- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചകവിദഗ്ധനും സിനിമാ നിർമ്മാതാവുമായ എം വി നൗഷാദ് അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; ഭാര്യ മരിച്ച് രണ്ടാഴ്ച്ച കഴിയുമ്പോൾ നൗഷാദിന്റെയും വിയോഗം; വിട വാങ്ങിയത് രുചിയുടെ ലോകത്ത് പുതുവൈവിധ്യങ്ങൾ തീർത്ത മാസ്റ്റർ ഷെഫ്
തിരുവല്ല: സിനിമ നിർമ്മാതാവും പ്രമുഖ പാചക വിദഗ്ധനുമായ എം വി നൗഷാദ് (54) അന്തരിച്ചു. ആന്തരിക അവയവങ്ങളിൽ അണുബാധയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹവും വിടവാങ്ങുന്നത്.
പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ 'നൗഷാദ് ദ് ബിഗ് ഷെഫി'ന്റെ ഉടമയാണ്. ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് നൗഷാദിന്റേത്. തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്.
കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. മാഗസിനുകളിൽ പാചക കോളങ്ങൾ എഴുതിയും ശ്രദ്ധേയനായിരുന്നു നൗഷാദ്.
നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്. കലാ ഹൃദയമുള്ള വ്യക്തി കൂടായായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സിനിമാ നിർമ്മാണ രംഗത്തും കൈവെച്ചത്.
സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചായിരുന്നു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിലുള്ള തുടക്കം. ഈ സിനിമ കലാമൂല്യത്തിൽ ഏറെ മുന്നിലായിരുന്നു. ഇതോടെ ശ്രദ്ധേയ നിർമ്മാതാവായ അദ്ദേഹം തുടർന്നും സിനിമകൾ നിർമ്മിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു. ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകൾ: നഷ്വ.
മറുനാടന് മലയാളി ബ്യൂറോ