ഇടുക്കി: ചീനിക്കുഴി കൊലപാതകത്തിലെ പ്രതി ഹമീദിനെതിരെ മൂത്തമകൻ ഷാജി. പിതാവ് പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്നും പ്രാണഭയത്തോടെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.'ഇളയ മകനെയും കുടുംബത്തെയും കൊല്ലുമെന്ന് ഹമീദ് ഒരുമാസം മുൻപേ പറഞ്ഞ് നടന്നിരുന്നു. ഞങ്ങളൊക്കെ പുള്ളിയുടെ ശത്രുക്കളാണ്. ഈ ലോകത്ത് പുള്ളിക്ക് ശത്രുക്കളുണ്ടെങ്കിൽ ഞങ്ങൾ മാത്രമാണ്. ഞങ്ങൾ രണ്ട് പേരെയും തീർത്തുകളയുമെന്നാണ് പലരോടും പറഞ്ഞിരിക്കുന്നത്. ഒരു ദിവസം പോലും പുറത്തിറങ്ങാനാകല്ലേ എന്നാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്.'- ഷാജി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

സ്വത്ത് തർക്കത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് ഹമീദ്(79) മകനായ മുഹമ്മദ് ഫൈസൽ(45), ഭാര്യ ഷീബ(45), മക്കളായ മെഹ്റാ, അസ്നാ എന്നിവരെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവച്ച് നൽകിയ ശേഷവും തന്നെ മകൻ നോക്കുന്നില്ല എന്ന പേരിൽ ഹമീദ് മുൻപ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന ഹമീദ് 20 വർഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനിൽ താമസിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്. ആദ്യ ഭാര്യ രണ്ട് വർഷം മുമ്പാണ് മരിച്ചത്. മകളും നേരത്തെ മരിച്ചിരുന്നു. മറ്റൊരു മകൻ വേറെയാണ് താമസം. വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയിൽ പോകാനോ മാത്രമാണ് ഇയാൾ പുറത്തിറങ്ങിയിരുന്നത്.

പരമ്പരാഗതമായി സ്വത്തുള്ള കുടുംബമായിരുന്നു ഹമീദിന്റെ. ചീനിക്കുഴിയിൽ മെഹ്‌റിൻ സ്റ്റോഴ്സെന്ന പേരിൽ പച്ചക്കറിപലചരക്ക് കട നടത്തുന്ന മകൻ മുഹമ്മദ് ഫൈസലിന്, കൊലപാതകം നടന്ന വീട് ഉൾപ്പെടുന്ന 58 സെന്റ് പുരയിടം വർഷങ്ങൾക്ക് മുമ്പ് ഇഷ്ടദാനം നൽകിയതാണ്. ഇതുകൂടാതെ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്. ആറ് ലക്ഷം രൂപയോളം ബാങ്കിലുണ്ട്. ഫൈസലിന് സ്ഥലം നൽകുമ്പോൾ മരണം വരെ ഹമീദിന് ആദായമെടുക്കാനും ഒപ്പം മകൻ ചെലവിന് നൽകാനും നിബന്ധനയുണ്ടായിരുന്നു.

മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമീദ് എന്നും വഴക്കിടുമായിരുന്നു. സ്വത്ത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ജീവിതച്ചെലവിന് കുടുംബകോടതിയിലും കേസ് നൽകിയിരുന്നു.സ്ഥലം തിരികെ നൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസൽ ഫെബ്രുവരി 25ന് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ട് മക്കളും ഒരു മുറിയിലായി ഉറക്കം. ഇത് കൂട്ടക്കൊല എളുപ്പമാക്കി. മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പൊലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. സ്വത്ത് നൽകിയിട്ടും മകൻ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹമീദ് നൽകിയ മൊഴി.