അടിമാലി: സഞ്ചാരികൾ എത്തിയാൽ പിന്നാലെ കൂടും. കൈയിൽ കിറ്റുകളോ പൊതികളോ ഉണ്ടെങ്കിൽ തട്ടിയെടുക്കും. കണ്ണുതെറ്റിയാൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 'കൊള്ള'. കഷണങ്ങളാക്കി വിൽപ്പനയ്ക്കുവച്ചിട്ടുള്ള പൈനാപ്പിളും മാങ്ങയും എന്നുവേണ്ട കണ്ണിൽക്കണ്ടതെല്ലാം നിമിഷങ്ങൾക്കുള്ളിൽ കൈക്കലാക്കി സ്ഥംവിടും. തടയാനെത്തിയാൽ അക്രമാസക്തരായും കലപിലകൂട്ടിയും പ്രതിഷേധം.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തെ ചീയപ്പാറയിൽ ചുറ്റിക്കറങ്ങുന്ന വാനരകൂട്ടത്തെക്കുറിച്ച് ഇവിടുത്തെ വ്യാപാരികൾ നൽകുന്ന വിവരണം ഇങ്ങിനെ.കൂടെക്കൂടിയും കുസൃതി കാട്ടിയും ഇവിടെ ചുറ്റിക്കറങ്ങുന്ന വാനരക്കൂട്ടം സഞ്ചാരികൾക്ക് ചിപ്പോഴൊക്കെ മനസ്സ് നിറയ്ക്കുന്ന കൗതുക കാഴ്ചകളും സമ്മാനിക്കുന്നുണ്ട്.

ഇവിടുത്തെ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. സഞ്ചാരികളുടെ വരവ് വർദ്ധച്ചതോടെ കോളടിച്ചത് ഇവിടുത്തെ വാനരപ്പടയ്ക്കാണ്. ഇവരെ അടുത്തുകാണാൻ സഞ്ചാരികൾ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങി നൽകുക പതിവാണ്. ബിസ്‌ക്കറ്റും പഴങ്ങളുമെല്ലാം ഇതോടെ ഇവരുടെ ഭക്ഷണമെനുവിലെ സ്ഥിരം വിഭവങ്ങളായി മാറിക്കഴിഞ്ഞു.

ഇക്കൂട്ടരുടെ ലീലാവിലാസങ്ങൾ ചിലപ്പോഴൊക്കെ സഞ്ചാരികളെ തീ തീറ്റിക്കുന്നുമുണ്ട്. കുട്ടികളുടെ കൈയിലിരിക്കുന്ന പൊതികൾ തട്ടിയെടുക്കാൻ വാനരക്കൂട്ടം നടത്തുന്ന ശ്രമം കൂടെയുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും 'വിറപ്പി'ക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

വാഹനങ്ങളുടെ ഗ്ലാസ്സുകൾ അടയ്ക്കാൻ മറന്നാലും ഇവർ പണിതരും. വാഹനങ്ങളുടെ ചുറ്റും നടന്ന് പരിശോധന നടത്തിയ ശേഷം തുറന്നു കിടക്കുന്ന ഭാഗത്തുകൂടി ഇവർ വാഹനത്തിനുള്ളിൽ പ്രവേശിക്കും. ഭക്ഷ്യവസ്തുക്കൾ കൈക്കലാക്കുകയാണ് ലക്ഷ്യം. ഇതിനായി കണ്ണിൽക്കണ്ടതെല്ലാം വലിച്ചുവാരിയിടും. ഇതിനിടയിൽ വിലപിടിപ്പുള്ള ഇലട്രോണിക് ഉപകരണങ്ങൾ നശിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഈ ഭാഗത്ത് വനമധ്യത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വർഷങ്ങൾക്ക് മുമ്പ് പാതയോരങ്ങളിൽ കുരങ്ങുകളെ കാണുന്നത് തന്നെ അപൂർവ്വമായിരുന്നു. ഇന്ന് നേര്യമംഗലം മുതൽ അടിമാലിക്കടുത്തുവരെയുള്ള ഒട്ടുമിക്ക പ്രദേശത്തും ഇവർ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. ചിലയിടങ്ങളിൽ പാതയോരങ്ങളിലെ ഹോട്ടലുകളിലെ തീന്മേശകളിൽ വരെ ഇവർ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.പ്ലേറ്റിൽ നിന്നും കൈയിലെടുക്കുന്ന ആഹാരം വായിലെത്തുമുമ്പ് തട്ടിയെടുക്കുന്ന വിരുതന്മാരും ഇവർക്കിടയിലുണ്ട്.

