കോഴിക്കോട്: മുസ്ലിം മത വിഭാഗങ്ങളെല്ലാം ഒരു പോലെ എതിർത്ത വ്യക്തിയായിരുന്നു ചേകന്നൂർ മൗലവി. ഇന്ന് ചേകന്നൂർ മൗലവി എന്ന നവമാധ്യമങ്ങളിലൂടെയാണ് കൂടുതൽ പ്രചരിക്കുന്നത്.അദ്ദേഹം തുടങ്ങിവച്ച ആശയങ്ങളുമായി ഇന്ന് പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി. ചേകന്നൂർ മൗലവി വധക്കേസിലെ ഒന്നാം പ്രതി പിവി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടവിധ വരുമ്പോൾ വീണ്ടും ഇസ്ലാമിക ലോകത്ത് മൗലവിയുടെ ആശയങ്ങൾ ചർച്ചയാവുകയാണ്. ഒരു ആശയം പ്രചരിപ്പിച്ചതിന്റെപേരിൽ കൊല്ലപ്പെട്ട കേരളത്തിലെ ആദ്യ വ്യക്തിയാണ് ചേകന്നൂർ മൗലവിയെന്നും അദ്ദേഹത്തിന്റെ മരണം അഭിപ്രായ സംരക്ഷണ ദിനമായി ആചരിക്കണമെന്നുമാണ് പ്രാഫ.എം എൻ കാരശ്ശേരിയെപ്പോലുള്ളവർ ആവശ്യപ്പെട്ടിരുന്നത്.

1970കളിലാണ് ചേകന്നൂർ പി.കെ.മുഹമ്മദ് അബുൽ ഹസൻ മൗലവി എന്ന ചേകന്നൂർ മൗലവിയുടെ പേര് ഉയർന്നു തുടങ്ങിയത്. 1936ൽ എടപ്പാൾ ചേകന്നൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചേകന്നൂർ മൗലവിയുടെ വരവോടെ കേരളത്തിലെ മുസ്ലിം സമൂഹത്തിനിടയിൽ പുതിയൊരു ആശയ ശൃംഘല രൂപപ്പെടുകയായിരുന്നു. ഖുർആൻ വാക്യങ്ങൾ മാത്രമാണ് ചേകന്നൂർ മൗലവി പുതിയ ആശയങ്ങൾക്ക് തെളിവായി പറഞ്ഞിരുന്നത്. മുസ്ലിംങ്ങൾ പുലർത്തി വന്നിരുന്ന വിശ്വാസ ആചാരങ്ങൾ മാറ്റിമറിച്ചുകൊണ്ട് ഉദയം ചെയ്ത ചേകന്നൂർ മൗലവിയെയും അനുയായികളെയും തുറിച്ച കണ്ണുകളോടെയാണ് മുസ്ലിംങ്ങൾ നേരിട്ടത്. തട്ടകങ്ങൾ ഒരോന്ന് മാറ്റിയെങ്കിലും കൃത്യമായ സ്വാധീനമുണ്ടാക്കാൻ ഈ വിഭാഗത്തിന് സാധിച്ചില്ല. എന്നാൽ ബുദ്ധിശാലിയും പാണ്ഡിത്യവുമുള്ളയാളാണ് മൗലവിയെന്ന് എതിരാളികൾ വരെ പറയും. മൗലവിയുടെ തിരോധാനത്തോടെ പതിയെ ഈ ആശയധാര ക്ഷയിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം ഇന്നും ചേകന്നൂർ മൗലവി കൊളുത്തി വെച്ച ആശയങ്ങൾ ജീവിക്കുന്നത് ഖുർആൻ സുന്നത്ത് സൊസൈറ്റി എന്ന സംഘടനയിലൂടെയാണ്.

സുന്നി പശ്ചാത്തലത്തിലാണ് ചേകന്നൂർ മൗലവിയുടെ ജനനവും കുട്ടിക്കാലവും. തലക്കടത്തൂർ, പൊന്നാനി അടക്കമുള്ള വിവിധ പള്ളിദർസുകളിൽ പ്രമുഖ സുന്നി പണ്ഡിതന്മാർക്കു കീഴിൽ മൗലവി പഠനം നടത്തിയിരുന്നു. തലക്കടത്തൂർ ദർസിൽ സയ്യിദ് അബ്ദുറഹ്മാൻ ഹൈദ്രൂസ് തങ്ങളുടെ ഇഷ്ട ശിഷ്യനായിരുന്നു ചേകന്നൂർ. അറബി ഭാഷയിലും ഖുർആനിലും അഗാഥമായ പാണ്ഡിത്യം ചെറുപ്പകാലത്ത് തന്നെ സ്വായത്തമാക്കിയിരുന്നു. പൊന്നാനി കോക്കൂർ പള്ളിയിൽ ഇമാമായി ജോലി ചെയ്യുമ്പോഴാണ് നിസ്‌കാരത്തിന് ശേഷമുള്ള കൂട്ടപ്രാർത്ഥന ബിദ്അത്ത് (നവീന ആശയം ) ആണെന്ന് പറഞ്ഞ് മൗലവി തന്റെ ആശയം പ്രകടമാക്കിയത്. ഈ സംഭവത്തിന് ശേഷം മൗലവി പ്രത്യക്ഷപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുടെ ശാന്തപുരത്തെ ഇസ്ലാമിയ്യ കോളേജിൽ അദ്ധ്യാപകനായാണ്. പൊന്നാനി തൊപ്പിയും മുസ്ലിയാർ വേഷവുമണിഞ്ഞിരുന്ന ചേകന്നൂർ മൗലവി ഹാഫ് കൈ ഷർട്ടിലേക്കും ജിന്ന തൊപ്പിയിലേക്കും മാറിയത് ഇക്കാലയളവിലാണ്.

