കോഴിക്കോട്: മലയാള നാടകസിനിമാ നടൻ ചേമഞ്ചേരി നാരായണൻ നായർ (79) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ചേമഞ്ചേരിയിലെ വീട്ടിലാണ് അന്ത്യം. ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. അരങ്ങിലും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. നാടകാഭിനയത്തിന് സംസ്ഥാന സർക്കാരിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

1946ൽ പതിനൊന്നാം വയസ്സിൽ 'സത്യവാൻ സാവിത്രി' നൃത്ത സംഗീത നാടകത്തിലൂടെയാണ് അദ്ദേഹം അരങ്ങിലെത്തിയത്. 1979ൽ 'കടലമ്മ' എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. 'നടൻ' എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. തൂവൽക്കൊട്ടാരം, മിഴിരണ്ടിലും, അമ്മക്കിളിക്കൂട് തുടങ്ങി പതിനഞ്ചോളം സിനിമയിൽ പ്രധാന വേഷമിട്ടു. ഒട്ടേറെ സീരിയലുകളിലും മുഖ്യകഥാപാത്രമായിരുന്നു. ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. 1997ൽ സംസ്ഥാന സർക്കാരിന്റെ പ്രൊഫഷണൽ നാടക മത്സരത്തിൽ പ്രത്യേക ജൂറി അവാർഡ്, 1998ൽ കേരള സംഗീത നാടക അക്കാദമിയുടെ സി ജി പരമേശ്വരൻപിള്ള സ്മാരക അവാർഡ്, 2004ൽ ഗുരുപൂജ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അച്ഛൻ: മുചുകുന്നിലെ പരേതനായ മൊകേരി രാവുണ്ണി നായർ. അമ്മ: പരേതയായ ലക്ഷ്മി അമ്മ (ചെറിയക്കുട്ടി അമ്മ). ഭാര്യ: കുന്നത്ത് ദേവിഅമ്മ. മക്കൾ: ലത, വി ടി ജയദേവൻ (അദ്ധ്യാപകൻ, പുതിയങ്ങാടി എൽപി സ്‌കൂൾ), സജീവൻ, പരേതനായ ജയപ്രകാശ്. മരുമക്കൾ: രാമൻ, രമണി, മഡോണ (ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി, കോഴിക്കോട്), നിർമ്മിത.