കുറച്ചൊക്കെ ശല്യമുണ്ടെങ്കിലും ജീവൻ രക്ഷിച്ചതും കൊലപാതകം പുറം ലോകത്തറിയിച്ചതുമുൾപ്പെടെ അതിശയകരമായ പല ഇടപെടലുകളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. തുക്കുപാറയിൽ നിന്നും നെടുമ്പാശേരിയിലേയ്ക്ക് പുറപ്പെട്ട അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ ചീയപ്പാറയ്ക്ക് സമീപം കൊക്കയിലേക്ക് പതിച്ചിരുന്നു. രാവിലെ 6.30 തോടുത്തായിരുന്നു സംഭവം.വാനരക്കൂട്ടം പതിവില്ലാതെ ഒച്ചപ്പാടുണ്ടാക്കുന്നതും റോഡിൽ തലങ്ങും വിലങ്ങും പായുന്നതും കണ്ട് ഇതുവഴിയെത്തിയ സ്വകാര്യബസ്സ് ഇവിടെ നിർത്തി. ജീവനക്കാരും യാത്രക്കാരിൽ ചിലരും പരിസരമാകെ പരിശോധിച്ചപ്പോൾ താഴ്ഭാഗത്ത് അപകടത്തിൽപ്പെട്ട കാറിൽ നിന്നും നിലവിളികൾകേട്ടു. ഉടൻ യാത്രക്കാരും ബസ്സ് ജിവനക്കാരും ചേർന്ന് പരിക്കേറ്റവരെ രക്ഷിച്ച് ആശൂപത്രിയിലെത്തിക്കുകയുമായിരുന്നു.

വാനരപ്പടയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഈ അപകടം പുറം ലോകം അറിയാൻ വൈകുമായിരുന്നെന്നും ഇത് അപകടത്തിൽപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെടാൻ വരെ കാരണമാകുമായിരുന്നെന്നുമായിരുന്നു പ്രദേശവാസികളുടെ വിലയിരുത്തൽ. ഈ സംഭവത്തിന് ശേഷം നന്ദി സൂചകമായി നാട്ടുകാർ ഇവടുത്തെ വാനരന്മാർക്കായി സദ്യയൊരുക്കിയിരുന്നു.

14-ലാം മൈൽ നിവാസിയായ കുഞ്ഞൻപിള്ളയുടെ കൊലപാതകം പുറത്തറിയിക്കുന്നതിലും വാനരന്മാർ വഹിച്ച പങ്ക് ചെറുതല്ല.ജനവാസ മേഖലയോടടുത്ത് വനത്തിൽ പാറക്കെട്ടിന് താഴെയാണ് കുഞ്ഞൻപിള്ളയുടെ ജഡം കാണപ്പെട്ടത്.

രാവിലെ പാറക്കൂട്ടത്തിന് ചുറ്റും കുരങ്ങുകൾ കൂട്ടംകൂടി ബഹളം വച്ച് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽചിലർ പരിശോധിച്ചപ്പോഴാണ് അഴുകിത്തുടങ്ങിയ കുഞ്ഞൻപിള്ളയുടെ ജഡം കണ്ടെത്തിയത്.അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞൻപിള്ളിയെ ബന്ധുക്കളടങ്ങുന്ന സംഘം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ദിവസങ്ങൾക്കുള്ളിൽ മുഴുവൻ പ്രതികളെ അകത്താക്കുകയും ചെയ്തു.