കാസർഗോഡ്: ചീമേനി പുലിയന്നൂരിലെ റിട്ടയേർഡ് അദ്ധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം എങ്ങും എത്താത്ത നിലയിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ച് സമരം ആരംഭിക്കാനുള്ള ആലോചനയിലാണ്. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ വിവിധ രാഷ്ട്രീയ സംഘടനകളും നാട്ടുകാരും പ്രതിഷേധത്തിലാണ്. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അവർക്കു പോലും പ്രതീക്ഷയില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ലോക്കൽ പൊലീസിന്റെ അന്വേഷണം ഇനിയും നീട്ടാതെ ക്രൈംബ്രാഞ്ചിനെ കൊണ്ട് തുടർ അന്വേഷണം നടത്തണമെന്നാണ് ജാനകിയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

ജാനകിയെ അക്രമിച്ചത് പ്രോഫഷണൽ കവർച്ചക്കാരാണെന്ന് മാത്രമാണ് ലോക്കൽ പൊലീസിന് സമർപ്പിക്കാൻ കഴിഞ്ഞത്. കവർച്ചക്കാർ മുഖം മൂടി വാങ്ങിയത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്തെ കടയിൽ നിന്നാണെന്ന വിവരത്തിലൂടേയാണ് ഇക്കാര്യത്തിലേക്ക് പൊലീസിനെ കൊണ്ടെത്തിച്ചത്. പക്ഷേ കൊലയാളി സംഘത്തെ തിരിച്ചറിയാനോ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനോ അന്വേഷണ സംഘത്തിനായില്ല.

അക്രമി സംഘത്തിൽ പെട്ട ഒരു യുവാവിനോട് അക്രമത്തിന് ഇരയാകുമ്പോൾ ജാനകി സൂചിപ്പിച്ച വാക്കുകളിൽ പിടിച്ചും അന്വേഷണം നടന്നു. എന്നാൽ ഇക്കാര്യത്തിലും പൊലീസിന് ഏറെയൊന്നും മുന്നോട്ട് പോകാനായില്ല. മോനേ ഇവരുടെ കൂട്ടത്തിൽ നീയുമുണ്ടോ എന്ന് ജാനകി അക്രമത്തിനിടെ പറഞ്ഞതായി അവരുടെ ഭർത്താവ് കൃഷ്ണൻ മാസ്റ്റർ മംഗളൂരു ആശുപത്രിയിൽ വെച്ച് പൊലീസിന് മൊഴി നൽകിയിരുന്നു.

ആ വഴിക്കുള്ള അന്വേഷണത്തിനിടെ നാട്ടിൽ സംശയം തോന്നിയ ഏതാനും യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ കവർച്ചയും കൊലപാതകവും സംബന്ധിച്ച ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. അക്രമ ദിവസം രാത്രി വീട്ടിൽ കോളിഗ് ബെൽ അടിച്ച് വാതിൽ തുറന്നപ്പോൾ മൂന്നംഗ അക്രമി സംഘം അകത്ത് കടക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും എവിടെയെന്ന് ചോദിക്കുകയും ചെയ്തതായി കൃഷ്ണൻ മാസ്റ്റർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ജാനകിയെ ബലമായി പിടിച്ച് അവർ ശബ്ദമുണ്ടാക്കുന്നത് തടയാൻ സെല്ലോ ടാപ്പ് ഉപയോഗിച്ച് വായ മൂടുന്നതിനിടെയാണ് മോനെ ഇവരുടെ കൂട്ടത്തിൽ നീയുമുണ്ടോ എന്ന് ജാനകി പറഞ്ഞതായി കൃഷ്ണൻ മാസ്റ്റർ ഓർമ്മിക്കുന്നത്.

പ്രൊഫഷണൽ കൊലപാതക സംഘമാണ് അക്രമികളെന്ന് കരുതാൻ ജാനകിയെ മരണത്തിലേക്ക് നയിച്ച അക്രമ സ്വഭാവമാണ് ആ നിലയിലേക്ക് സൂചന നൽകുന്നത്. കഴുത്തിന് ഇരു വശവും കത്തി കുത്തി കയറ്റിയ നിലയിലാണ് കൊല്ലപ്പെട്ട ജാനകിയെ കണ്ടെത്തിയത്. തലച്ചോറിലേക്കും ശ്വാസ കോശത്തിലേക്കുമുള്ള ഞരമ്പുകൾ മുറിഞ്ഞതാണ് മരണ കാരണമായത്. ഇങ്ങിനെ കൊലപ്പെടുത്തിയാൽ ഏറെ രക്തം കാണില്ല എന്നതാണ് അക്രമികളെ പ്രേരിപ്പിച്ചത്.

സമാനമായ അക്രമമാണ് ജാനകിയുടെ ഭർത്താവ് കൃഷ്ണൻ മാസ്റ്റർക്കും നേരിടേണ്ടി വന്നത്. കൃഷ്ണൻ മാസ്റ്ററുടെ പരിക്ക് ആഴത്തിലായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്്. എന്നാൽ ഇത്തരത്തിൽ ഒരാളെ അപായപ്പെടുത്താൻ സാധാരണ കവർച്ചക്കാർക്ക് ആവില്ല. അതാണ് ഈ കൊലപാതകത്തിലെ പ്രൊഫഷണൽ സംഘത്തിലേക്ക് കാര്യങ്ങൾ എത്തുന്നത്.