ജമാഅത്തെ ഇസ്ലാമി തട്ടകത്തിൽ നിന്നും മുജാഹിദ് കേന്ദ്രത്തിലേക്കുള്ള മൗലവിയുടെ കടന്നു വരവ് പെട്ടെന്നായിരുന്നു. മുജാഹിദ് സ്ഥാപനമായ എടവണ്ണയിലെ ജാമിഅ: നദ് വിയ്യയിൽ അദ്ധ്യാപകനായി ചേകന്നൂർ എത്തി. മലബാറിൽ സുന്നി, മുജാഹിദ് സംവാദങ്ങൾ കൊടിമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. സുന്നി പണ്ഡിതരായ ഇ.കെ അബൂബക്കർ മുസ്ലിയാർ, ഇ.കെ ഹസൻ മുസ്ലിയാർ തുടങ്ങിയ പണ്ഡിതരുമായി മുജാഹിദ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ചേകന്നൂർ മൗലവി സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നീട് മുജാഹിദുകളുടെ പ്രധാന തുറുപ്പുചീട്ടായി ചേകന്നൂർ മാറി.

പതിയെ പതിയെ ചേകന്നൂരിന്റെ താടിയും തൊപ്പിയും അപ്രത്യക്ഷമായി. പറവണ്ണ സലഫി പള്ളിയിൽ ഖത്തീബായിരിക്കെ ഇവിടെ നിന്ന് മൗലവി നിരീക്ഷണം മാസിക പുറത്തിറക്കി. ഇതിനിടെ ഖുർആനിൽ സ്വന്തമായി ഗവേഷണം നടത്തി മുസ്ലിംങ്ങൾ കേട്ടുകേൾവിയില്ലാത്ത പുതിയ ആശയങ്ങൾ മൗലവി സമൂഹത്തോടു പറഞ്ഞു. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളെ ഒരുപോലെ മൗലവി ആഞ്ഞടിക്കാൻ തുടങ്ങി. എല്ലാ മുസ്ലിം വിഭാഗങ്ങളും മൗലവിയെ ശത്രുപക്ഷത്ത് കണ്ടു.

1993 ജൂലൈ 29നാണ് ചേകന്നൂർ മൗലവിയുടെ തിരോധാനം സംഭവിക്കുന്നത്. മൗലവിയുടേതുകൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തി. ഒടുവിൽ സിബിഐ വരെ കേസ് അന്വേഷിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെയും കാരന്തൂർ മർക്കസിനെയും ഏതാനും സുന്നി പ്രവർത്തകരെയുമാണ് പരാതിക്കാർ തിരോധാനത്തിന്റെ ഉത്തരവാദികളായി ആരോപിച്ചിരുന്നത്. ഖുർആൻ ക്ലാസിനെന്നു പറഞ്ഞ് മൗലവിയെ ജീപ്പിൽ കയറ്റി കൊണ്ടുപോയി കൊല നടത്തിയെന്നാണ് ആരോപണം. എന്നാൽ സിബിഐക്കും കോടതിക്കും തെളിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചേകന്നൂർ മൗലവിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ് ഇന്നും.

ചേകന്നൂർ മൗലവിയും അനുയായികളും പിന്തുടരുന്ന ആശയങ്ങളിൽ ചിലത്

മറ്റെല്ലാ മുസ്ലിം വിഭാഗങ്ങളും വിശുദ്ധ ഖുർആൻ പ്രാമാണിക ഗ്രന്ഥമായി കാണുന്നതോടൊപ്പം പ്രവാചക വചനങ്ങളും സന്ദേശങ്ങളുമടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളെയും പ്രമാണമായി അവലംബിക്കുന്നു. ഹദീസുകളുടെ വിശ്വാസ്യത സംബന്ധിച്ച് മുസ്ലിം വിഭാഗങ്ങൾക്കിടയിൽ തർക്കമുണ്ടെങ്കിലും ചേകന്നൂർ മൗലവിയും അനുയായികളും വിശ്വസിക്കുന്നത് ഹദീസുകൾ യഹൂദ സൃഷ്ടിയായാണ്. ഖുർആൻ മാത്രമാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി അവലംബമാക്കുന്ന ഗ്രന്ഥം. ഖുർആൻ തന്നെയാണ് സുന്നത്ത് ( നബിചര്യ ) എന്നാണ് ഇവർ വിശ്വസിക്കുന്നത്.

ആരാധനാ അനുഷ്ഠാനങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ പുലർത്തുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ കാഴ്ചപ്പാട്. അഞ്ച് നേരത്തെ നിസ്‌കാരം ഖുർആൻ വിരുദ്ധമാണെന്നും മൂന്ന് നേരമാണ് നിസ്‌കാരമെന്നും ഇവർ പറയുന്നു. ബാങ്ക്, ഇഖാമത്, നിസ്‌കാരത്തിലെ അത്തഹിയാത്ത്, ഹജ്ജ് വേളയിലെ കല്ലേറ്, ചേലാകർമ്മം, സംഘടിത പ്രാർത്ഥന, സംഘടിത നിസ്‌കാരം തുടങ്ങിയ കർമ്മങ്ങളെല്ലാം ഖുർആൻ വിരുദ്ധമാണെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി വിശ്വസിച്ചു വരുന്നത്.