് ഒട്ടിച്ചു. ടേപ്പ് ശരിക്ക് ഒട്ടിയിരുന്നില്ല. ടീച്ചറെ സോഫയിലിരുത്തി. ഞാൻ മുട്ടുകുത്തിനിന്നു. ആഭരണങ്ങൾ എവിടെയുണ്ടെന്നും പണം വെച്ച സ്ഥലം പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടു. പണവും സ്വർണവും മതി കൊല്ലില്ലെന്നു കൂടി പറഞ്ഞു. മറ്റുരണ്ടുപേർ അകത്തുപോയി സ്വർണവും പണവും എടുക്കുമ്പോഴും ഞാൻ ടീച്ചർക്കുമുൻപിൽത്തന്നെയുണ്ടായിരുന്നു.

പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് ഞാൻ മുഖംമൂടി പാതിനീക്കി. മുഖത്ത് കാറ്റുകിട്ടാനായിരുന്നു ഇത്. മുഖം പാതികണ്ടപ്പോൾത്തന്നെ ടീച്ചർക്ക് എന്നെ മനസ്സിലായി. മിക്കവാറും ടീച്ചറുമായി സംസാരിക്കുന്ന ആളാണ് ഞാൻ. എന്നെ ഒരുദിവസം കൃഷ്ണന്മാഷിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ടീച്ചർക്ക് എന്നെ മനസ്സിലായെന്ന് ബോധ്യപ്പെട്ടതോടെ ഞാൻ മുറിയിലേക്ക് മാറി. റനീഷിനോടും വിശാഖിനോടും പറഞ്ഞു ടീച്ചറെ കൊല്ലണം. ഇല്ലെങ്കിൽ ആപത്താണ്.

ഞാൻതന്നെ കത്തിയെടുത്ത് വീശി. കുേത്തറ്റ് ടീച്ചർ നിലത്തുവീണു. വിശാഖിനോട് മാഷെ കൊല്ലാൻ പറഞ്ഞു. അവൻ കത്തിയെടുത്ത് വീശി. മാഷിന്റെ കഴുത്തിനും മുറിവേറ്റ് ചോര ചീറ്റി. മാഷ് മരിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ കുത്താൻ ഓങ്ങി. എന്നെ കൊല്ലല്ലേ എന്ന് മാഷ് കൈകൂപ്പി പറഞ്ഞു. കുത്തേണ്ട രക്തം വാർന്ന് മരിച്ചോളുമെന്ന് വിശാഖ് പറഞ്ഞു.

അതിനുശേഷം പുറത്തേക്ക് പോയി -അരുൺകുമാർ അന്വേഷണസംഘത്തോടു പറഞ്ഞു. ഡ്രൈവിങ് പഠിക്കാൻ നീലേശ്വരത്ത് വരാറുണ്ടായിരുന്ന വിശാഖും റെനീഷും അവിടത്തെ ഒരുകടയിൽനിന്ന് മൂന്ന് മുഖംമൂടി വാങ്ങി. മറ്റൊരു കടയിൽനിന്ന് കത്തിയും വാങ്ങി. അതിന് ശേഷമാണ് കവർച്ചയ്ക്ക് എത്തിയത്. ഗൾഫിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽെവച്ച് പ്രതിയെയും പ്രതിയുടെ പാസ്പോർട്ടും പ്രവാസി കൗൺസിൽ അംഗം സുബൈർ കണ്ണൂർ ഹൊസ്ദുർഗ് ഇൻസ്പെക്ടർ സി.കെ.സുനിൽകുമാറിന് കൈമാറി.

വെള്ളിയാഴ്ച പുലിയന്നൂരിലെത്തിച്ച് തെളിവെടുത്തു. വൈകുന്നേരം നീലേശ്വരം ഇൻസ്പെക്ടർ വി.ഉണ്ണിക്കൃഷ്ണൻ പ്രതിയെ കോടതിയിലെത്തിച്ചു. മറ്റുരണ്ടുപ്രതികളായ വിശാഖ്, റെനീഷ് എന്നിവർ റിമാൻഡിലാണ്. മൂന്നുപേരെയും കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹർജി നല്കി. കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ വീണ്ടും മൂന്നുപേരെയും പുലിയന്നൂരിലെത്തിച്ച് തെളിവെടുക്കും.